ഓംഗോൾ: ആന്ധ്രാപ്രദേശിലെ പ്രകാശം ജില്ലയിലെ ജില്ലെല്ലപ്പാട് ഗ്രാമത്തിന് സമീപം യുവതിയെ ക്രൂരമായി കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി. ഹൈദരാബാദ് സ്വദേശിനിയായ സോഫ്‌റ്റ്‌വെയർ എഞ്ചിനിയർ രാധയെയാണ് (35) കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്. സാമ്പത്തിക ഇടപാടുകളാണ് കൊലപാതകത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. സംഭവത്തിൽ യുവതിയുടെ സുഹൃത്തായ കേതിറെഡ്ഡി കാശിറെഡ്ഡി എന്നയാൾക്കായി പൊലീസ് തെരച്ചിൽ ആരംഭിച്ചു.
ഹൈദരാബാദിൽ സ്ഥിരതാമസമാക്കിയ രാധയും ഭർത്താവ് കെ മോഹൻ റെഡ്ഡിയും ഒരു കുടുംബ ചടങ്ങിൽ പങ്കെടുക്കാനാണ് ജില്ലേല്ലപ്പാട് ഗ്രാമത്തിലെത്തിയത്. ഇതിനിടെ ബുധനാഴ്‌ച വൈകുന്നേരം ഒരു സുഹൃത്തിനെ കാണാൻ എന്ന് പറഞ്ഞ് രാധ വീട്ടിൽ നിന്ന് ഇറങ്ങുകയായിരുന്നു. രാത്രി ഏറെ വൈകിയിട്ടും തിരിച്ചെത്താത്തതിനെത്തുടർന്ന് ബന്ധുക്കൾ രാധയുടെ ഫോണിൽ ബന്ധപ്പെട്ടെങ്കിലും ഫോണ്‍ സ്വിച്ച് ഓഫ് ആയിരുന്നു.
തുടർന്ന് ബന്ധുക്കൾ വെളിഗണ്ടല പൊലീസിൽ പരാതി നൽകി. പിന്നാലെ പൊലീസ് നടത്തിയ അന്വേഷണത്തിൽ വ്യാഴാഴ്‌ച രാത്രി ഒരു മണിയോടെ ജില്ലെല്ലപ്പാട് ക്രോസ് റോഡ് ജങ്ഷനിലെ റോഡരികിൽ ഒരു സ്ത്രീയുടെ മൃതദേഹം കണ്ടെത്തുകയായിരുന്നു. തുടർന്ന് ബന്ധുക്കളെത്തി മൃതദേഹം രാധയുടേതാണെന്ന് സ്ഥിരീകരിച്ചു.
അതേസമയം ക്രൂരമായാണ് രാധയെ കൊലപ്പെടുത്തിയത് എന്നാണ് പൊലീസ് നൽകുന്ന വിവരം. മൃതദേഹത്തിൽ കാലിലും നെഞ്ചിലും ഉൾപ്പെടെ ശരീര ഭാഗങ്ങളിൽ മുഴുവൻ വലിയ മുറിവുകളാണ് ഉണ്ടായിരുന്നത്. കാർ ശരീരത്തിൽ ഇടിച്ചും, കല്ലെറിഞ്ഞും, ശരീരത്തിൽ സിഗരറ്റ് കൊണ്ട് പൊള്ളലേൽപ്പിച്ചുമാണ് കൊലപ്പെടുത്തിയതെന്നാണ് പ്രഥമിക പരിശോധനയിൽ വ്യക്‌തമായതെന്ന് പൊലീസ് അറിയിച്ചു.
അതേസമയം ഒരാൾക്ക് ഒറ്റയ്‌ക്ക് ഈ കൊലപാതകം ചെയ്യാൻ സാധിക്കില്ലെന്നും മൂന്നിൽ അധികം പേർ ഇതിൽ പങ്കാളികളായിട്ടുണ്ടെന്നുമാണ് പൊലീസ് നൽകുന്ന വിവരം. പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് വന്നതിന് ശേഷമേ കൊലപാതകത്തിന്‍റെ കൂടുതൽ വിവരങ്ങൾ ലഭ്യമാകുകയുള്ളു എന്നും പൊലീസ് അറിയിച്ചു.
കൊലപാതകത്തിലേക്ക് നയിച്ചത് സാമ്പത്തിക ഇടപാട്: പ്രതിയെന്ന് സംശയിക്കുന്ന കാശിറെഡ്ഡി രാധയിൽ നിന്ന് 80 ലക്ഷത്തോളം രൂപ കടം വാങ്ങിയിരുന്നതായി പൊലീസ് അറിയിച്ചു. കാശിറെഡ്ഡിയും രാധയും കുട്ടിക്കാലം മുതലേ സുഹൃത്തുക്കളാണ്. ഇരുവരും സ്‌കൂളിലും കോളജിലും ഒരുമിച്ച് പഠിച്ചവരാണ്. തെലങ്കാനയിലെ കൊഡാഡയിൽ നിന്നുള്ള മോഹൻ റെഡ്ഡിയുമായുള്ള വിവാഹ ശേഷം രാധ ഹൈദരാബാദിൽ സ്ഥിരതാമസമാക്കി.
ഇതിനിടെ കാശിറെഡ്ഡി തനിക്ക് പുതിയൊരു സ്റ്റാർട്ടപ്പ് തുടങ്ങാൻ പദ്ധതിയുണ്ടെന്നും അതിനായി പണം വേണമെന്നും ആവശ്യപ്പെട്ട് രാധയേയും ഭർത്താവ് മോഹൻ റെഡ്ഡിയേയും സമീപിച്ചു. ഇതോടെ 80 ലക്ഷത്തോളം രൂപ ഇരുവരും ചേർന്ന് കടമായി കാശിറെഡ്ഡിക്ക് നൽകുകയായിരുന്നു. എന്നാൽ നാല് വർഷത്തോളമായിട്ടും ഇയാൾ പണം തിരികെ നൽകിയില്ല.
പല തവണ പണം ആവശ്യപ്പെട്ടെങ്കിലും ഇയാൾ പല കാരണങ്ങൾ പറഞ്ഞ് ഒഴിഞ്ഞ് മാറുകയായിരുന്നു. ഇതിനിടെയാണ് രാധ ഗ്രാമത്തിൽ എത്തിയ വിവരം കാശിറെഡ്ഡി അറിയുന്നത്. തുടർന്ന് കടം വാങ്ങിയ പണത്തിൽ കുറച്ച് തരാം എന്നറിയിച്ച് രാധക്ക് സന്ദേശം അയക്കുകയും തുടർന്ന് രാധ പണം വാങ്ങുന്നതിനായി പോകുകയുമായിരുന്നു എന്നുമാണ് പൊലീസ് നൽകുന്ന വിവരം.
അതേസമയം പ്രതിയെന്ന് സംശയിക്കുന്ന കാശിറെഡ്ഡിക്കായി പൊലീസ് വ്യാപകമായ തെരച്ചിൽ നടത്തുകയാണ്. കൊലപാതക ശേഷം ഇയാൾ ഒളിവിൽ പോയതായാണ് വിവരം. ഇയാൾക്കായി കനിഗിരി മുതൽ ബെംഗളൂരു വരെയുള്ള ചെക്ക് പോസ്റ്റുകളിൽ പൊലീസ് പരിശോധന നടത്തുന്നുണ്ട്. കേസുമായി ബന്ധപ്പെട്ട് ചിലരെ പൊലീസ് കസ്റ്റഡിയിലെടുത്തതായും വിവരമുണ്ട്.