ലഖ്‌നൗ: ഉത്തർപ്രദേശിൽ യുവതിയെ ജോലി വാഗ്‌ദാനം ചെയ്‌ത് മാസങ്ങളോളം പീഡനത്തിനിരയാക്കിയ ശേഷം റോഡരികിൽ ഉപേക്ഷിച്ചു. ലഖ്‌നൗവിലെ ഹസ്രത്ഗഞ്ച് പ്രദേശത്താണ് തിങ്കളാഴ്‌ച അവശനിലയിൽ യുവതിയെ പൊലീസ് കണ്ടെത്തിയത്. സന്ത് കബീർ നഗർ സ്വദേശിയായ യുവതി ജോലി അന്വേഷിച്ച് കഴിഞ്ഞ മാസമാണ് ലഖ്‌നൗവിലെത്തിയത്. തുടർന്ന് ഇവരെ നിരവധി പേർ പീഡനത്തിനിരയാക്കുകയായിരുന്നു.
സംഭവത്തെക്കുറിച്ച് പൊലീസ് പറയുന്നതിങ്ങനെ: ജോലി അന്വേഷിച്ച് ചാർബാഗിൽ എത്തിയ യുവതി അവിടെ വെച്ച് ഷബാബ് ആലം എന്നയാളെ കണ്ടുമുട്ടി. തുടർന്ന് ജോലി നൽകാം എന്ന വ്യാജേന ഇയാൾ യുവതിയെ ഒരു ഹോട്ടലിൽ കൊണ്ട് പോയി മൂന്ന് ദിവസത്തോളം പീഡനത്തിനിരയാക്കി. ശേഷം ഇരയെ ഇയാൾ മറ്റ് ചിലർക്ക് വിൽക്കുകയായിരുന്നു.
എന്നാൽ അവരുടെ പിടിയിൽ നിന്ന് രക്ഷപ്പെട്ട യുവതി മഡിയോൺ പ്രദേശത്തെത്തി. ഇവിടെ മറ്റൊരു യുവാവിനെ കണ്ടുമുട്ടിയ ഇവർ തനിക്കുണ്ടായ ദുരനുഭവങ്ങൾ ഇയാളോട് വിവരിച്ചു. എന്നാൽ ഇയാളും ജോലി വാഗ്‌ദാനം ചെയ്‌ത് ഇരയെ ഹോട്ടലിൽ എത്തിച്ച് മൂന്ന് ദിവസത്തോളം പീഡനത്തിനിരയാക്കി.