മുംബൈ: മഹാരാഷ്‌ട്രയില്‍ യുവതി ആശുപത്രി വളപ്പിലെ ഓട്ടോറിക്ഷയില്‍ പ്രസവിച്ച സംഭവത്തില്‍ ആശുപത്രി ജീവനക്കാര്‍ക്ക് കാരണം കാണിക്കല്‍ നോട്ടിസ് നല്‍കി ആരോഗ്യ വകുപ്പ്. മഹാരാഷ്‌ട്രയിലെ ഹിംഗോളിയിലെ വസ്‌മത് ഗ്രാമീണ മഹിള ആശുപത്രി ജീവനക്കാര്‍ക്കാണ് നോട്ടിസ് നല്‍കിയത്. ഒരു ദിവസത്തിനകം ജീവനക്കാരോട് മറുപടി നല്‍കാനാണ് നോട്ടിസിലെ നിര്‍ദേശം.
ഇക്കഴിഞ്ഞ തിങ്കളാഴ്‌ചയാണ് സംഭവം. ഹിംഗോളി ഗ്രാമവാസിയായ യുവതിയാണ് ഓട്ടോറിക്ഷയില്‍ കുഞ്ഞിന് ജന്മം നല്‍കിയത്. രാവിലെ പ്രസവ വേദന അനുഭവപ്പെട്ടതിന് പിന്നാലെ ഓട്ടോറിക്ഷയില്‍ യുവതിയെ ആശുപത്രിയിലെത്തിച്ചു. എന്നാല്‍ ആശുപത്രിയില്‍ നിന്ന് വിരമിക്കുന്ന സൂപ്രണ്ടിന് യാത്രയപ്പ് നല്‍കുന്ന ചടങ്ങില്‍ പങ്കെടുക്കുകയായിരുന്നു ഡോക്‌ടര്‍മാര്‍ അടക്കമുള്ള ജീവനക്കാര്‍.
ചടങ്ങിനിടെ യുവതിക്ക് ചികിത്സ നല്‍കാനോ ഓട്ടോറിക്ഷയിലെത്തിച്ച യുവതിയെ ലേബര്‍ റൂമിലെത്തിക്കാനോ ജീവനക്കാര്‍ തയ്യാറായില്ല. ഇതേ തുടര്‍ന്ന് യുവതി ഓട്ടോറിക്ഷയില്‍ പ്രസവിക്കുകയായിരുന്നു. സംഭവ സമയത്ത് യുവതിയുടെ അടുത്ത് ഡോക്‌ടര്‍മാരോ നഴ്‌സുമാരോ ഉണ്ടായിരുന്നില്ലെന്നും ജീവനക്കാര്‍ യാത്രയപ്പ് ചടങ്ങില്‍ പങ്കെടുക്കുന്ന തിരക്കിലാണെന്നും വ്യക്തമാക്കുന്ന വീഡിയോ ദൃശ്യങ്ങള്‍ പുറത്ത് വന്നിട്ടുണ്ട്.
സംഭവത്തിന്‍റെ ദൃശ്യങ്ങള്‍ പുറത്ത് വന്നതോടെയാണ് ജീവനക്കാര്‍ക്കെതിരെ ആരോഗ്യ വകുപ്പ് നടപടിയെടുത്തത്. ആശുപത്രിയിലെത്തുന്ന രോഗികള്‍ക്ക് പ്രയാസമുണ്ടാകുന്ന തരത്തില്‍ ജോലി സമയങ്ങളില്‍ ഇത്തരം ചടങ്ങുകള്‍ നടത്തുന്നത് തെറ്റാണെന്ന് സര്‍ജന്‍ മങ്കേഷ് തെഹാരെ പറഞ്ഞു. സംഭവം ഭരണക്കൂടം ഗൗരവമായി എടുത്തിട്ടുണ്ടെന്നും അന്വേഷണം നടത്തി കുറ്റക്കാരാണെന്ന് കണ്ടെത്തുന്നവര്‍ക്കെതിരെ കടുത്ത നടപടി എടുക്കുമെന്നും തെഹാരെ പറഞ്ഞു.
