ലക്‌നൗ : ഉത്തർപ്രദേശിൽ ലിംഗമാറ്റ ശസ്‌ത്രക്രിയയ്‌ക്ക് (Sex Reassignment Surgery) വിധേയയാകാൻ ഡിജിപിയിൽ നിന്നും അനുമതി തേടി വനിത കോൺസ്‌റ്റബിൾ (Woman Constable). ഗോരഖ്‌പൂരിലെ ലോക്കൽ ഇന്‍റലിജൻസ് യൂണിറ്റിൽ (Local Intelligence Unit) ജോലി ചെയ്യുന്ന അയോധ്യ നിവാസിയായ വനിത പൊലീസ് ഉദ്യോഗസ്ഥയാണ് ലിംഗമാറ്റ നടപടിക്രമങ്ങൾക്കായി അനുമതി തേടിയിട്ടുള്ളത് (Permission For Sex Reassignment Surgery). പുരുഷനായി ലിംഗമാറ്റം നടത്താനായി അവർ ഇന്ന് അപേക്ഷ സമർപ്പിച്ചു. ഇതുമായി ബന്ധപ്പെട്ട് ഡൽഹിയിലെ ഡോക്‌ടർമാരുമായി നേരത്തെ ചർച്ച നടത്തിയിട്ടുള്ളതാണ്.
പൊലീസിലെ നിയമനം വഴിത്തിരിവായി :2019 ലാണ് യുവതി ഉത്തർപ്രദേശ് പൊലീസിൽ നിയമിതയാകുന്നത്. സ്‌ത്രീയേക്കാൾ പുരുഷ വ്യക്തിത്വത്തിലാണ് താൻ കൂടുതൽ ആകർഷിക്കപ്പെടുന്നതെന്നും പുരുഷനായി ജീവിക്കാനാണ് താൻ ഇഷ്‌ടപ്പെടുന്നതെന്നും ഡിജിപിക്ക് അയച്ച അപേക്ഷയിൽ ഉദ്യോഗസ്ഥ സൂചിപ്പിച്ചു. ക്രിക്കറ്റ് കളിക്കാൻ ഏറെ താത്‌പര്യമുള്ള അവർ ചെറുപ്പത്തിലേ തന്‍റെ ലിംഗ വ്യത്യാസം മനസിലാക്കിയിരുന്നതായി വെളിപ്പെടുത്തി. പൊലീസ് സർവീസിൽ ചേർന്നതോടെ ലിംഗമാറ്റ ശസ്‌ത്രക്രിയ നടത്തേണ്ടതിന്‍റെ ആവശ്യകത കൂടുതൽ തിരിച്ചറിയുകയായിരുന്നു. തുടർന്ന് ഡൽഹിയിലെ ഡോക്‌ടർമാരുമായി ചർച്ച നടത്തി വകുപ്പിൽ നിന്നും അനുമതി തേടാൻ മുൻകൈ എടുത്തു.
വനിത ഉദ്യോഗസ്ഥയുടെ അപേക്ഷ ലഭിച്ചതിന് പിന്നാലെ കോൺസ്റ്റബിളിന് ആവശ്യമായ കൗൺസിലിങ് നൽകണമെന്ന് ആവശ്യപ്പെട്ട് ഡിജിപി ഓഫിസിൽ നിന്നും ഗൊരഖ്‌പൂർ പൊലീസിന് കത്ത് നൽകി. ഇത്തരമൊരു തീരുമാനം എടുക്കാനുള്ള അവരുടെ മാനസികാവസ്ഥ മനസിലാക്കാനാണ് ഡിജിപി പൊലീസിനോട് ആവശ്യപ്പെട്ടിട്ടുള്ളത്. ഇതുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ വെളിപ്പെടുത്താൻ പൊലീസ് തയ്യാറായിട്ടില്ല.