ചെന്നൈ : വിമാന യാത്രയ്ക്കിടെ യുവതിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ യുവാവ് അറസ്റ്റില്‍. ശിവഗംഗ കാരൈക്കുടി സ്വദേശി ശക്തിയാണ് (28) പിടിയിലായത്. അബുദാബിയില്‍ നിന്ന് ചെന്നൈയിലേക്കുള്ള ഇന്‍ഡിഗോ വിമാനത്തിലെ യാത്രക്കാരിയ്‌ക്ക് നേരെയാണ് ഇയാള്‍ ലൈംഗികാതിക്രമം നടത്തിയത്. ഇക്കഴിഞ്ഞ ബുധനാഴ്‌ചയായിരുന്നു (ജൂലൈ 19) കേസിനാസ്‌പദമായ സംഭവം.
നടന്നത് ഇങ്ങനെ : 156 യാത്രക്കാരുമായി അബുദാബി വിമാനത്താവളത്തില്‍ നിന്ന് ഇന്‍ഡിഗോ വിമാനം പറന്നുയര്‍ന്നു.യാത്ര തുടങ്ങി അല്‍പ സമയത്തിന് ശേഷം സീറ്റില്‍ ഇരിക്കുകയായിരുന്ന യുവതി ഉറക്കെ നിലവിളിച്ചു. ഇതോടെ യുവതിയോട് ജീവനക്കാരും യാത്രികരും കാര്യം തിരക്കിയപ്പോഴാണ് അതിക്രമ വിവരം അറിയുന്നത്.
പിന്‍സീറ്റിലിരുന്ന യുവാവ് തന്നെ കയറി പിടിച്ചെന്ന് യുവതി പറഞ്ഞു. സംഭവത്തിന് പിന്നാലെ യാത്രക്കാരും ജീവനക്കാരും യുവാവിനെ ചോദ്യം ചെയ്‌തു. എന്നാല്‍ താന്‍ യാത്രയ്ക്കിടെ ഉറങ്ങി പോയെന്നും അതിനിടെ അബദ്ധത്തില്‍ കൈ തട്ടിയതാണെന്നും യുവാവ് പറഞ്ഞു. എന്നാല്‍ ഇയാള്‍ കള്ളം പറയുകയാണെന്നും യാത്ര തുടങ്ങി പലതവണ ഇയാള്‍ ഇത് ആവര്‍ത്തിച്ചുവെന്നും കൈ താന്‍ പലതവണ തട്ടിമാറ്റിയെന്നും യുവതി വിശദീകരിച്ചു.
എയര്‍പോര്‍ട്ട് കണ്‍ട്രോള്‍ റൂമില്‍ വിവരം നല്‍കി :സംഭവത്തിന് പിന്നാലെ ഫ്ലൈറ്റ് ക്യാപ്‌റ്റന്‍ ചെന്നൈ എയര്‍പോര്‍ട്ട് കണ്‍ട്രോള്‍ റൂമില്‍ വിവരം അറിയിച്ചു. വിമാനം ചെന്നൈയിലെത്തിയ ഉടന്‍ തന്നെ സുരക്ഷ ജീവനക്കാരെത്തി യുവാവിനെ പിടികൂടി. ചോദ്യം ചെയ്‌ത ഉദ്യോഗസ്ഥരോട് താന്‍ ഉറങ്ങി പോയപ്പോള്‍ അബദ്ധത്തില്‍ കൈ തട്ടിയതാണെന്നും അതൊരു കുറ്റമാണോയെന്നുമായിരുന്നു ഇയാളുടെ ചോദ്യം.
പരാതി നല്‍കി യുവതി :സുരക്ഷ ഉദ്യോഗസ്ഥര്‍ യുവാവിനെ ചെന്നൈ പൊലീസിന് കൈമാറി. ഇയാള്‍ക്കെതിരെ പരാതി നല്‍കാന്‍ യുവതിയും ചെന്നൈ പൊലീസ് സ്റ്റേഷനിലെത്തി. എന്നാല്‍ യുവതി പരാതി നല്‍കുമെന്ന് ഉറപ്പായതോടെ താന്‍ അറിയാതെ ചെയ്‌ത് പോയതാണെന്ന് പറഞ്ഞ് യുവാവ് മാപ്പ് പറഞ്ഞു. പരാതി നല്‍കിയാല്‍ തന്‍റെ ജോലി പോകുമെന്നും പറഞ്ഞു.
also read:വീട്ടില്‍ സഹായത്തിനെത്തിയ 10 വയസുകാരിക്ക് ക്രൂര മര്‍ദനം ; എയര്‍ലൈന്‍ ജീവനക്കാരായ ദമ്പതികള്‍ കസ്റ്റഡിയില്‍
ഇതോടെ യുവതി ആദ്യം പരാതി നല്‍കാന്‍ വിമുഖത കാണിച്ചു. എന്നാല്‍ വിമാന യാത്രയ്ക്കിടയില്‍ ഇനി ഇത്തരം സംഭവങ്ങള്‍ ഉണ്ടാകരുതെന്നും അതിനാല്‍ ഉടന്‍ പ്രതികരിക്കേണ്ടതുണ്ടെന്നും തിരിച്ചറിഞ്ഞ് രേഖാമൂലം പൊലീസില്‍ പരാതി നല്‍കി. ഇതോടെ പൊലീസ് ഇയാളെ അറസ്റ്റ് ചെയ്‌തു. സ്‌ത്രീകൾക്കെതിരായ അതിക്രമ നിയമം, എയർ സേഫ്റ്റി ആക്‌ട് എന്നീ വകുപ്പുകള്‍ ചുമത്തിയാണ് കേസെടുത്തത്. ഇന്നലെ (ജൂലൈ 20) ആലന്തൂര്‍ കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്‌തു.