പാൽഘർ (മഹാരാഷ്‌ട്ര): വാട്‌സ്‌ആപ്പ് സ്റ്റാറ്റസിനെ തുടർന്നുണ്ടായ തർക്കത്തിൽ പരിക്കേറ്റ സ്‌ത്രീ കൊല്ലപ്പെട്ടു. മുംബൈ ബോയ്‌സർ-ശിവാജി നഗർ പ്രദേശത്താണ് സംഭവം. ലീലാവതി ദേവി പ്രസാദ് (48) ആണ് വാട്‌സ്ആപ്പ് സ്റ്റാറ്റസിനെ തുടർന്നുണ്ടായ മർദനത്തിൽ കൊല്ലപ്പെട്ടത്.
കുറച്ചു ദിവസങ്ങൾക്ക് മുൻപ് ലീലാവതി ദേവിയുടെ മകൾ വാട്‌സ്ആപ്പിൽ ഒരു സ്റ്റാറ്റസിട്ടിരുന്നു. സ്റ്റാറ്റസ് മകളുടെ കോളജിൽ തർക്കത്തിന് കാരണമായിരുന്നു. തുടർന്ന് തർക്കം ശിവാജിനഗറിലെ ലീലാവതിയുടെ വീട്ടിലേക്കും എത്തി.
ഫെബ്രുവരി 10ന് വീട്ടിലെത്തിയ മകളുടെ കോളജിലെ വിദ്യാർഥികളും രക്ഷിതാക്കളും വാട്‌സ്ആപ്പ് സ്റ്റാറ്റസിന്‍റെ പേരിൽ ലീലാവതിയെയും മകളെയും ക്രൂരമായി മർദിച്ചു. മർദനത്തിൽ പരിക്കേറ്റ ലീലാവതിയെ ബോയ്‌സറിലെ തുംഗ ആശുപത്രിയിൽ പ്രവേശിപ്പിച്ചുവെങ്കിലും ചികിത്സക്കിടെ മരിച്ചു.
ലീലാവതിയുടെ മരണത്തിൽ പ്രതിഷേധിച്ച ബന്ധുക്കൾ മരണത്തിന് കാരണക്കാരായവർക്കെതിരെ കേസെടുക്കുന്നത് വരെ മൃതദേഹം ആശുപത്രിയിൽ നിന്ന് കൊണ്ടുപോകില്ലെന്ന് നിലപാടെടുത്തു. തുടർന്ന് പൊലീസെത്തി മനഃപൂർവമായ നരഹത്യക്ക് കേസ് രജിസ്റ്റർ ചെയ്യുകയും പ്രതികളെ അറസ്റ്റ് ചെയ്യുകയും ചെയ്‌തതോടെ ബന്ധുക്കൾ മൃതദേഹം ഏറ്റുവാങ്ങി.
Also Read: നിലമ്പൂരില്‍ ബക്കറ്റിലെ വെള്ളത്തിൽ വീണ് ഒരു വയസുകാരി കൊല്ലപ്പെട്ടു