ബുര്‍ദ്വാന്‍ (പശ്ചിമ ബംഗാള്‍): ട്രെയിന്‍ കമ്പാര്‍ട്ട്‌മെന്‍റിനകത്ത് കുഞ്ഞിന് ജന്മം നല്‍കി യുവതി. ബര്‍ദ്വാന്‍ റെയില്‍വേ സ്‌റ്റേഷനില്‍ വ്യാഴാഴ്‌ച വൈകിട്ടാണ് പശ്ചിമ ബംഗാള്‍ ദിനജ്‌പൂര്‍ നിവാസിയായ തെരേസ ഹൻസ്ദ ട്രെയിന്‍ കമ്പാര്‍ട്ട്‌മെന്‍റിനകത്ത് വച്ച് കുഞ്ഞിന് ജന്മം നല്‍കിയത്. അമ്മയും കുഞ്ഞും സുഖമായിരിക്കുന്നതായി പ്രസവ ശുശ്രൂഷ നടത്തിയ ഡോക്‌ടര്‍മാരും അറിയിച്ചു.
യാത്രക്കിടയിലെ ജനനം:റെയില്‍വേയുമായി ബന്ധപ്പെട്ട വൃത്തങ്ങള്‍ പറയുന്നതനുസരിച്ച് തെരേസ ഹൻസ്ദ ഭര്‍ത്താവ് റൂബിന്‍ മണ്ഡിക്കൊപ്പം കേരളത്തില്‍ നിന്നും സ്വദേശത്തേക്ക് മടങ്ങുകയായിരുന്നു. തിരുവനന്തപുരം-സില്‍ചാര്‍ എക്‌സ്‌പ്രസിലായിരുന്നു ഇവര്‍ യാത്ര ചെയ്‌തിരുന്നത്. യാത്രയ്‌ക്കിടെ തെരേസയ്‌ക്ക് പ്രസവവേദന കലശലായി. ഇതോടെ റൂബിന്‍ മണ്ഡി ഈ വിവരം റെയില്‍വേ അധികൃതരെ അറിയിച്ചു.
സംഭവത്തിന്‍റെ ഗൗരവാവസ്ഥ കണക്കിലെടുത്ത് ട്രെയിന്‍ ബുര്‍ദ്വാന്‍ സ്‌റ്റേഷനിലെത്തിയപ്പോള്‍ തന്നെ റെയില്‍വേ അധികൃതര്‍ ആവശ്യമായ നടപടികളും സ്വീകരിച്ചു. ഇതിന്‍റെ ഭാഗമായി ബുര്‍ദ്വാന്‍ സ്‌റ്റേഷനിലെത്തുമ്പോള്‍ തന്നെ ഡോക്‌ടര്‍മാരും നഴ്‌സുമാരും കാത്തുനിന്നു. ട്രെയിന്‍ എത്തിയതോടെ ഇവര്‍ നേരെ എസ്-12 കമ്പാര്‍ട്ട്‌മെന്‍റിലേക്ക് നീങ്ങി. അധികം വൈകാതെ യുവതി കമ്പാര്‍ട്ട്‌മെന്‍റിനകത്ത് തന്നെ കുഞ്ഞിന് ജന്മം നല്‍കി.
കേരളത്തിലേക്ക് നിര്‍മാണത്തൊഴിലാളികളായി എത്തിയതാണ് റൂബിന്‍ മണ്ഡിയും ഭാര്യയും. പ്രസവത്തീയതി അടുത്തതോടെ ഇവര്‍ ട്രെയിനില്‍ നാട്ടിലേക്ക് തിരിക്കാന്‍ തീരുമാനിച്ചു. എന്നാല്‍ ട്രെയിന്‍ വൈകിയതും ഉദ്യേശിച്ച സമയത്ത് ടിക്കറ്റ് ലഭിക്കാതെയും വന്നതോടെ യാത്ര വൈകുകയായിരുന്നു. ട്രെയിന്‍ ടിക്കറ്റ് ലഭിച്ച് യാത്ര ആരംഭിച്ചപ്പോഴാവട്ടെ പ്രസവ തീയതി വല്ലാതെ അടുക്കുകയും ചെയ്‌തു. തുടര്‍ന്നാണ് ഇവരുടെ യാത്രയും ട്രെയിനിനകത്ത് കുഞ്ഞിന് ജന്മം നല്‍കുന്നതും. സമയോചിതമായ ഇടപെടലിലൂടെ പ്രസവ ശസ്‌ത്രക്രിയ നടത്തുകയും യുവതിയുടെയും കുഞ്ഞിന്‍റെയും ജീവന്‍ രക്ഷിക്കുകയും ചെയ്‌ത വൈദ്യസംഘത്തിനും റെയില്‍വേ അധികൃതര്‍ക്കും കുടുംബം നന്ദിയും അറിയിച്ചിരുന്നു.
