ജബല്‍പൂര്‍:യുവതിയെ തട്ടിക്കൊണ്ടുപോയി കത്തിക്കാണിച്ച് ഭീഷണിപ്പെടുത്തി എട്ട് ദിവസത്തോളം ബലാത്സംഗത്തിന് ഇരയാക്കിയതായി പരാതി. ജബല്‍പൂരില്‍ നിന്നും തട്ടിക്കൊണ്ടുപോയ വിവാഹിതായ യുവതിയെ അക്രമികള്‍ മതപരിവര്‍ത്തനത്തിന് സമ്മര്‍ദം ചെലുത്തിയതായും പരാതിയില്‍ പറയുന്നു. യുവതിയെ ഇസ്‌ലാം മതം സ്വീകരിക്കാന്‍ നിര്‍ബന്ധിച്ചതായും, നിര്‍ബന്ധിപ്പിച്ച് ബീഫ് തീറ്റിച്ചതായും ആരോപണമുണ്ട്.
യുവതിയെ കാണാതായതിനെ തുടര്‍ന്ന് ഭര്‍ത്താവ് സമര്‍പ്പിച്ച പരാതിയിലാണ് ഭോപ്പാലില്‍ വച്ച് പൊലീസ് യുവതിയെ കണ്ടെത്തുന്നത്. തുടര്‍ന്ന് ഇവരെ ജബല്‍പൂരിലേക്ക് കൊണ്ടുവരികയായിരുന്നു. ഇതിന് പിന്നാലെ യുവതിയും ഭര്‍ത്താവും ഹിന്ദു ധര്‍മ സേനയിലെ അംഗങ്ങളും ഒന്നിച്ച് ജബൽപൂർ കന്‍റോണ്‍മെന്‍റ് പൊലീസ് സ്‌റ്റേഷനിലെത്തിയാണ് ബലാത്സംഗം നടന്നതായി പരാതി നല്‍കുന്നത്. കുറ്റവാളികള്‍ക്കെതിരെ നടപടി സ്വീകരിക്കണമെന്നും അവര്‍ ആവശ്യപ്പെട്ടു.
അതേസമയം ഹിന്ദു ധർമ്മ സേന പ്രവർത്തകർ നിര്‍ബന്ധിച്ചതോടെയാണ് യുവതി, അംജദ് ഖാന്‍ എന്നയാള്‍ക്കെതിരെ മതംമാറ്റം, ബലാത്സംഗം, എന്നീ കുറ്റങ്ങള്‍ ആരോപിച്ച് പരാതി നല്‍കുന്നത്. പരാതിയില്‍ ഉടന്‍ നടപടിയുണ്ടായില്ലെങ്കില്‍ പൊലീസ് സ്‌റ്റേഷന്‍ ഉപരോധം പോലുള്ള പ്രതിഷേധങ്ങളിലേക്ക് നീങ്ങുമെന്ന് ഹിന്ദു ധർമ്മ സേനയും അറിയിച്ചു. എന്നാല്‍ ഭോപ്പാലില്‍ നിന്ന് ജബൽപൂരിലേക്ക് കൊണ്ടുവന്നപ്പോൾ യുവതി ഇതേപറ്റിയൊന്നും പറഞ്ഞിരുന്നില്ലെന്നും വനിത പൊലീസ് ഓഫിസറുടെ സാന്നിധ്യത്തില്‍ ഇവരുടെ മൊഴി രേഖപ്പെടുത്തിയതായും ടൗണ്‍ ഇന്‍സ്‌പെക്‌ടര്‍ ആര്‍ കെ സോണിയും അറിയിച്ചു.
