കൊൽക്കത്ത: മണിപ്പൂരിൽ കുക്കി സമുദായത്തിലെ രണ്ട് സ്‌ത്രീകളെ ഒരുകൂട്ടം പുരുഷന്മാർ, പൊതുമധ്യത്തിൽ നഗ്‌നരാക്കി നടത്തി പീഡിപ്പിച്ചത് രാജ്യത്തെ ഒന്നടങ്കം ഞെട്ടിച്ച സംഭവമായിരുന്നു. ഈ അതിക്രൂര സംഭവത്തിന്‍റെ ദൃശ്യങ്ങൾ പുറത്തുവന്ന് ദിവസങ്ങൾ മാത്രം പിന്നിടുമ്പോഴാണ് മറ്റൊരു ദാരുണ ദൃശ്യം കൂടി സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്നത്. പശ്ചിമ ബംഗാളിലെ മാൽഡയിൽ രണ്ട് ആദിവാസി സ്‌ത്രീകളെ ഒരു കൂട്ടം സ്‌ത്രീകൾ ക്രൂരമായി മർദിക്കുകയും നഗ്നരാക്കുകയും ചെയ്യുന്നതിന്‍റെ വീഡിയോയാണ് സമൂഹ മാധ്യമങ്ങളിൽ പ്രത്യക്ഷപ്പെട്ടത്.
പ്രാഥമിക റിപ്പോർട്ടുകൾ പ്രകാരം മാൾഡയിലെ ബമൻഗോള പൊലീസ് സ്‌റ്റേഷൻ പരിധിയിൽ നാല് ദിവസം മുൻപാണ് ദൃശ്യങ്ങൾക്ക് ആസ്‌പദമായ സംഭവം നടന്നത്. മോഷണക്കുറ്റം ആരോപിച്ച് പ്രദേശവാസികൾ രണ്ട് സ്‌ത്രീകളെ പിടികൂടി ആക്രമിക്കുകയായിരുന്നു. അതേസമയം വിഷയം അന്വേഷിക്കുകയാണെന്നും അജ്ഞാതരായ ആക്രമികൾക്കെതിരെ കേസ് രജിസ്‌റ്റർ ചെയ്‌തിട്ടുണ്ടെന്നും മാൾഡ പൊലീസ് സൂപ്രണ്ട് പ്രദീപ് കുമാർ ജാദവ് പറഞ്ഞു.
കുറ്റവാളികളെ തിരിച്ചറിയാൻ വീഡിയോ പരിശോധിച്ചുവരികയാണെന്നും ഉദ്യോഗസ്ഥൻ അറിയിച്ചിട്ടുണ്ട്. ബിജെപി നേതാവ് അമിത് മാളവ്യ വീഡിയോ ട്വീറ്റ് ചെയ്‌തതോടെയാണ് വിഷയം ശ്രദ്ധിക്കപ്പെട്ടത്. പശ്ചിമ ബംഗാളിൽ ഭീകരത തുടരുകയാണ്. രണ്ട് ആദിവാസി സ്‌ത്രീകളെ നഗ്നരാക്കി പീഡിപ്പിക്കുകയും നിഷ്‌കരുണം മർദിക്കുകയും ചെയ്‌തെന്നും അദ്ദേഹം ആരോപിച്ചു.
also read :'എപ്പോൾ രാജിവെക്കും മോദിജി?' രാജ്യത്തെ പിടിച്ചുകുലുക്കി മണിപ്പൂരി കൗമാരക്കാരിയുടെ ട്വീറ്റ്
മാൾഡയിലെ ബമൻഗോള പൊലീസ് സ്റ്റേഷനിലെ പക്വാഹത്ത് പ്രദേശത്ത് പൊലീസ് കാഴ്‌ചക്കാരായി നിന്നു. ദൃശ്യങ്ങൾ പങ്കുവച്ച് ബിജെപി ഐടി സെൽ മേധാവി ട്വിറ്ററിൽ കുറിച്ചു. അതേസമയം മണിപ്പൂർ സംഭവത്തിൽ പ്രതികരിച്ചിരിച്ച സംസ്ഥാന മുഖ്യമന്ത്രി മമത ബാനർജിയെ പരിഹസിക്കാനും മാളവ്യ അവസരം ഉപയോഗപ്പെടുത്തി.
മമതയ്‌ക്കെതിരെ ആഞ്ഞടിച്ച് മാളവ്യ: ജൂലൈ 19 ന് രാവിലെയാണ് സംഭവം നടന്നത്. സാമൂഹികമായി പാർശ്വവൽക്കരിക്കപ്പെട്ട ഒരു വിഭാഗത്തിലെ സ്‌ത്രീയുടെ രക്തത്തിനായി ഭ്രാന്തമായ ഒരു ജനക്കൂട്ടം ചുറ്റും നിൽക്കുന്നു. മമത ബാനർജിയുടെ ഹൃദയം തകർക്കാവുന്ന എല്ലാ സാധ്യതകളും ഈ ദൃശ്യങ്ങളിലുണ്ട്. ബംഗാളിന്‍റെ ആഭ്യന്തര മന്ത്രി കൂടിയായ മമതയ്‌ക്ക് അപലപിക്കുന്നതിന് പകരം ഇവിടെ നടപടി എടുക്കാമായിരുന്നെന്നും അദ്ദേഹം ട്വീറ്റ് ചെയ്‌തു. മമത മൗനം പാലിച്ചു. മുഖ്യമന്ത്രി എന്ന നിലയിൽ ഈ സംഭവം മമതയുടെ പരാജയം തുറന്നുകാട്ടുന്നുവെന്നും മാളവ്യ പറഞ്ഞു.
also read :Manipur Sexual Assault | നാല് പ്രതികളെയും 11 ദിവസത്തെ പൊലീസ് കസ്റ്റഡിയിൽ വിട്ടു; കൂടുതല്‍ പേര്‍ക്കായി തെരച്ചില്‍
മണിപ്പൂർ വിഷയത്തിൽ കണ്ണുനീർ പൊഴിച്ച മമത അവസരത്തെ രാഷ്‌ട്രീയമായി പ്രയോജനപ്പെടുത്തുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. മനുഷ്യത്വരഹിതമായ ദൃശ്യങ്ങൾ പുറത്തുവന്നിട്ടും സംഭവത്തിൽ മർദനമേറ്റ സ്‌ത്രീകളോ മോഷണം നടന്നതായി ആരോപിച്ചവരോ ബംഗാൾ പൊലീസ് സ്‌റ്റേഷനിൽ യാതൊരു പരാതിയും രജിസ്‌റ്റർ ചെയ്‌തിട്ടില്ല. പ്രാഥമിക അന്വേഷണത്തിൽ, മോഷണം നടത്തുന്നതിനിടെ രണ്ട് സ്‌ത്രീകളും കൈയോടെ പിടിക്കപ്പെട്ടതായി കണ്ടെത്തിയിട്ടുണ്ട്.