അമരാവതി :ആന്ധ്രാപ്രദേശിലെ അനകപ്പള്ളി ജില്ലയിലെ സർക്കാർ ആശുപത്രിയില്‍ യുവതി പ്രസവിച്ചത് മെഴുകുതിരിയുടെയും മൊബൈലിന്‍റെയും വെളിച്ചത്തില്‍. കറന്‍റ് പോയതാണ് പ്രതിസന്ധിയായത്. ജനറേറ്റര്‍ ഉണ്ടായിരുന്നെങ്കിലും പ്രവര്‍ത്തിച്ചില്ല. ഇതോടെ ഡോക്ടര്‍ മെഴുകുതിരിയും മൊബൈല്‍ ഫോണ്‍ വെളിച്ചവും ഉപയോഗിച്ച് യുവതിയുടെ പ്രസവപരിചരണം നടത്തുകയായിരുന്നു.
എൻടിആർ സർക്കാർ ആശുപത്രിയിൽ ഏപ്രിൽ 6 വ്യാഴാഴ്ചയാണ് സംഭവം നടന്നത്. ആശുപത്രിയില്‍ എട്ട് മണിക്കൂറോളം വൈദ്യുതി മുടങ്ങി. ദുരവസ്ഥയുടെ വീഡിയോ സാമൂഹ്യ മാധ്യമങ്ങളില്‍ പ്രചരിക്കുകയാണ്. നവജാത ശിശുവും മാതാവും മെഴുകുതിരി വെളിച്ചതില്‍ കിടക്കുന്ന വീഡിയോയാണ് വൈറലായത്.
വൈദ്യുതി നിലച്ചതോടെ കുട്ടികള്‍ക്ക് ബന്ധുക്കള്‍ കൈകൊണ്ട് വീശിക്കൊടുക്കുന്നതും വീഡിയോയിലുണ്ട്. ചിലര്‍ ബാറ്ററിയില്‍ പ്രവര്‍ത്തിക്കുന്ന ഫാന്‍ ഉപയോഗിക്കുന്നു. ഇതൊരു വലിയ ആശുപത്രിയില്‍ ആയിട്ടും സൗകര്യങ്ങള്‍ ഒന്നുമില്ലെന്ന് രോഗിയുടെ ബന്ധുക്കള്‍ ആരോപിച്ചു.
Also Read: വാറങ്കലില്‍ ഐ.സി.യുവില്‍ രോഗിയുടെ ശരീരം എലി കരണ്ടു
വാര്‍ഡുകളില്‍ തീരെ വായു സഞ്ചാരമില്ല. ഏതെങ്കിലും കാരണത്താല്‍ ജനലുകള്‍ തുറന്നിട്ടാല്‍ കൊതുകുശല്യം രൂക്ഷമാണ്. ഇവിടെ എത്തുന്ന രോഗികളുടെ ജീവിതം നരക തുല്യമാണെന്നും ബന്ധുക്കള്‍ ആരോപിക്കുന്നു. വ്യാഴാഴ്ച രാവിലെ 9 മുതൽ 12 വരെയും ഉച്ചയ്ക്ക് 1 മുതൽ 4 വരെയും ആശുപത്രിയില്‍ വൈദ്യുതി ഉണ്ടായിരുന്നില്ല. മൂന്ന് ദിവസമായി ആശുപത്രിയിലെ കുടിവെള്ള പ്ലാന്റ് പ്രവർത്തനക്ഷമമല്ല. രോഗികളുടെ സഹായികൾ വീടുകളിൽ നിന്ന് കുപ്പിവെള്ളം കൊണ്ടുവന്നാണ് ഉപയോഗിക്കുന്നതെന്നും ആരോപണമുണ്ട്.
ടോര്‍ച്ചും മെഴുകുതിരിയും ഉപയോഗിച്ച് പ്രസവം നടത്തേണ്ടിവന്നുവെന്ന് ആശുപത്രി സൂപ്രണ്ട് സമ്മതിച്ചു. എന്നാല്‍ ഇക്കാര്യത്തില്‍ വിശദീകരണം തേടിയിട്ടുണ്ട്. ആശുപത്രിയില്‍ വൈദ്യുതി ഉണ്ടായിരുന്നില്ല. അതിനാല്‍ മറ്റ് വഴികള്‍ ഇല്ലാത്തതിനാലാണ് ഇങ്ങനെ ചെയ്തത്. ആശുപത്രിയിലെ കുടിവെള്ള പ്ലാന്‍റ് പ്രവര്‍ത്തനരഹിതമായിട്ട് ദിവസങ്ങളായെന്നും ആരോപണമുണ്ട്.