ഷാഹ്‌ദോൽ (മധ്യപ്രദേശ്):പീഡന പരാതിയിൽ പൊലീസ് കേസെടുക്കാത്തതിനെ തുടർന്ന് പൊലീസ് സ്റ്റേഷൻ പരിസരത്ത് സ്വയം തീകൊളുത്തി യുവതി. ഷാഹ്‌ദോലിലെ അംലൈ പൊലീസ് സ്റ്റേഷനിൽ വച്ച് 26കാരിയാണ് വെള്ളിയാഴ്‌ച സ്വയം തീകൊളുത്തിയത്. ഗുരുതരമായി പൊള്ളലേറ്റ യുവതി ജബൽപൂരിലെ ആശുപത്രിയിൽ ചികിത്സയിലാണ്.
പീഡന പരാതിയിൽ പൊലീസ് കേസെടുത്തില്ല; സ്റ്റേഷൻ പരിസരത്ത് സ്വയം തീകൊളുത്തി യുവതി - വിവാഹ വാഗ്‌ദാനം
അംലൈ പൊലീസ് സ്റ്റേഷനിൽ യുവതി പീഡന പരാതി നൽകിയെങ്കിലും എഫ്ഐആർ രജിസ്റ്റർ ചെയ്യാൻ പൊലീസ് തയാറാകാത്തതിനെ തുടർന്നാണ് യുവതി സ്വയം തീകൊളുത്തിയത്.
സംഭവത്തിൽ സ്റ്റേഷനിലെ രണ്ട് പൊലീസുകാരെ ഡ്യൂട്ടിയിൽ നിന്ന് നീക്കിയതായി പൊലീസ് സൂപ്രണ്ട് കുമാർ പ്രതീക് പറഞ്ഞു. സ്റ്റേഷൻ ഇൻ ചാർജ് മുഹമ്മദ് സമീർ, എസ്ഐ സാവിത്രി സിങ് എന്നിവരെയാണ് ജോലിയ്ക്കിടെയുള്ള അനാസ്ഥയുടെ പേരിൽ ഡ്യൂട്ടിയിൽ നിന്ന് നീക്കം ചെയ്‌തത്. സംഭവത്തെ തുടർന്ന് യുവതിയുടെ പരാതിയുടെ അടിസ്ഥാനത്തിൽ റവന്യൂ ഉദ്യോഗസ്ഥനായ ബ്രിജ് ബഹാദൂറിനെതിരെ പീഡനത്തിന് കേസെടുക്കുകയും അറസ്റ്റ് ചെയ്‌തുവെന്നും എസ്‌പി അറിയിച്ചു.
വിവാഹ വാഗ്‌ദാനം നൽകി പ്രതി താനുമായി ലൈംഗിക ബന്ധത്തിലേർപ്പെട്ടെന്നും പിന്നീട് വിവാഹം ചെയ്യാൻ വിസമ്മതിച്ചെന്നുമായിരുന്നു ഓഗസ്റ്റ് 12ന് യുവതി നൽകിയ പരാതി. എന്നാൽ പരാതിയിൽ എഫ്ഐആർ രജിസ്റ്റർ ചെയ്‌തിരുന്നില്ല. യുവതി പിന്നീട് മുഖ്യമന്ത്രിയുടെ ഹെൽപ്പ് ലൈനിലും പരാതിപ്പെട്ടിരുന്നു. തുടർന്ന് സെപ്‌റ്റംബർ 2ന് പൊലീസുദ്യോഗസ്ഥർ യുവതിയെയും പ്രതിയെയും സ്റ്റേഷനിലേക്ക് വിളിപ്പിച്ചു. അവിടെവച്ച് യുവതി തീകൊളുത്തുകയായിരുന്നു.