യുവതി ആശുപത്രി മുറ്റത്ത് പ്രസവിച്ചു അല്ലെങ്കില്‍ ആശുപത്രിയിലേക്കുള്ള വഴിയില്‍ ആംബുലന്‍സില്‍ വച്ച് കുഞ്ഞിന് ജന്മം നല്‍കി തുടങ്ങി നിരവധി വാര്‍ത്തകളാണ് ദിവസം തോറും മാധ്യമങ്ങളിലൂടെ പുറത്ത് വരുന്നത്. പുറം ലോകം അറിയുന്ന വാര്‍ത്തകളില്‍ അധികവും ആംബുലന്‍സിലുണ്ടായ സുഖപ്രസവം, ട്രെയിനില്‍ വച്ച് യുവതി പ്രസവിച്ചു റെയില്‍വേ അധികൃതര്‍ സഹായവുമായെത്തി എന്നിങ്ങനെ തുടങ്ങുന്ന വാര്‍ത്തകളാണ്.
എന്നാല്‍ ഇതിനെല്ലാം അപ്പുറം ആശുപത്രി ജീവനക്കാരുടെയും മറ്റും അശ്രദ്ധ കൊണ്ട് ആശുപത്രി മുറ്റത്തും വരാന്തയിലുമെല്ലാം യുവതികള്‍ പ്രസവിക്കുന്ന വാര്‍ത്തകളും അടുത്തിടെ നിരവധി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.
ഭോപ്പാലില്‍ നിന്നൊരു സമാന സംഭവം: മധ്യപ്രദേശിലെ ജില്ല ആരോഗ്യ കേന്ദ്രത്തില്‍ നിന്നും അടുത്തിടെ പുറത്ത് വന്ന വാര്‍ത്ത ഏറെ ഭയാനകമാണ്. ജില്ല ആരോഗ്യ കേന്ദ്രത്തിന് പുറത്ത് യുവതി പ്രസവിച്ചെങ്കിലും ഡോക്‌ടര്‍ അടക്കമുള്ള ജീവനക്കാര്‍ ആരും സഹായത്തിനെത്തിയില്ലെന്ന പരാതിയുമായി യുവതിയുടെ ഭര്‍ത്താവ്. ഡോക്‌ടര്‍മാരും നഴ്‌സുമാരും എല്ലാവരും ചുറ്റുമുണ്ടായിരുന്നെന്നും അവരാരും സഹായിച്ചില്ലെന്നുമാണ് കുടുംബത്തിന്‍റെ പരാതി. രാവിലെ മുതല്‍ ഭാര്യക്ക് പ്രസവ വേദന അനുഭവപ്പെട്ടിരുന്നു. തുടര്‍ന്ന് ആംബുലന്‍സിനായി ആശുപത്രിയില്‍ ബന്ധപ്പെട്ടിട്ടും ഏറെ വൈകിയാണ് ആംബുലന്‍സ് എത്തിയത്.
ഭോപ്പാലില്‍ നിന്ന് 60 കിലോമീറ്റര്‍ താണ്ടി ശിവപുരിയിലെ ആശുപത്രി മുറ്റത്ത് എത്തിയിട്ടും ആശുപത്രിയിലെ ലേബര്‍ റൂമിലെത്തിക്കാന്‍ അധികൃതര്‍ എത്തിയില്ലെന്നും തുടര്‍ന്ന് ആശുപത്രി മുറ്റത്ത് ഭാര്യ പ്രസവിക്കുകയായിരുന്നെന്നും ഭര്‍ത്താവ് പറഞ്ഞു. സംഭവത്തെ തുടര്‍ന്ന് ജീവനക്കാര്‍ എത്താത്തതിനെ തുടര്‍ന്ന് ആശുപത്രിയിലെ ജനങ്ങള്‍ തടിച്ച് കൂടാന്‍ തുടങ്ങിയപ്പോഴാണ് ആശുപത്രി ജീവനക്കാര്‍ വന്നതെന്നും യുവാവ് പറഞ്ഞു.