പൂനെ (മഹാരാഷ്‌ട്ര): ഗര്‍ഭധാരണത്തിനും കുടുംബത്തിലെ ഐശ്വര്യത്തിനുമായി ചിതാഭസ്‌മം കഴിക്കാന്‍ ആവശ്യപ്പെട്ടുവെന്ന പരാതിയുമായി യുവതി. ഗര്‍ഭം ധരിക്കുന്നതിനും കുടുംബത്തിലേക്ക് ഐശ്വര്യം കൊണ്ടുവരുന്നതിനുമായി ഭര്‍ത്താവും ഭര്‍തൃ വീട്ടുകാരും നിര്‍ബന്ധപൂര്‍വം തന്നോട് ചിതാഭസ്‌മം ഭക്ഷിക്കാന്‍ ആവശ്യപ്പെട്ടുവെന്ന പരാതിയുമായി 28 കാരിയാണ് സിംഹഗഡ് പൊലീസിനെ സമീപിച്ചത്. പരാതിയിന്മേല്‍ യുവതിയുടെ ഭര്‍ത്താവ് ഉള്‍പ്പടെ എട്ടുപേര്‍ക്കെതിരെ കേസെടുത്ത പൊലീസ്, അന്വേഷണം ആരംഭിച്ചു.
നേരിട്ടത് ക്രൂര പീഡനം: പൂനെയിലെ ധൈരിയിലാണ് കേസിനാസ്‌പദമായ സംഭവം. വിവാഹത്തിന് ശേഷം കഴിഞ്ഞ മൂന്ന് വര്‍ഷങ്ങളായി യുവതിയെ ഭര്‍തൃവീട്ടുകാര്‍ ശാരീരികമായും മാനസികമായും പീഡിപ്പിച്ചുവരികയായിരുന്നു. സ്‌ത്രീധനം ആവശ്യപ്പെട്ടായിരുന്നു ഭര്‍തൃകുടുംബത്തിന്‍റെ പീഡനം. വിവാഹം കഴിഞ്ഞ് ഏറെനാള്‍ കഴിഞ്ഞും യുവതി ഗര്‍ഭം ധരിക്കാത്തത് കൂടി ആയതോടെ പീഡനം വര്‍ധിച്ചുവെന്നും പൊലീസ് പ്രാഥമിക അന്വേഷണത്തിന്‍റെ വെളിച്ചത്തില്‍ അറിയിച്ചു.
'അന്ധവിശ്വാസം' നയിക്കുന്നവര്‍: കഴിഞ്ഞ കുറച്ചുനാളുകളായി ഭര്‍തൃവീട്ടുകാര്‍ യുവതിയെ ഉപയോഗിച്ച് അഖോരി പൂജയും ദുര്‍മന്ത്രവാദവും ആരംഭിച്ചിരുന്നു. ഇതിന്‍റെ ഭാഗമായി വീട്ടില്‍ കോഴിയേയും ആടിനെയുമെല്ലാം ബലി നല്‍കുകയും ചെയ്‌തിരുന്നു. ഇതിന് പിന്നാലെയാണ് യുവതിയോട് ചിതാഭസ്‌മം ഭക്ഷിക്കാന്‍ നിര്‍ബന്ധിച്ചുകൊണ്ട് ഭര്‍തൃകുടുംബം രംഗത്തെത്തിയത്. ഇത് സഹിക്കാനാവാതെ യുവതി പൊലീസിനെ സമീപിക്കുകയായിരുന്നു.
പരാതി പരിഗണിച്ച പൊലീസ് യുവതിയുടെ ഭര്‍ത്താവിനും കുടുംബത്തിനുമെതിരെ ഇന്ത്യന്‍ ശിക്ഷാനിയമത്തിലെ 498(എ), 323, 504, 506/2 എന്നീ വകുപ്പുകളും സംസ്ഥാനത്തെ നരബലിയും മനുഷ്യത്വരഹിതമായ അഘോരി ആചാരങ്ങളും മന്ത്രവാദം എന്നിവക്കെതിരെയുള്ള നിയമത്തിലെ 34 ആം വകുപ്പും ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്.
കുറ്റക്കാര്‍ ഇവര്‍:പൊലീസില്‍ നല്‍കിയിരിക്കുന്ന പരാതിയുടെ അടിസ്ഥാനത്തില്‍ യുവതിയുടെ ഭര്‍ത്താവ് ജയേഷ് പൊക്‌ലെ, ഭര്‍തൃസഹോദരന്‍ ശ്രേയസ് പൊക്‌ലെ, ഭര്‍തൃസഹോദരി ഇഷ പൊക്‌ലെ, ഭര്‍തൃപിതാവ് കൃഷ്‌ണ പൊക്‌ലെ, ഭര്‍തൃ മാതാവ് പ്രഭാവതി പൊക്‌ലെ, കുടുംബാംഗങ്ങളായ ദീപക് ജാദവ്, ബാറ്റ ജാദവ് എന്നിവര്‍ക്കെതിരെയാണ് പൊലീസ് കേസെടുത്തിരിക്കുന്നത്.