ഗാസിയാബാദ്(ഉത്തര്‍പ്രദേശ്) : കാര്‍ സ്‌ത്രീധനം നല്‍കിയില്ലെന്നാരോപിച്ച് മുത്തലാഖ് ചൊല്ലിയതിന് ഭര്‍ത്താവുള്‍പ്പടെ അഞ്ച് പേര്‍ക്കെതിരെ പരാതി നല്‍കി യുവതി. ഗാസിയാബാദ് പൊലീസ് സ്‌റ്റേഷന്‍ പരിധിയിലെ കോട്ട്‌വലിയിലാണ് സംഭവം. കയില ഭട്ടില്‍ താമസിക്കുന്ന റുബിനയാണ് പരാതിക്കാരി.
2017ലാണ് റുബിന, ഇമ്രാന്‍ സെയ്‌ഫ് എന്നിവരുടെ വിവാഹം നടന്നത്. ഇവര്‍ക്ക് നാല് വയസുള്ള കുട്ടിയുണ്ട്. നിശ്‌ചയിച്ചുറപ്പിച്ച സ്‌ത്രീധനം നല്‍കാത്തതിനെ തുടര്‍ന്ന് തന്നെ ഭര്‍തൃ വീട്ടുകാര്‍ ഉപദ്രവിച്ചിരുന്നുവെന്ന് യുവതി പരാതിയില്‍ പറയുന്നു.
വിവാഹം കഴിഞ്ഞ അന്നുമുതല്‍, സ്‌ത്രീധനമായി കാര്‍ നല്‍കിയില്ല എന്നുപറഞ്ഞ് മാനസികമായും ശാരീരികമായും ഭര്‍ത്താവും വീട്ടുകാരും പീഡിപ്പിക്കുകയാണ്. പൊലീസില്‍ പരാതിപ്പെട്ടപ്പോള്‍ വിട്ടുവീഴ്‌ചയ്‌ക്ക് തയ്യാറാണെന്നറിയിച്ച് വിളിച്ചു. പക്ഷേ പിന്നീട് ജോലിക്കാണെന്ന വ്യാജേന ഭര്‍ത്താവ് രാജസ്ഥാനിലേയ്‌ക്ക് പോയ സമയം തന്നെ മാതാപിതാക്കളുടെ വീട്ടില്‍ കൊണ്ടാക്കി.
ഈ സമയം ഭര്‍തൃവീട്ടുകാര്‍ തന്‍റെ ആഭരണങ്ങള്‍ കൈക്കലാക്കി. ശേഷം ഭര്‍ത്താവ് തന്നെ ഫോണില്‍ വിളിച്ച് മുത്തലാഖ് ചൊല്ലിയ ശേഷം ഉടന്‍ കോള്‍ വിച്ഛേദിച്ചുവെന്നും യുവതി പരാതിയില്‍ പറഞ്ഞു. പ്രതികള്‍ക്കെതിരെ കേസ് രജിസ്‌റ്റര്‍ ചെയ്‌തിട്ടുണ്ടെന്നും അന്വേഷണം പുരോഗമിക്കുകയാണെന്നും ഉടന്‍ അറസ്റ്റുണ്ടാകുമെന്നും ഗാസിയാബാദ് സ്‌റ്റേഷന്‍ ഇന്‍ചാര്‍ജ് അമിത് കുമാര്‍ ഖാരി പറഞ്ഞു.