ചെന്നൈ :ടെറസില്‍ നിന്ന് സാരി ഉപയോഗിച്ച് ബാല്‍ക്കണിയിലേക്ക് ഇറങ്ങാന്‍ ശ്രമിക്കുന്നതിനിടെ പാര്‍പ്പിട സമുച്ചയത്തിന്‍റെ മൂന്നാം നിലയില്‍ നിന്ന് താഴെ വീണ് യുവതിക്ക് ദാരുണാന്ത്യം. ചെന്നൈയിലെ ജാം ബസാർ കണ്ണഭന്‍ സ്‌ട്രീറ്റില്‍ താമസിക്കുന്ന നാമക്കല്‍ സ്വദേശി മഖില്‍മതിയാണ് മരിച്ചത്. നുങ്കാമ്പക്കത്തെ ട്രെയിനിങ് സെന്‍ററില്‍ സിവില്‍ സര്‍വീസ് പരിശീലനം നേടുകയായിരുന്നു ഇരുപത്തിയഞ്ചുകാരിയായ യുവതി.
സംഭവ ദിവസം യുവതിയുടെ സുഹൃത്ത് രാജ്‌കുമാര്‍ മഖില്‍മതിയുടെ വീട്ടിലെത്തിയിരുന്നു. വാതില്‍ അകത്ത് നിന്ന് പൂട്ടി യുവാവ് ഉറങ്ങാന്‍ കിടന്നു. സായാഹ്ന ക്ലാസ് കഴിഞ്ഞ് മടങ്ങിയെത്തിയ മഖില്‍മതിക്ക്, വാതില്‍ അകത്തുനിന്ന് പൂട്ടിയതിനാല്‍ വീടിനുള്ളില്‍ പ്രവേശിക്കാനായില്ല.
അപകടം സാരി ഉപയോഗിച്ച് താഴേക്കിറങ്ങാന്‍ ശ്രമിക്കുന്നതിനിടെ : രാജ്‌കുമാറിനെ ബന്ധപ്പെടാന്‍ യുവതി ശ്രമിച്ചെങ്കിലും യുവാവ് ഫോണ്‍ എടുത്തില്ല. ഇതേ തുടര്‍ന്ന് യുവതി സാരി ഉപയോഗിച്ച് മൂന്നാം നിലയില്‍ നിന്ന് ബാല്‍ക്കണിയിലേക്ക് ഇറങ്ങി പുറത്തെ വാതില്‍ വഴി വീടിനുള്ളിലേക്ക് കയറാന്‍ ശ്രമിച്ചു. ഇതിനിടെ സാരി കീറി മഖില്‍മതി മൂന്നാം നിലയില്‍ നിന്ന് താഴെ വീഴുകയായിരുന്നു.