ന്യൂഡല്‍ഹി :Sheena Bora Murder Case: ഷീന ബോറ വധക്കേസ് പുതിയ വഴിത്തിരിവിൽ. കശ്‌മീരിലെ ദാൽ തടാകത്തിന് സമീപം ഷീനയെ കണ്ടെന്ന് അവകാശപ്പെടുന്ന സ്‌ത്രീ മൊഴി നല്‍കാന്‍ തയ്യാറാണെന്ന് ഇന്ദ്രാണി മുഖർജിയുടെ അഭിഭാഷക സന ആർ ഖാൻ.
'ജൂൺ 24 ന് ദാൽ തടാകത്തിന് സമീപം ഷീന ബോറയെ കണ്ടുമുട്ടിയതായി ഒരു സ്‌ത്രീ പറഞ്ഞതായി ഇന്ദ്രാണി മുഖർജി എന്നെ അറിയിച്ചു. ഈ സ്‌ത്രീ സിബിഐക്ക് മുമ്പാകെ അവരുടെ മൊഴി നല്‍കാന്‍ തയ്യാറാണ്. സിബിഐ നീതിയുക്തമായ അന്വേഷണം നടത്തണം' ഖാൻ വാർത്താ ഏജൻസിയായ എഎൻഐയോട് പറഞ്ഞു.
മകളുടെ കൊലപാതകത്തിലെ പ്രധാന പ്രതികളിലൊരാളായ ഇന്ദ്രാണി മുഖർജി അടുത്തിടെ സിബിഐക്ക് അയച്ച കത്തിൽ തന്‍റെ മകൾ കശ്‌മീരിൽ ജീവിച്ചിരിപ്പുണ്ടെന്നും അവളെ കണ്ടെത്തണമെന്നും ആവശ്യപ്പെട്ടിരുന്നു. കശ്‌മീരിൽ വച്ച് ഷീന ബോറയെ കണ്ടുമുട്ടിയതായി അടുത്തിടെ ജയിലിൽ വച്ച് കണ്ട ഒരു സ്‌ത്രീ പറഞ്ഞതായി കത്തിൽ അവർ പറഞ്ഞു. കത്തിന് പുറമെ ഇന്ദ്രാണി പ്രത്യേക സിബിഐ കോടതിയിൽ ഇക്കാര്യങ്ങള്‍ കാണിച്ച് അപേക്ഷയും സമർപ്പിച്ചിട്ടുണ്ട്.
ഷീന ബോറ വധക്കേസ്
ഷീന ബോറ വധക്കേസിൽ 2015ൽ അറസ്‌റ്റിലായ ഇന്ദ്രാണി മുംബൈയിലെ ബൈക്കുള ജയിലിൽ കഴിയുകയാണ്. നവംബറിൽ ഇവരുടെ ജാമ്യാപേക്ഷ ബോംബെ ഹൈക്കോടതി തള്ളിയതിനാൽ ഉടൻ സുപ്രീംകോടതിയെ സമീപിക്കാനാണ് സാധ്യത. ഇന്ദ്രാണി മുഖർജിയുടെ ഡ്രൈവർ ശ്യാംവർ റായിയെ തോക്കുമായി പൊലീസ് അറസ്‌റ്റ് ചെയ്തതോടെയാണ് ഷീന ബോറ വധക്കേസ് പുറത്തായത്.
താൻ ഒരു കൊലപാതകം കണ്ടതായി റായ് പൊലീസിനോട് പറഞ്ഞു. കൂടുതൽ ചോദ്യം ചെയ്യലിൽ, 2012 ൽ ഇന്ദ്രാണി മുഖർജിയാണ് ബോറയെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയതെന്ന് ഇയാള്‍ വെളിപ്പെടുത്തി. റിപ്പോർട്ടുകൾ പ്രകാരം, ഷീന ബോറയെ ഇന്ദ്രാണി പൊതുസ്ഥലത്ത് തന്‍റെ സഹോദരി എന്നാണ് പരിചയപ്പെടുത്തിയിരുന്നത്.
ഷീന ബോറ ഇന്ദ്രാണി മുഖർജിയുടെ ആദ്യ വിവാഹത്തിലെ മകളാണെന്നും പണത്തിനും മുംബൈയിലെ വീടിനും വേണ്ടി അവള്‍ അമ്മയെ ബ്ലാക്ക് മെയിൽ ചെയ്‌തിരുന്നതായും പൊലീസ് അന്വേഷണത്തിൽ കണ്ടെത്തി. ഇന്ദ്രാണി തന്‍റെ രണ്ട് മക്കളായ ഷീനയെയും മിഖായേലിനെയും ഗുവാഹത്തിയിൽ ഉപേക്ഷിച്ച് മുംബൈയിലേക്ക് താമസം മാറ്റി. അവിടെ മാധ്യമ വ്യവസായി പീറ്റർ മുഖർജിയെ വിവാഹം കഴിച്ചു.
എന്നാൽ, അമ്മയെക്കുറിച്ച് അറിഞ്ഞ ഷീന മുംബൈയിലെത്തി. എന്നാല്‍ ഷീനയെ തന്‍റെ സഹോദരിയായിട്ടാണ് ഇന്ദ്രാണി പീറ്ററിന് പരിചയപ്പെടുത്തിയത്. ഇതിനിടെ 2012ല്‍ ഷീനയെ പൊടുന്നനെ കാണാതാവുകയുമായിരുന്നു.
ALSO READ:ഷീന ബോറ വധക്കേസിലെ പ്രതി പീറ്റര്‍ മുഖര്‍ജി വീണ്ടും ജാമ്യാപേക്ഷ നല്‍കി