തിരുവള്ളൂര്‍:മരിക്കുന്നതിന് മുമ്പ് രണ്ടുകോടി രൂപയോളം വരുന്ന സ്വത്തുവകകള്‍ കാന്‍സര്‍ ആശുപത്രിക്കായി എഴുതി നല്‍കി ഒരമ്മ. ആവഡി കാമരാജ് ടൗണിലെ സുന്ദരിബായാണ് തന്‍റെ മരണത്തിന് മുമ്പ് തന്‍റ വീടും 54 പവന്‍ സ്വര്‍ണവും ബാങ്കില്‍ നിക്ഷേപിച്ചിട്ടുള്ള 61ലക്ഷം രൂപയും കാഞ്ചിപുരം അരിജര്‍ അണ്ണ കാന്‍സര്‍ സെന്‍ററിന് എഴുതി നല്‍കിയത്. സ്വന്തം അമ്മയും അച്ഛനും സഹോദരങ്ങളും ഉള്‍പ്പടെ പ്രിയപ്പെട്ടവരെല്ലാം ഒന്നിന് പിറകെ ഒന്നായി കാന്‍സര്‍ ബാധിച്ച് മരണത്തിന് കീഴടങ്ങിയതോടെയാണ് സുന്ദരിബായ് ഈ തീരുമാനത്തിലേക്കെത്തി ചേരുന്നത്.
കരളലിയിച്ച കത്ത്: ഇവര്‍ക്കെല്ലാം പിന്നാലെ ഫെബ്രുവരി 17 ന് സുന്ദരിബായിയും മരണത്തിന് കീഴടങ്ങി. എന്നാല്‍ മരണമെത്തുന്നതിന് മുമ്പേ ചെയ്‌ത് തീര്‍ക്കാനുള്ളും ലോകത്തോട് തനിക്ക് വിളിച്ച് പറയാനുള്ളതും സുന്ദരിബായി ഒരു കത്തില്‍ കുറിച്ചിരുന്നു. ആ കത്ത് ഇങ്ങനെയാണ്: "എന്റെ വീടും 54 പവൻ സ്വർണാഭരണങ്ങളും ബാങ്ക് അക്കൗണ്ടിലുള്ള 61 ലക്ഷം രൂപയും കാഞ്ചിപുരത്തെ അണ്ണ കാന്‍സര്‍ സെന്‍ററിന് കൈമാറാന്‍ ഞാന്‍ നിങ്ങളോട് അഭ്യര്‍ഥിക്കുന്നു. എന്റെ അയല്‍വീട്ടുകാര്‍ക്കും ഓട്ടോറിക്ഷ ഡ്രൈവർക്കും കൊടുക്കാനുള്ള പണവും നല്‍കണം. മാത്രമല്ല എന്‍റെ വീട്ടില്‍ ഞാന്‍ വളര്‍ത്തിയെടുത്ത പത്ത് പൂച്ചകുട്ടികളെയും നിങ്ങള്‍ സംരക്ഷിക്കണം". ഇതിനെ തുടര്‍ന്ന് ആവഡി പൊലീസ് അസിസ്‌റ്റന്‍റ് ഇന്‍സ്‌പെക്‌ടര്‍ പ്രേമയും ആവഡി വിലിഞ്ചിയമ്പക്കം വില്ലേജ് അഡ്‌മിനിസ്‌ട്രേറ്റിവ് ഓഫിസര്‍ അല്‍ഫോണ്‍സയും കത്തിലുള്ള വസ്‌തുവകകളെല്ലാം കണ്ടെടുത്തു. സുന്ദരിബായിയുടെ വീട് പൂട്ടി സീലും വച്ചു.
