സിര്‍സില്ല (തെലങ്കാന): സ്‌ത്രീധനത്തെ ചൊല്ലി ഭര്‍ത്താവ് പീഡിപ്പിച്ചതിനെ തുടര്‍ന്ന് കുട്ടികളെ കൊലപ്പെടുത്തി യുവതി ആത്‌മഹത്യ ചെയ്‌തു. തെലങ്കാന സിര്‍സില്ല ജില്ലയില്‍ ബൊയ്‌നപ്പള്ളിയില്‍ ഇന്നലെ (ജൂണ്‍ 30) ആണ് സംഭവം. വെമുലവാഡ മണ്ഡലത്തിലെ രുദ്രവാര സ്വദേശിയായ രജിത എന്ന നേശ (30) ആണ് തന്‍റെ മൂന്ന് കുട്ടികളെയും കൊലപ്പെടുത്തി ആത്‌മഹത്യ ചെയ്‌തത്.
സംഭവത്തെ കുറിച്ച് പൊലീസ് പറയുന്നത് ഇങ്ങനെ: രജിത കരിംനഗറില്‍ കമ്പ്യൂട്ടര്‍ കോഴ്‌സ് പഠിക്കുന്ന സമയത്താണ് സുഭാഷ് നഗറില്‍ വാഴപ്പഴം വില്‍പ്പന നടത്തിയിരുന്ന മുഹമ്മദ് അലിയെ പരിചയപ്പെടുന്നത്. ഇരുവരും സൗഹൃദത്തിലാകുകയും സൗഹൃദം പിന്നീട് പ്രണയമാകുകയും ചെയ്‌തു. വ്യത്യസ്‌ത മതത്തില്‍ നിന്നുള്ളവരായതിനാല്‍ ഇവരുടെ വിവാഹത്തിന് വീട്ടുകാര്‍ എതിര്‍പ്പ് പ്രകടിപ്പിച്ചു.
എന്നാല്‍ എതിര്‍പ്പ് അവഗണിച്ച് ഇവര്‍ വിവാഹം ചെയ്യുകയായിരുന്നു. പത്ത് വര്‍ഷം മുന്‍പാണ് രജിതയും (പിന്നീട് നേശ എന്ന് പേര് മാറ്റി) മുഹമ്മദ് അലിയും വിവാഹം കഴിച്ചത്. ഇവര്‍ക്ക് മുഹമ്മദ് അയാൻഷ് (ഏഴ്), ഉസ്‌മാൻ മുഹമ്മദ് (14 മാസം) എന്നീ രണ്ട് ആൺമക്കളും അഷ്‌റസാബിൻ (അഞ്ച്) എന്ന മകളുമുണ്ട്.
വിവാഹം കഴിഞ്ഞ് ഏറെ വൈകാതെ തന്നെ മുഹമ്മദ് അലി സ്‌ത്രീധനത്തിന്‍റെ പേരില്‍ രജിതയെ പീഡിപ്പിക്കാന്‍ തുടങ്ങി. ഇതിനിടെ യുവതി വെമുലവാഡ പൊലീസില്‍ പരാതി നല്‍കുകയും ചെയ്‌തിരുന്നു. ലോക് അദാലത്തില്‍ വച്ച് രജിതയെ ഉപദ്രവിക്കില്ലെന്ന് മുഹമ്മദ് അലി ഉറപ്പു കൊടുത്തതോടെ പ്രശ്‌നം ഒത്തുതീര്‍പ്പായി.
എന്നാല്‍ ദിവസങ്ങള്‍ക്ക് ശേഷം ഇയാള്‍ വീണ്ടും പീഡനം ആരംഭിച്ചു. സ്‌ത്രീധനം ആവശ്യപ്പെട്ട് രജിതയുടെ വീട്ടുകാരുമായും ഇയാള്‍ വഴക്കിട്ടിരുന്നു. ജൂണ്‍ 27ന് ഭാര്യയെയും മക്കളെയും ഇയാള്‍ വീട്ടില്‍ നിന്ന് ഇറക്കിവിട്ടു. രുദ്രവാരത്തുള്ള മാതാപിതാക്കളുടെ അടുത്തെത്തിയ രജിതയോട് ഭര്‍ത്താവിന്‍റെ വീട്ടിലേക്ക് മടങ്ങി പോകാന്‍ കുടുംബം ആവശ്യപ്പെട്ടു.
പിറ്റേന്ന്, ജൂണ്‍ 28ന് രജിതയെയും മക്കളെയും രജിതയുടെ അച്ഛന്‍ രാജ നര്‍സു, ബസ് സ്റ്റോപ്പില്‍ കൊണ്ടുവിട്ടു. പിന്നാലെ ഇയാള്‍ വെമുലവാഡ പൊലീസ് സ്റ്റേഷനിലെത്തി മകളെ ഭര്‍ത്താവ് സ്‌ത്രീധനത്തിന്‍റെ പേരില്‍ പീഡിപ്പിക്കുന്നതായി പരാതിപ്പെട്ടു. ബക്രീദിന് ശേഷം പ്രശ്‌നം ഒത്തുതീര്‍പ്പാക്കാം എന്ന് പറഞ്ഞ് പൊലീസ് ഇയാളെ മടക്കി അയക്കുകയായിരുന്നു.
ഇന്നലെ (ജൂണ്‍ 30) കൊടുരുപാക ദേശീയപാതയോട് ചേര്‍ന്നുള്ള ജലാശയത്തിനരികിലാണ് രജിതയുടെയും മൂന്ന് കുട്ടികളുടെയും മൃതദേഹം കണ്ടെത്തിയത്. നാട്ടുകാര്‍ വിവരം അറിയിച്ചതിനെ തുടര്‍ന്ന് വെമുലവാഡ പൊലീസ് സ്ഥലത്തെത്തി. സംഭവസ്ഥലത്തു നിന്നും ലഭിച്ച ബാഗില്‍ കണ്ടെത്തിയ വിലാസത്തിന്‍റെയും ഫോണ്‍ നമ്പറിന്‍റെയും അടിസ്ഥാനത്തില്‍ രജിതയുടെ ഭര്‍ത്താവ് മുഹമ്മദ് അലിയെയും സഹോദരനെയും പൊലീസ് ബന്ധപ്പെട്ടു.
രജിതയുടെ ഇളയ സഹോദരന്‍ രഞ്ജിത്തിന്‍രെ പരാതിയില്‍ കേസ് രജിസ്റ്റര്‍ ചെയ്‌തതായി എസ്‌ഐ മഹേന്ദര്‍ അറിയിച്ചു. സ്‌ത്രീധന പീഡനത്തെ തുടര്‍ന്ന് രജിത ആത്‌മഹത്യ ചെയ്‌തെന്നാണ് പരാതിയിലുള്ളത്. മൃതദേഹങ്ങള്‍ പോസ്റ്റ്‌മോര്‍ട്ടം നടപടികള്‍ക്കായി സിര്‍സില്ല ആശുപത്രിയിലേക്ക് കൊണ്ടുപോയി.