ഹനുമകൊണ്ട (തെലങ്കാന): ജോലികഴിഞ്ഞ് മടങ്ങിയ യുവതി ഓട്ടോറിക്ഷയില്‍ കൂട്ടബലാത്സംഗത്തിന് ഇരയായി. ഹനുമകൊണ്ട പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ ഏപ്രില്‍ 27ന് നടന്ന സംഭവത്തില്‍ പ്രതികളെ ഇന്നലെ പിടികൂടി. കസ്റ്റഡിയില്‍ എടുത്ത പ്രതികളെ ചോദ്യം ചെയ്‌ത് വരികയാണെന്ന് ഹനുമകൊണ്ട പൊലീസ് അറിയിച്ചു.
സംഭവം ഇങ്ങനെ:ഹനുമകൊണ്ട നയിംനഗറിന് സമീപം താമസിക്കുന്ന യുവതി ഏപ്രില്‍ 27ന് ജോലി കഴിഞ്ഞ് മടങ്ങുകയായിരുന്നു. രാത്രി 12 ആയിരുന്നതിനാല്‍ റോഡില്‍ കണ്ട ഒരു ഓട്ടോറിക്ഷ കൈകാണിച്ച് നിര്‍ത്തിയ യുവതി തന്നെ രംഗ്‌ബാറില്‍ ഇറക്കാന്‍ ഡ്രൈവറോട് ആവശ്യപ്പെട്ടു. യുവതിയെ ഓട്ടോയില്‍ കയറ്റിയ ഡ്രൈവര്‍ രാകേഷ് ഉടന്‍ തന്‍റെ സുഹൃത്തുക്കളായ സനത്തിനെയും സതീഷിനെയും വിളിച്ച് വരുത്തുകയായിരുന്നു. ഓട്ടോ ഡ്രൈവര്‍മാരാണ് സനത്തും സതീഷും.
ഇരുവരും എത്തിയതോടെ രാകേഷ് ഓട്ടോ എടുത്തു. യുവതി പറഞ്ഞിടത്ത് ഇറക്കാതെ ഭീമാറാം ഭാഗത്തേക്കാണ് രാകേഷും സംഘവും യുവതിയെ എത്തിച്ചത്. തന്നെ എവിടേക്കാണ് കൊണ്ട് പോകുന്നത് എന്ന് ചോദിച്ച് യുവതി ബഹളം വച്ചതോടെ സനത്തും സതീഷും അവരെ ഭീഷണിപ്പെടുത്തി.
ഭീമാറാം ഗ്രാമത്തിന്‍റെ പ്രാന്തപ്രദേശത്ത് എത്തിച്ചാണ് മൂവരും യുവതിയെ പീഡിപ്പിച്ചത്. യുവതിയുടെ കരച്ചില്‍ കേള്‍ക്കാതിരിക്കാന്‍ ഇവര്‍ ഉച്ചത്തില്‍ പാട്ട് വച്ചിരുന്നു. പീഡനത്തിന് ശേഷം സംഘം യുവതിയെ രംഗ്‌ബാറില്‍ ഉപേക്ഷിക്കുകയായിരുന്നു. വീട്ടിലെത്തിയ യുവതി കുടുംബത്തോട് വിവരം പറഞ്ഞു. വെള്ളിയാഴ്‌ചയാണ് യുവതിയും കുടുംബവും പൊലീസില്‍ പരാതി നല്‍കിയത്.
കേസെടുത്ത പൊലീസ് യുവതിയെ വൈദ്യപരിശോധനയ്‌ക്ക് വിധേയയാക്കി. പ്രതികളെ കസ്റ്റഡിയില്‍ എടുക്കുകയും ചെയ്‌തു. ഇവരെ ചോദ്യം ചെയ്‌ത് വരികയാണെന്ന് ഹനുമകൊണ്ട പൊലീസ് ഇന്‍സ്‌പെക്‌ടര്‍ പറഞ്ഞു.