സംഭവത്തെ കുറിച്ച് യുവതി പിന്നീട് പൊലീസിനോട് പറയുന്നതിങ്ങനെ:പ്രതിയായ അംജദ് ഖാൻ തങ്ങളുടെ വീട്ടിൽ വരാറുണ്ടായിരുന്നു. തന്‍റെ ഭർത്താവിന് അദ്ദേഹം ജോലിയും നല്‍കാറുണ്ടായിരുന്നു. അങ്ങനെയിരിക്കെ ഒരു ദിവസം തന്നെ ഭോപ്പാലിലേക്ക് തട്ടിക്കൊണ്ടുപോയി. ഇവിടെ വച്ച് എട്ട് ദിവസത്തോളം ഇയാള്‍ കത്തിചൂണ്ടി ബലാത്സംഗം ചെയ്‌തു. സംഭവം മറ്റാരോടെങ്കിലും പറഞ്ഞാൽ ഗുരുതരമായ പ്രത്യാഘാതങ്ങൾ നേരിടേണ്ടിവരുമെന്ന് തന്നെ ഭീഷണിപ്പെടുത്തി. ഇതിനിടെ ഇസ്‌ലാം മതം സ്വീകരിക്കാനും ബീഫ് കഴിക്കാൻ നിർബന്ധിക്കുകയും ചെയ്‌തതായും യുവതി പറഞ്ഞു.
പെണ്‍കുട്ടിയെ രണ്ട് വര്‍ഷത്തോളം പീഡനത്തിനിരയാക്കി: ആന്ധ്രാപ്രദേശിലെ വിശാഖപട്ടണത്ത് കൗമാരക്കാരിയെ രണ്ട് വർഷം തടവിൽവച്ച് ബലാത്സംഗം ചെയ്‌ത സംഭവത്തില്‍ 64കാരനായ സ്വാമി ചൊവ്വാഴ്‌ച പിടിയിലായിരുന്നു. വിജയവാഡ സ്വദേശിനിയായ 15 കാരിയുടെ ബന്ധുക്കള്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് പൊലീസ് ഇയാള്‍ക്കെതിരെ കേസെടുത്തത്. വിശാഖപട്ടണത്തെ ആശ്രമത്തിലെ സന്യാസിയായ പൂർണാനന്ദയെ ഇന്നലെ (ജൂണ്‍ 19) രാത്രി പൊലീസെത്തി അറസ്റ്റ് ചെയ്യുകയായിരുന്നു. ആശ്രമത്തിൽ നിന്ന് പെൺകുട്ടി രക്ഷപ്പെട്ടതോടെയാണ് ഞെട്ടിപ്പിക്കുന്ന സംഭവം പുറംലോകം അറിയുന്നത്.
കുട്ടിയുടെ മാതാപിതാക്കള്‍ മുമ്പ് മരിച്ചിരുന്നു. ഇക്കാരണത്താല്‍ രണ്ട് വർഷം മുന്‍പാണ് കൗമാരക്കാരിയെ ബന്ധുക്കള്‍ വിശാഖപട്ടണത്തെ ആശ്രമത്തില്‍ എത്തിക്കുന്നത്. ആദ്യദിവസങ്ങളില്‍ ആശ്രമത്തിന്‍റെ ഭരണസമിതി അംഗം കൂടിയായ പൂർണാനന്ദ പശുക്കൾക്ക് തീറ്റ നല്‍കാനുള്ള ചുമതലയായിരുന്നു കുട്ടിക്ക് നല്‍കിയിരുന്നത്. പിന്നീട് നാളുകള്‍ക്ക് ശേഷം കുട്ടിയെ രാത്രിയിൽ സ്വാമി തന്‍റെ മുറിയിൽ കൊണ്ടുപോവുകയും അവിടെവച്ച് ബലാത്സംഗം ചെയ്യുകയുമായിരുന്നെന്നാണ് 15കാരിയുടെ മൊഴി. ലൈംഗികാതിക്രമം നിരവധി തവണയുണ്ടെന്നും ചങ്ങല ഉപയോഗിച്ച് ബന്ദിയാക്കി മർദിച്ചെന്നും പെൺകുട്ടി പരാതിയില്‍ അറിയിച്ചിരുന്നു.
Also read: മദ്യപിച്ച് അബോധാവസ്ഥയിലായ യുവതിയെ പീഡിപ്പിച്ചു; യുകെയിൽ ഇന്ത്യൻ വിദ്യാർഥിക്ക് 6 വർഷം തടവ്