സീതാപൂർ : ഉത്തർ പ്രദേശിൽ പൊലീസ് സ്‌റ്റേഷനിൽ സ്‌ത്രീകളോട് അപമര്യാദയായി പെരുമാറിയ സംഭവത്തിൽ മൂന്ന് പൊലീസുകാരെ സസ്‌പെൻഡ് ചെയ്‌തു. സ്‌റ്റേഷൻ എസ്‌എച്ച്‌ഒ ഉൾപ്പടെയുള്ള മൂന്ന് ഉദ്യോഗസ്ഥർക്കെതിരെയാണ് നടപടി. ഉത്തർ പ്രദേശിലെ സീതാപൂരിലാണ് സംഭവം നടന്നത്.
കുടുംബ വഴക്കിനെ തുടർന്ന് പൊലീസ് കസ്‌റ്റഡിയിൽ എടുത്ത വീട്ടുകാരെ കാണാൻ പോയപ്പോഴായിരുന്നു സ്‌ത്രീകൾക്ക് ഈ ദുരനുഭവം നേരിടേണ്ടി വന്നത്. ജൂൺ 19നാണ് കേസിനാസ്‌പദമായ സംഭവം. പൈപ്പ് വെള്ളത്തെ ചൊല്ലി വഴക്കുണ്ടായതിനെ തുടർന്ന് സഹോദരന്മാരായ ഓംകാർ, നിരങ്കർ എന്നിവരെ രാംപൂർ മഥുര പൊലീസ് കസ്‌റ്റഡിയിലെടുത്തിരുന്നു.
പിറ്റേന്ന് രാവിലെ ഇവരുടെ കുടുംബത്തിലെ ചില സ്‌ത്രീകൾ ഇരുവരെയും അന്വേഷിച്ച് പൊലീസ് സ്‌റ്റേഷനിൽ എത്തുകയായിരുന്നു. സ്‌ത്രീകളെ കണ്ട എസ്‌എച്ച്‌ഒ അവരോട് അസഭ്യം പറയുകയും എതിർക്കാൻ ശ്രമിച്ചപ്പോൾ മുൻഷി യാദവ്, രചന എന്നീ പൊലീസുകാരെ വിളിച്ച് വരുത്തി സ്‌ത്രീകളെ ഒരു മുറിയിൽ പൂട്ടിയിട്ട് ബെൽറ്റ് ഉപയോഗിച്ച് ക്രൂരമായി മർദിക്കുകയും ചെയ്‌തു.
ശരീരമാസകലം മുറിവേറ്റ സ്‌ത്രീകൾ എസ്‌പി ഗുലെ സുശീൽ ചന്ദ്രഭാലിന്‍റെ ഓഫിസിലെത്തി മൂന്ന് പൊലീസുകാർക്കെതിരെയും പരാതി നൽകുകയായിരുന്നു. അതേസമയം കസ്‌റ്റഡിയിൽ എടുത്ത സഹോദരന്മാർക്കെതിരെ 107/116 വകുപ്പുകൾ പ്രകാരം കേസ് രജിസ്‌റ്റർ ചെയ്‌ത് ഫയൽ ക്ലോസ് ചെയ്യാനും ഇതേ പൊലീസ് ഉദ്യോഗസ്ഥർ ശ്രമിച്ചിരുന്നു. എന്നാൽ സ്‌ത്രീകൾ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ സമഗ്രമായ അന്വേഷണത്തിന് എസ്‌പി ഉത്തരവിട്ടു.
ഇതിനായി രവിശങ്കർ എന്ന പൊലീസ് ഉദ്യോഗസ്ഥനെ ചുമതലപ്പെടുത്തുകയും ചെയ്‌തു. പക്ഷെ രവിശങ്കർ എസ്‌എച്ച്‌ഒയ്‌ക്ക് ക്ലീൻ ചിറ്റ് നൽകി. തുടർന്ന് അന്വേഷണം എഎസ്‌പി നരേന്ദ്ര പ്രതാപ് സിങിന് കൈമാറുകയായിരുന്നു. അദ്ദേഹത്തിന്‍റെ അന്വേഷണത്തിൽ എസ്‌എച്ച്‌ഒ ഉൾപ്പടെയുള്ള മൂന്ന് ഉദ്യോഗസ്ഥരും കുറ്റക്കാരാണെന്ന് കണ്ടെത്തി. തുടർന്ന് ഇവരെ ഉടൻ തന്നെ സസ്‌പെൻഡ് ചെയ്യുകയും കേസെടുക്കാൻ എസ്‌പി ഉത്തരവിടുകയുമായിരുന്നു.