ഭോപ്പാൽ :ജീവപര്യന്തം ശിക്ഷ വിധിക്കപ്പെട്ട് ജയിലിൽ കഴിയുന്ന ഭർത്താവിന്‍റെ കുഞ്ഞിനെ ഗർഭം ധരിക്കാൻ അദ്ദേഹത്തിന് ജാമ്യം അനുവദിക്കണമെന്ന ആവശ്യവുമായി നാൽപ്പതുകാരി മധ്യപ്രദേശ് ഹൈക്കോടതിയെ സമീപിച്ചു. ഇതേ തുടര്‍ന്ന് പരാതിക്കാരിയുടെ ശാരീരിക സ്ഥിതി പരിശോധിക്കാൻ കോടതി ഒരുസംഘം ഡോക്ടർമാരെ നിയോഗിച്ചു. പരിശോധനാസംഘത്തിന്‍റെ റിപ്പോർട്ട് കിട്ടിയ ശേഷം പ്രശ്നത്തിൽ തീരുമാനം കൈക്കൊള്ളാമെന്ന നിലപാടിലാണ് കോടതി. കേസിന്‍റെ തുടർവാദം ഈ മാസം 22ലേക്ക് മാറ്റി.
ഭർത്താവ് ജയിലിലായതിനാൽ അമ്മയാകാനുള്ള അവകാശം നിഷേധിക്കപ്പെട്ടിരിക്കുകയാണെന്നും യുവതി പരാതിയിൽ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. കുഞ്ഞുങ്ങളുണ്ടാകാനുള്ള അവകാശം ഭരണഘടനയുടെ 21ാം അനുച്ഛേദം രാജ്യത്തെ എല്ലാപൗരൻമാർക്കും ഉറപ്പ് നൽകുന്നുണ്ടെന്ന് കേസ് പരിഗണിക്കവെ ജസ്റ്റിസ് വിവേക് അഗർവാളിന്റെ ബെഞ്ചും പരാതിക്കാരിയുടെ അഭിഭാഷക വസന്ത് ഡാനിയേലും പരാമർശിച്ചു.
ഏഴ് വർഷം മുമ്പാണ് തന്‍റെ ഭർത്താവിനെ ഇന്ത്യൻ ശിക്ഷാനിയമത്തിലെ 351,302 വകുപ്പുകൾ പ്രകാരം ജീവപര്യന്തം തടവിന് ശിക്ഷിച്ചത്. തനിക്ക് ഇപ്പോൾ നാൽപ്പത് വയസായെന്നും അവർ പരാതിയിൽ പറയുന്നു. ഇത്രയും പ്രായമുള്ളത് കൊണ്ട് തന്നെ ഇവർക്ക് ഇനി ഗർഭം ധരിക്കാനാകില്ലെന്നാണ് സർക്കാരിന് വേണ്ടി ഹാജരായ അഭിഭാഷകൻ സന്തോഷ് കത്താർ വാദിച്ചത്. തുടർന്നാണ് ഇവർക്ക് ഗർഭം ധരിക്കാനാകുമോയെന്ന് പരിശോധിക്കാൻ കോടതി ഉത്തരവിട്ടത്.