ലഖ്‌നൗ:ഉത്തര്‍ പ്രദേശില്‍ പൊലീസ് കമ്മിഷണറുടെ ഓഫിസിൽവച്ച് (Police Commissioner's office in Lucknow) വനിത കോൺസ്റ്റബിളിനെ ഹെഡ് കോൺസ്റ്റബിൾ (Head constable in Lucknow) പീഡിപ്പിച്ചതായി പരാതി. ഇതുസംബന്ധിച്ച് സെപ്‌റ്റംബര്‍ ഒന്നിന് പൊലീസുകാരി പരാതി നൽകിയിരുന്നു. എന്നാല്‍, പ്രതിക്കെതിരെ ഇതുവരെ നടപടിയുണ്ടായിട്ടില്ലെന്ന് പരാതിക്കാരി പറയുന്നു.
ഹെഡ് കോൺസ്റ്റബിൾ തന്നെ പീഡിപ്പിച്ചതായി വനിത കോൺസ്റ്റബിൾ ആരോപിച്ചതായി ജോയിന്‍റ് പൊലീസ് കമ്മിഷണർ, ക്രൈം കമ്മിഷണർ ആകാശ് കുൽഹാരി മാധ്യമങ്ങളോട് പറഞ്ഞു. യുവതിയുടെ പരാതിയുടെ അടിസ്ഥാനത്തിൽ അന്വേഷണം നടക്കുകയാണെന്നും കുൽഹാരി വ്യക്തമാക്കി. പൊലീസ് കമ്മിഷണറുടെ കാര്യാലയത്തില്‍ നിയോഗിക്കപ്പെട്ടതായിരുന്നു അതിജീവിത. വനിത പൊലീസുകാരിയുടെ പരാതിയിൽ ഡെപ്യൂട്ടി പൊലീസ് കമ്മിഷണറുടെ നേതൃത്വത്തില്‍ ആഭ്യന്തര അന്വേഷണ സമിതി (Internal complaints committee) അന്വേഷണം നടത്തിവരികയാണ്.
'പരാതിയുടെ അടിസ്ഥാനത്തില്‍ അന്വേഷണം ആരംഭിച്ചു':രക്ഷാബന്ധൻ ദിനത്തിലാണ് പൊലീസ് കമ്മിഷണറുടെ ഓഫിസിൽ പീഡനം നടന്നത്. നേരത്തെ മറ്റൊരിടത്ത് ജോലി ചെയ്‌തിരുന്ന അതിജീവിത അടുത്തിടെയാണ് ലഖ്‌നൗവിലേക്ക് സ്ഥലം മാറ്റംകിട്ടി എത്തിയത്. ഡ്യൂട്ടിയിൽ പ്രവേശിക്കാന്‍ 57-ാം നമ്പർ മുറിയിലെത്തിയപ്പോൾ അവിടെയുണ്ടായിരുന്ന ഹെഡ് കോൺസ്റ്റബിൾ തന്നോട് മോശമായി പെരുമാറിയെന്ന് യുവതി പരാതിയില്‍ ചൂണ്ടിക്കാട്ടുന്നു. ഹെഡ് കോൺസ്റ്റബിൾ പൊലീസുകാരിയെ കസേരയിൽ ഇരുത്തി പീഡിപ്പിക്കുകയായിരുന്നെന്നും പരാതിയില്‍ വ്യക്തമാക്കുന്നു.
സംഭവത്തെ തുടര്‍ന്ന് യുവതി തന്‍റെ വീട്ടിലേക്ക് പോവുകയുണ്ടായി. പിറ്റേന്ന്, ഹെഡ് കോൺസ്റ്റബിളിനെതിരെ പൊലീസ് കമ്മിഷണറുടെ ഓഫിസിലെ ഉന്നത ഉദ്യോഗസ്ഥനോട് പരാതിപ്പെട്ടു. മൊബൈലില്‍ എടുത്തുവച്ച ഫോട്ടോയുടെ സഹായത്തോടെയാണ് ഉന്നത ഉദ്യോഗസ്ഥൻ പ്രതിയെ തിരിച്ചറിഞ്ഞത്. വനിത കോണ്‍സ്റ്റബിളിന്‍റെ പരാതിയുടെ അടിസ്ഥാനത്തില്‍ അന്വേഷണം ആരംഭിച്ചതായി ഉന്നത പൊലീസ് ഉദ്യോഗസ്ഥര്‍ മാധ്യമങ്ങളെ അറിയിച്ചു.