വഡോദര (ഗുജറാത്ത്): സ്ത്രീയായിരുന്നുവെന്ന സത്യം മറച്ചുവെച്ച് ഭർത്താവ് യുവതിയെ വഞ്ചിച്ചതായി പരാതി. ഗുജറാത്തിലെ വഡോദര സ്വദേശിയായ 40കാരിയാണ് ഭർത്താവിനെതിരെ പരാതിയുമായി ഗോത്രി പൊലീസിനെ സമീപിച്ചത്.
ഒമ്പത് വർഷം മുൻപ് ഒരു മാട്രിമോണിയൽ സൈറ്റിലൂടെ പരിചയപ്പെട്ട വിരാജ് വർദ്ധന എന്ന യുവാവിനെ 2014ലാണ് യുവതി വിവാഹം ചെയ്യുന്നത്. യുവതിയുടെ രണ്ടാം വിവാഹമായിരുന്നു ഇത്. 2011ൽ ഇവരുടെ ആദ്യ ഭർത്താവ് ഒരു അപകടത്തിൽ മരണപ്പെട്ടിരുന്നു. ആ വിവാഹത്തിൽ സ്ത്രീക്ക് 14 വയസുള്ള മകളുണ്ട്. പിന്നീടാണ് വിരാജ് എന്നയാളെ പരിചയപ്പെടുന്നതും വിവാഹം കഴിക്കുന്നതും.
എന്നാൽ ഇയാൾ മുൻപ് വിജൈത എന്ന സ്ത്രീയായിരുന്നുവെന്നും ലിംഗമാറ്റ ശസ്‌ത്രക്രിയയ്ക്ക് വിധേയമാകുകയായിരുന്നു എന്നും യുവതിയുടെ പരാതിയിൽ പറയുന്നു. കുടുംബങ്ങളുടെ സാന്നിധ്യത്തിൽ നടന്ന വിവാഹശേഷം ഇരുവരും കശ്‌മീരിലേക്ക് ഹണിമൂണിന് പോയിരുന്നു. എന്നാൽ ശാരീരിക ബന്ധത്തിൽ ഏർപ്പെടാൻ ഇയാൾ തയാറായില്ല. ഓരോ കാരണങ്ങൾ പറഞ്ഞ് ഇയാൾ ഒഴിഞ്ഞുമാറിയിരുന്നു.
എന്നാൽ യുവതി നിർബന്ധിച്ചപ്പോൾ കുറച്ചുവർഷങ്ങൾക്ക് മുൻപ് താൻ റഷ്യയിലായിരിക്കെ ഒരു അപകടമുണ്ടായെന്നും തുടർന്ന് ലൈംഗികശേഷി നഷ്‌ടപ്പെട്ടുവെന്നും ഇയാൾ പറഞ്ഞു. ചെറിയ ശസ്‌ത്രക്രിയയ്ക്ക് ശേഷം എല്ലാം ശരിയാകുമെന്നും ഇയാൾ പറഞ്ഞതായി പരാതിയിൽ പറയുന്നു. 2020 ജനുവരിയിൽ ഭാരം കുറയ്ക്കുന്നതിനായുള്ള ശസ്‌ത്രക്രിയക്കായി വിരാജ് കൊൽക്കത്തയിലേക്ക് പോയി. എന്നാൽ പിന്നീട് ഇയാൾ താൻ ലിംഗമാറ്റ ശസ്‌ത്രക്രിയയ്ക്കാണ് പോയതെന്ന് യുവതിയോട് വെളിപ്പെടുത്തുകയായിരുന്നു.
തുടർന്ന് ഇയാൾ താനുമായി പ്രകൃതിവിരുദ്ധ ലൈംഗിക ബന്ധത്തിൽ ഏർപ്പെടാൻ തുടങ്ങിയെന്നും പുറത്തുപറഞ്ഞാൽ ഗുരുതരമായ പ്രത്യാഘാതങ്ങൾ നേരിടേണ്ടി വരുമെന്ന് ഭീഷണിപ്പെടുത്തിയതായും യുവതി പറയുന്നു. ഇയാളുടെ കുടുംബാംഗങ്ങൾക്കെതിരെയും യുവതി പരാതി നൽകിയിട്ടുണ്ട്. ഡൽഹി സ്വദേശിയായ യുവാവിനെ വഡോദരയില്‍ എത്തിച്ചതായി ഗോത്രി പൊലീസ് ഇന്‍സ്‌പെക്‌ടര്‍ എംകെ ഗുര്‍ജാര്‍ പറഞ്ഞു.