മോഷണസംഘത്തെ തുരത്തി വനിത പൊലീസുകാർ വൈശാലി (ബിഹാർ): ബിഹാറില്‍ ബാങ്ക് കവര്‍ച്ചാശ്രമം തടഞ്ഞ് രണ്ട് വനിത പൊലീസുകാർ. ബിഹാറിലെ ഹാജിപൂരിലാണ് സംഭവം. ഹാജിപൂർ ഗ്രാമീൺ ബാങ്കിൽ നടന്ന കവർച്ചാശ്രമമാണ് പൊലീസ് ഉദ്യോഗസ്ഥരായ ജൂഹി കുമാരിയും ശാന്തി കുമാരിയും പരാജയപ്പെടുത്തിയത്.
തോക്ക് ചൂണ്ടിയെത്തിയ കവർച്ചക്കാരെ ബാങ്കിന് മുന്നിൽ ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന ഇരുവരും നേരിടുകയായിരുന്നു. ഉത്തര ബിഹാറിലെ സെന്തൗരി ചൗക്കിലുള്ള ഗ്രാമീൺ ബാങ്കിന് മുൻപിൽ ഇരുവരും ഡ്യൂട്ടിയിൽ നിൽക്കുന്നതിനിടെയാണ് സംഭവം. ഇന്നലെ (19.01.2023) രാവിലെ 11 മണിയോടെ മൂന്നുപേർ ബാങ്കിലേക്ക് ഇടിച്ചു കയറാൻ ശ്രമിച്ചു. സംശയം തോന്നിയ ഉദ്യോഗസ്ഥർ ഇവരോട് രേഖകൾ ആവശ്യപ്പെട്ടപ്പോൾ അതിലൊരാൾ തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തുകയായിരുന്നു.
ഉടൻ തന്നെ ജൂഹിയും ശാന്തിയും മൂന്നുപേരെയും നേരിടുകയായിരുന്നു. 'അവർ ഞങ്ങളുടെ റൈഫിളുകൾ തട്ടിയെടുക്കാൻ ശ്രമിച്ചു. പക്ഷേ എന്ത് സംഭവിച്ചാലും ബാങ്ക് കൊള്ളയടിക്കാനോ ആയുധം പ്രയോഗിക്കാനോ അവരെ അനുവദിക്കില്ലെന്ന് തീരുമാനിച്ചു. അവരുടെ നേരെ തോക്ക് ചൂണ്ടിയപ്പോൾ ഓടുകയായിരുന്നു'എന്ന് ശാന്തി പറഞ്ഞു. പിടിവലിക്കിടെ ജൂഹിക്ക് പരിക്കേറ്റിട്ടുണ്ട്.
സംഭവത്തിന്‍റെ സിസിടിവി ദൃശ്യങ്ങൾ പ്രചരിച്ചതോടെ ജൂഹിയും ശാന്തിയും ഇപ്പോൾ സമൂഹ മാധ്യമങ്ങളിലെ താരങ്ങളാണ്. ജീവൻ പണയംവച്ച് ഇരുവരും നടത്തിയ പോരാട്ടത്തെ അഭിനന്ദിച്ച് നിരവധിയാളുകളാണ് രംഗത്തെത്തിയത്.
കവർച്ച സംഘത്തെ കണ്ടെത്താൻ പൊലീസ് അന്വേഷണം ആരംഭിച്ചു. വനിത കോൺസ്‌റ്റബിൾമാരായ ജൂഹി കുമാരിയും ശാന്തി കുമാരിയും അസാധാരണമായ ധൈര്യമാണ് കാണിച്ചത്. ഇരുവർക്കും പാരിതോഷികം നൽകുമെന്നും പൊലീസ് ഓഫിസർ ഓം പ്രകാശ് പറഞ്ഞു.