അമരാവതി:ആന്ധ്രാപ്രദേശില്‍ യുവതി കഴുത്തറുത്ത് പരിക്കേല്‍പ്പിച്ച പ്രതിശ്രുതവരന്‍റെ നില ഗുരുതരം. കണ്ണുപൊത്തികളിക്കാനെന്ന പേരില്‍ യുവാവിന്‍റെ കണ്ണുകെട്ടിയാണ് യുവതി കൃത്യം നിര്‍വഹിച്ചത്. ഒളിവില്‍ പോയ പ്രതി വിയ്യപ്പു പുഷ്‌പയ്‌ക്കായി പൊലീസ് അന്വേഷണം ഊര്‍ജിതം.
പൊലീസ് പറയുന്നത് ഇങ്ങനെ:ബുച്ചയ്യ പേട്ട് മണ്ഡലത്തിലെ കൊമ്ലാപ്പുടിയിലാണ് സംഭവം. മാടുഗുള മണ്ഡലം ഘട്ട് സ്വദേശി അദ്ദേപ്പള്ളി രാമനായിഡുവും രവികമഠം സ്വദേശി വിയ്യപ്പു പുഷ്‌പയുടെയും വിവാഹം 2022 മെയ് 20ന് നടത്താനാണ് നിശ്ചയിച്ചത്. തിങ്കളാഴ്‌ച വടാടിയിൽ ഷോപ്പിങ്ങിനായി ഇരുവരും ബൈക്കില്‍ പോവുകയുണ്ടായി.
ശേഷം, കോമല്ലപ്പുടിയിലെ ബാബ ആശ്രമം സന്ദര്‍ശിച്ചു. ഇതിനിടെ, തമാശയ്‌ക്കെന്ന വ്യാജേനെ കണ്ണുപൊത്തികളിയ്‌ക്കായി യുവാവിന്‍റെ കണ്ണുകെട്ടി. തുടര്‍ന്ന്, കത്തികൊണ്ട് കഴുത്തറുക്കുകയായിരുന്നു. പിന്നീട് ഇരുചക്രവാഹനത്തിൽ രവികമഠത്തിലെ പ്രാഥമികാരോഗ്യ കേന്ദ്രത്തില്‍ യുവാവിനെ ഇവര്‍ എത്തിച്ചു.
തൊണ്ടയിൽ എന്തോ കുത്തിയെന്നാണ് ഡോക്‌ടര്‍മാരോട് യുവതി പറഞ്ഞത്. നില ഗുരുതരമായതോടെ യുവാവിനെ പ്രാഥമികാരോഗ്യ കേന്ദ്രത്തില്‍ നിന്നും അനക്കാപ്പള്ളി സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. വിവാഹത്തിന് താത്‌പര്യമില്ലാത്തതിനിലാണ് ആക്രമിച്ചതെന്ന് യുവതി പറഞ്ഞതായി അദ്ദേപ്പള്ളി രാമനായിഡു പൊലീസിന് മൊഴിനല്‍കി.