കേരൻ (ജമ്മുകശ്‌മീർ):ഒറ്റ പ്രസവത്തിൽ നാല് കുഞ്ഞുങ്ങൾക്ക് ജന്മം നൽകിയെങ്കിലും മണിക്കൂറുകൾക്കുള്ളിൽ അതിൽ മൂന്ന് പേരെയും നഷ്‌ടപ്പെട്ട് ഒരമ്മ. ജമ്മു കശ്‌മീരിലെ കുപ്‌വാര ജില്ലയിലാണ് സംഭവം (woman Delivers Quadruplets and Three Die). വടക്കൻ കശ്‌മീരിൽ നിന്നുള്ള ഷഫാഖ് ഭട്ടിനും ഭാര്യ ഖാലിദയ്‌ക്കുമാണ് വലിയ ദുരന്തം നേരിടേണ്ടി വന്നത്. ഖാലിദ ജന്മം നൽകിയ മൂന്ന് നവജാത ശിശുക്കൾ മരിച്ചതായി പ്രാദേശിക റിപ്പോർട്ടുകൾ പുറത്തുവന്നു.
ഗുരുതരാവസ്ഥയിലുള്ള നാലാമത്തെ കുഞ്ഞിനെ വിദഗ്‌ധ ചികിത്സയ്‌ക്കായി ശ്രീനഗറിലെ ഒരു മെഡിക്കൽ സ്ഥാപനത്തിലേക്ക് മാറ്റി. കുപ്‌വാരയിലെ സബ് ജില്ലാ ആശുപത്രിയിൽ (എസ്‌ഡിഎച്ച്) ആണ് ഖാലിദ നാല് കുഞ്ഞുങ്ങൾക്ക് ജന്മം നൽകിയത്. എന്നാൽ ഇവരിൽ മൂന്ന് നവജാതശിശുക്കൾ മരണപ്പെടുകയായിരുന്നെന്നും ഇത് മാതാപിതാക്കളെ തകർത്തുകളഞ്ഞെന്നും ഒരു ഉദ്യോഗസ്ഥൻ പറഞ്ഞു.
ശേഷിക്കുന്ന പെൺകുഞ്ഞിനെ പ്രത്യേക പരിചരണത്തിനായി ഉടൻ തന്നെ ശ്രീനഗറിലെ ആശുപത്രിയിലേക്ക് മാറ്റിയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. നാല് നവജാത ശിശുക്കളിൽ മൂന്ന് പേർ ആൺകുട്ടികളും ഒരാൾ പെൺകുട്ടിയുമാണെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു. ഒരു പ്രസവത്തിൽ നാല് കുട്ടികളെ ലഭിച്ച സന്തോഷം പൊടുന്നനെ അഗാധമായ ദുഃഖത്തിലേക്ക് വഴിമാറിയ ദാരുണമായ വാർത്ത സമൂഹ മാധ്യമങ്ങളിലടക്കം അതിവേഗം പ്രചരിക്കുകയാണ്.
കഴിഞ്ഞ വർഷം സെപ്‌റ്റംബറിൽ ഒഡീഷയിലെ സോനെപൂർ ജില്ലയിലും ഒരു സ്ത്രീ ഒറ്റ പ്രസവത്തിൽ നാല് കുഞ്ഞുങ്ങൾക്ക് ജന്മം നൽകിയിരുന്നു. ബുർളയിലെ വീർ സുരേന്ദ്ര സായ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസ് ആൻഡ് റിസർച്ചിൽ (വിംസാർ) വച്ചാണ് യുവതി നാല് കുഞ്ഞുങ്ങളെ പ്രസവിച്ചത്. നാല് കുഞ്ഞുങ്ങളിൽ മൂന്നുപേർ പെൺകുഞ്ഞുങ്ങളും ഒരാൾ ആൺകുഞ്ഞുമാണ്.