ഭഗൽപൂർ (ബിഹാർ): കടം വാങ്ങിയ പണം തിരികെ നല്‍കാത്തതില്‍ പ്രകോപിതനായ യുവാവ് 42കാരിയെ കൊലപ്പെടുത്തി. പിർപൈന്തി പൊലീസ് സ്റ്റേഷൻ പരിധിയിലെ ഛോട്ടി ദിലോറയിൽ താമസിക്കുന്ന നീലം ദേവി ആണ് കൊല്ലപ്പെട്ടത്. മൂര്‍ച്ചയുള്ള ആയുധം ഉപയോഗിച്ച് പ്രതി നീലത്തെ നിരവധി തവണ കുത്തുകയും കൈകളും കാലുകളും മാറിടവും വെട്ടിമാറ്റുകയും ചെയ്യുകയായിരുന്നു.
നാട്ടുകാര്‍ അവരെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിച്ചു. ബിഹാറിലെ ഭഗൽപൂർ ജില്ലയിൽ ശനിയാഴ്‌ചയായിരുന്നു സംഭവം. പിർപൈന്തി മാർക്കറ്റിൽ നിന്ന് വൈകിട്ട് 6.30 ഓടെ വീട്ടിലേക്ക് മടങ്ങുമ്പോഴാണ് നീലം ദേവിയെ പ്രതി ഷക്കീല്‍ ആക്രമിച്ചത്.
ആക്രമണത്തില്‍ ഗുരുതരമായി പരിക്കേറ്റ ഇവരെ നാട്ടുകാര്‍ അടുത്തുള്ള ആശുപത്രിയില്‍ എത്തിച്ചു. എന്നാല്‍ നീലത്തിന്‍റെ നില അതീവ ഗുരുതരമായതിനാല്‍ മെച്ചപ്പെട്ട ചികിത്സക്കായി അവരെ മായാഗഞ്ചിലെ പണ്ഡിറ്റ് ജവഹർലാൽ നെഹ്‌റു മെഡിക്കൽ കോളജിലേക്ക് മാറ്റുകയായിരുന്നു. മെഡിക്കല്‍ കോളജില്‍ വച്ച് നീലം മരണത്തിന് കീഴടങ്ങി.
ഒരുമാസം മുമ്പ് ഷക്കീല്‍ താനുമായി വാക്കുതര്‍ക്കം നടന്നു എന്നും അതിന്‍റെ പ്രതികാരത്തിലാണ് നീലം ദേവിയെ കൊലപ്പെടുത്തിയത് എന്നുമാണ് നീലത്തിന്‍റെ ഭര്‍ത്താവ് പൊലീസിനോട് പറഞ്ഞത്. എന്നാല്‍ കടം വാങ്ങിയ പണം തിരികെ നല്‍കാത്തതിലെ ദേഷ്യമാണ് കൊലപാതകത്തിലേക്ക് നയിച്ചത് എന്നാണ് പൊലീസ് കണ്ടെത്തല്‍. നീലം ദേവിയും ഷക്കീലും തമ്മില്‍ അടുത്ത സൗഹൃദത്തിലായിരുന്നു.
മകളുടെ വിവാഹത്തിനായി നീലം ഷക്കീലിന്‍റെ പക്കല്‍ നിന്ന് പണം കടംവാങ്ങി. പണം തിരികെ നല്‍കണമെന്ന് ആവശ്യപ്പെട്ട് പ്രതി സമ്മര്‍ദം ചെലുത്തിയിരുന്നെങ്കിലും പണം നല്‍കാന്‍ യുവതിക്ക് കഴിഞ്ഞിരുന്നില്ല. ഒരുമാസം മുമ്പ് ഇതിനെച്ചൊല്ലി ഇരുവരും തമ്മില്‍ വഴക്കുണ്ടായിരുന്നു.
തുടര്‍ന്നുള്ള പ്രകോപനമാണ് ഷക്കീലിനെ കൊലപാതകത്തിലേക്ക് നയിച്ചത് എന്ന് ഭഗൽപൂർ എസ്എസ്‌പി ബാബു റാം പറഞ്ഞു. നീലത്തിന്‍റെ കുടുംബത്തിന്‍റെ പരാതിയില്‍ ഷക്കീലിനും സഹോദരനുമെതിരെ കേസ് രജിസ്റ്റര്‍ ചെയ്‌തു. ഷക്കീല്‍ അറസ്റ്റിലായിട്ടുണ്ടെന്നും സഹോദരനായുള്ള അന്വേഷണം നടക്കുകയാണെന്നും എസ്എസ്‌പി അറിയിച്ചു.