ലഖ്‌നൗ: സ്വന്തം വീടുകളിലെങ്കിലും സ്ത്രീകള്‍ക്ക് സുരക്ഷ ഉറപ്പാക്കണമെന്ന് ആവശ്യപ്പെട്ട് പ്രധാനമന്ത്രിക്ക് കത്തെഴുതിവച്ച ശേഷം യുവതി ആത്മഹത്യ ചെയ്തു. ആഗ്രയിലാണ് സംഭവം. മോന ദ്വിവേദി എന്ന 30കാരിയാണ് നാടൻ തോക്ക് ഉപയോഗിച്ച് സ്വയം വെടിവച്ച് മരിച്ചത്. വെടിയൊച്ച കേട്ട് എത്തിയ അയല്‍വാസികളാണ് യുവതിയെ മരിച്ച നിലയില്‍ കണ്ടെത്തിയത്.
തുടര്‍ന്ന് ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മരിക്കുന്നതിന് മുമ്പ് പ്രധാനമന്ത്രിക്ക് ഇവര്‍ എഴുതിയ കത്ത് മൃതദേഹത്തിന് സമീപത്ത് നിന്ന് കണ്ടെടുത്തിരുന്നു. സ്ത്രീകള്‍ക്ക് അവരുടെ വീടുകളിലെങ്കിലും സുരക്ഷ ഉറപ്പുവരുത്തണമെന്നായിരുന്നു മോന കത്തില്‍ ആവശ്യപ്പെട്ടത്.
ആത്മഹത്യ പീഡനം മൂലം
"ഭര്‍തൃ സഹോദരന്മാരുടെ പീഡനം മൂലമാണ് താൻ ആത്മഹത്യ ചെയ്യുന്നത്. അംബുജ്, പങ്കജ് എന്നിവര്‍ ഭരിക്കുന്ന പാര്‍ട്ടിയിലെ അംഗങ്ങളാണ്. ഒരു പാവപ്പെട്ട കുടുംബത്തിലെ ആയത് കൊണ്ട് തന്നെ എന്നെ ഇവര്‍ സ്ഥിരമായി മര്‍ദിക്കുമായിരുന്നു. അമ്മ ചെറുപ്പത്തിലേ മരിച്ചു. അച്ഛന്‍ മദ്യപാനിയായിരുന്നു. താന്‍ നേരിടുന്ന ദുരവസ്ഥ ആരോടെങ്കിലും പറഞ്ഞാല്‍ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയിരുന്നതായും മോന കത്തില്‍ പറഞ്ഞു.
വേദനകൾ ഉള്ളിലൊതുക്കി
പതിനാറാം വയസിലാണ് തന്‍റെ വിവാഹം നടന്നത്. ഭര്‍ത്താവ് ഉപേക്ഷിക്കുമോയെന്ന ഭയം കാരണം ഉപദ്രവങ്ങളൊന്നും അദ്ദേഹത്തോട് പറയാനായില്ലെന്നും യുവതി കത്തില്‍ പറയുന്നു. യുവതിയുടെ മരണം ആത്മഹത്യ തന്നെയാണെന്നാണ് പ്രാഥമിക നിഗമനമെന്ന് യുപി പൊലീസ് വ്യക്തമാക്കി. യുവതിയുടെ ബന്ധുക്കളുടെ പരാതിയില്‍ കേസെടുത്ത് അന്വേഷണം ആരംഭിച്ചതായും പൊലീസ് അറിയിച്ചു.
Also Read: കസ്റ്റമര്‍ റിവ്യൂവിലെ വ്യാജനെ കണ്ടെത്താം, കേരള പൊലീസ് പറയുന്നത് കേള്‍ക്കൂ