Also Read: വീട്ടുകാര്‍ അറിയാതെ യൂട്യൂബ് വീഡിയോ കണ്ട് കുഞ്ഞിന് ജന്മം നൽകി; ആരോഗ്യനില വഷളായ പെണ്‍കുട്ടി ആശുപത്രിയില്‍, നവജാത ശിശു മരിച്ചു
അടുത്തിടെ ഉത്തര്‍ പ്രദേശിലെ സോന്‍ബദ്രയില്‍ ഭര്‍ത്താവിനൊപ്പം ട്രെയിനില്‍ യാത്ര ചെയ്യുകയായിരുന്ന യുവതി റെയില്‍വേ സ്‌റ്റേഷന്‍ പ്ലാറ്റ്‌ഫോമില്‍ കുഞ്ഞിന് ജന്മം നല്‍കിയിരുന്നു. പഠാൻകോട്ടിൽ നിന്ന് ചോപ്പനിലേക്കുള്ള യാത്രാമധ്യേയാണ് പൂനം എന്ന യുവതി സോൻഭദ്ര റെയിൽവേ സ്‌റ്റേഷനില്‍ വച്ച് കുഞ്ഞിന് ജന്മം നല്‍കിയത്. ട്രെയിന്‍ സോൻഭദ്രയിലെത്തിയപ്പോള്‍ വേദന അനുഭവപ്പെട്ട യുവതിയെ റെയിൽവേ പ്രൊട്ടക്ഷൻ ഫോഴ്‌സ് ജീവനക്കാരെത്തി സഹായിക്കുകയായിരുന്നു. വൈകാതെ യുവതി കുഞ്ഞിന് ജന്മം നല്‍കുകയും ചെയ്‌തു.
പ്രസവവേദന അനുഭവപ്പെട്ടതോടെ ആർപിഎഫ് ജീവനക്കാർ സ്ട്രെച്ചറിന്‍റെ സഹായത്തോടെ യുവതിയെ ട്രെയിനില്‍ നിന്നുമിറക്കി. അധികം വൈകാതെ തന്നെ യുവതി പ്ലാറ്റ്‌ഫോമില്‍ വച്ച് പ്രസവിക്കുകയായിരുന്നു. ഈ സമയം വേണ്ട സഹായങ്ങളുമായി ആർപിഎഫ് കോൺസ്‌റ്റബിൾമാര്‍ അടുത്തുതന്നെ നിലയുറപ്പിച്ചിരുന്നു. മധ്യപ്രദേശിലെ സിംഗ്രൗലി സ്വദേശികളായിരുന്ന യാത്രക്കാര്‍ ഡൗണ്‍ മുരി എക്‌സ്‌പ്രസിന്‍റെ ജനറല്‍ കമ്പാര്‍ട്ട്‌മെന്‍റിലായിരുന്നു യാത്ര ചെയ്‌തിരുന്നത്. ട്രെയിൻ സോൻഭദ്ര സ്‌റ്റേഷനിലേക്കെത്തിയപ്പോള്‍ യുവതിക്ക് പെട്ടെന്ന് പ്രസവവേദന അനുഭവപ്പെട്ടു. ഈ വിവരമറിയിച്ചതിനെ തുടര്‍ന്ന് ഉമാകാന്ത് യാദവ്, കൃപാശങ്കർ വർമ എന്നീ രണ്ട് ആർപിഎഫ് ഉദ്യോഗസ്ഥർ യുവതിയെ സഹായിക്കാനായി ഓടിയെത്തുകയായിരുന്നു.