എല്ലാം 'പറഞ്ഞപടി' നടക്കും:തുടര്‍ന്ന് മാര്‍ച്ച് 18 ന് സുന്ദരിബായിയുടെ സ്വത്ത് രേഖകളും 54 പവൻ സ്വർണാഭരണങ്ങളും 5000 രൂപ പണമായും ബാങ്ക് അക്കൗണ്ടുകളിലും പോസ്‌റ്റ് ഓഫിസ് അക്കൗണ്ടുകളിലുമുള്ള 60 ലക്ഷം രൂപയും പൊലീസ് റവന്യു അധികൃതര്‍ക്ക് കൈമാറി. ഇവയെല്ലാം രേഖകളും മറ്റും പരിശോധിച്ച് ഉറപ്പുവരുത്തിയ ശേഷം ആവഡി ജില്ല ഡെപ്യൂട്ടി കലക്‌ടര്‍ തിരുവള്ളൂര്‍ ട്രഷറി ഓഫിസിന് കൈമാറി.
മുമ്പും സഹായഹസ്‌തങ്ങള്‍:കഴിഞ്ഞ സെപ്‌തംബറില്‍ ചണ്ഡീഗഡിലെ പോസ്‌റ്റ് ഗ്രാജുവേറ്റ് ഇന്‍സ്‌റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ എഡുക്കേഷന്‍ ആന്‍റ് റിസര്‍ച്ചിലേക്ക് (പിജിഐഎംഇആര്‍) ഇത്തരത്തില്‍ പത്ത് കോടി രൂപ സംഭാവനയായെത്തിയിരുന്നു. എന്നാല്‍ സംഭവന നല്‍കിയയാള്‍ പേരുവിവരം വെളിപ്പെടുത്തിയിരുന്നില്ല. പിജിഐയിലെ തന്നെ ഒരു വിഭാഗത്തിന്‍റെ തലവനായിരുന്ന (എച്ച്ഒഡി) ഡോ.എച്ച്‌കെ ദാസിന്‍റെ കുടുംബമാണ് ഈ രഹസ്യ സംഭാവന നൽകിയതെന്നായിരുന്നു അന്ന് പുറത്തുവന്ന വിവരം. ഇദ്ദേഹത്തിന്‍റെ മരുമകൾ അടുത്തിടെ പിജിഐയിൽ വച്ച് വൃക്ക മാറ്റി വയ്ക്കൽ ശസ്‌ത്രക്രിയയ്‌ക്ക് വിധേയയായിരുന്നുവെന്നും ഇതിനിടയില്‍ രോഗികളുടെ ദുരിതം കണ്ടറിഞ്ഞതാണ് വിശാലമായ ഈ നടപടി സ്വീകരിക്കാൻ കാരണമായതെന്നായിരുന്നു ഇതിന് പിന്നില്‍ പ്രചരിച്ച നിഗമനങ്ങളിലൊന്ന്.
ഒരു രോഗിയുടെ വൃക്ക മാറ്റിവയ്ക്കൽ ശസ്‌ത്രക്രിയയ്ക്ക് ഏതാണ്ട് രണ്ടരലക്ഷം രൂപയാണ് ചെലവ് വരിക. ഇതുപരിഗണിച്ചാല്‍ സംഭാവന ലഭിച്ച 10 കോടി രൂപ ഉപയോഗിച്ച് 450 രോഗികൾക്ക് വൃക്ക മാറ്റിവെക്കാനാവും. ഇത് കൂടാതെ പിജിഐയുടെ നിര്‍ധനരായ രോഗികളുടെ ചികിത്സയ്ക്കായി നേരിട്ടും ഓൺലൈനായും സഹായം ലഭിച്ചുവരുന്നുമുണ്ട്. ഇത്തരത്തില്‍ 2017-18 ന് ശേഷം പിജിഐയുടെ നിര്‍ധന രോഗികളുടെ സൗജന്യ ചികിത്സാ ഫണ്ടിന് പ്രതിവർഷം ഏകദേശം രണ്ടര കോടി രൂപയാണ് സംഭാവനയിനത്തില്‍ ലഭിച്ചുവരുന്നുണ്ട്.