അലിപുർദ്വാർ (പശ്‌ചിമ ബംഗാൾ) :രാജ്യത്താകെ ട്രെയിനുകളിലെ സുരക്ഷ വീഴ്‌ച വലിയ രീതിയില്‍ ചർച്ചയാകുന്ന കാലമാണിത്. അതില്‍ തന്നെ ട്രെയിനുകളില്‍ സ്ത്രീകൾക്കെതിരെ നടക്കുന്ന അക്രമങ്ങൾ അനുദിനം വർധിച്ചു വരികയുമാണ്. ഈ സാഹചര്യം നിലനില്‍ക്കെയാണ് പശ്‌ചിമ ബംഗാളിലെ അലിപുർദ്വാറില്‍ ഓടുന്ന ട്രെയിനില്‍ യുവതിയെ ക്രൂരമായി ബലാത്സംഗത്തിനിരയാക്കിയത്. അലിപുർദ്വാറിലേക്കുള്ള സിഫാങ് എക്‌സ്‌പ്രസിൽ ശനിയാഴ്ച (06.08.23) ഉച്ചയോടെയാണ് സംഭവം നടന്നത്.
യുവതി കുട്ടിയുമായി അലിപുർദ്വാറിലേക്ക് പോകുമ്പോഴാണ് ക്രൂരകൃത്യം നടന്നത്. ട്രെയിൻ അസമിലെ ഫക്കിരാഗ്രാമിൽ എത്തിയതോടെ ഭൂരിഭാഗം യാത്രക്കാരും ഇറങ്ങുകയും കമ്പാർട്ടുമെന്റുകൾ കാലിയാവുകയും ചെയ്തു. ഈ സമയത്താണ് പ്രതികൾ യുവതിയുടെ കമ്പാർട്ട്മെന്‍റില്‍ എത്തിയത്. ആദ്യം പ്രതികൾ യുവതിയെ പീഡിപ്പിക്കാൻ ശ്രമിച്ചെങ്കിലും യുവതി പ്രതിരോധിക്കാൻ ശ്രമിച്ചിരുന്നു.
എന്നാല്‍ പ്രതികൾ കൂടുതല്‍ അക്രമാസക്തരാവുകയും അടിയ്ക്കുകയും ചെയ്തതായും തുടർന്ന് പ്രതികളായ യുവാക്കൾ രണ്ടുപേരും ചേർന്ന് യുവതിയെ കെട്ടിയിടുകയും തങ്ങളുടെ ആവശ്യങ്ങൾ അംഗീകരിച്ചില്ലെങ്കിൽ കുട്ടിയെ ഓടുന്ന ട്രെയിനിൽ നിന്ന് പുറത്തേക്കെറിയുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തതതായി പീഡനത്തിന് ഇരയായ യുവതി പറയുന്നു.
ട്രെയിൻ അലിപുർദ്വാർ ജംഗ്ഷനിൽ എത്തിയ ഉടന്‍ തന്നെ പീഡനത്തിന് ഇരയായ യുവതി റെയിൽവേ പൊലീസിന്‍റെയും റെയിൽവേ പ്രൊട്ടക്ഷൻ ഫോഴ്‌സിന്‍റെയും സഹായം തേടുകയും പരാതി നല്‍കുകയും ചെയ്തു. ട്രെയിനില്‍ സുരക്ഷ ഗാർഡുകളില്ലാത്തതിനാല്‍ സഹായം തേടാനായില്ലെന്നും യുവതിയുടെ പരാതിയില്‍ പറയുന്നു. യുവതിയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ ഉടനടി തിരച്ചിൽ ആരംഭിക്കുകയും അസമിലെ കൊക്രജാർഗഡ് സ്വദേശികളായ നൈനൽ അബ്ദുൾ (25), മൈനുൽ ഹഖ് (26) എന്നിവരെ റെയില്‍വെ പൊലീസ് കസ്റ്റഡിയിലെടുത്തു.