ന്യൂഡൽഹി :ഗുജറാത്ത് ഹൈക്കോടതിയിൽ വനിത ചീഫ് ജസ്റ്റിസിനെ ശുപാർശ ചെയ്‌ത് സുപ്രീംകോടതി കൊളീജിയം. അലഹബാദ് ഹൈക്കോടതിയിലെ ജഡ്‌ജി സുനിത അഗർവാളിനെയാണ് ഗുജറാത്ത് ഹൈക്കോടതി ചീഫ് ജസ്റ്റിസായി സുപ്രീംകോടതി കൊളീജിയം ശുപാർശ ചെയ്‌തത്. ജസ്റ്റിസ് സോണിയ ജി ഗോകാനി വിരമിച്ചതിനെത്തുടർന്നാണ് ഗുജറാത്ത് ഹൈക്കോടതി ചീഫ് ജസ്റ്റിസായി അലഹബാദ് ഹൈക്കോടതി ജഡ്‌ജി സുനിത അഗർവാളിനെ ശുപാർശ ചെയ്‌തത്.
ഹൈക്കോടതി ചീഫ് ജസ്റ്റിസുമാരിൽ നിലവിൽ ഒരു വനിതയില്ലാത്തതിനാൽ ജസ്റ്റിസ് സുനിത അഗർവാൾ ഹൈക്കോടതിയിലെ ഏക വനിത ചീഫ് ജസ്റ്റിസായിരിക്കുമെന്നതും കൊളീജിയം പരിഗണിച്ചിട്ടുണ്ട്. ഗുജറാത്ത് ഹൈക്കോടതി ചീഫ് ജസ്റ്റിസായി നിയമിക്കുന്നതിന് ജസ്റ്റിസ് സുനിത അഗർവാളിന്‍റെ യോഗ്യത കണ്ടെത്തുന്നതിനായി കൺസൾട്ടന്‍റ്-ജഡ്‌ജിമാരുമായി കൂടിയാലോചന നടത്തിയിട്ടുണ്ട്. ജസ്റ്റിസ് സുനിത അഗർവാളിനെ ഗുജറാത്ത് ഹൈക്കോടതി ചീഫ് ജസ്റ്റിസായി നിയമിക്കണമെന്ന നിർദേശത്തോട് ഇവർ യോജിച്ചുവെന്ന് കൊളീജിയം അറിയിച്ചു. ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡിന്‍റെ അധ്യക്ഷതയിലുള്ള സുപ്രീം കോടതി കൊളീജിയം ഏഴ് ഹൈക്കോടതികളിലേക്കുള്ള ചീഫ് ജസ്റ്റിസുമാരുടെ പേരുകളാണ് ശുപാർശ ചെയ്‌തിട്ടുള്ളത്.
കർണാടക ഹൈക്കോടതി ജഡ്‌ജിയായ ജസ്റ്റിസ് അലോക് ആരാധെയെ തെലങ്കാന സംസ്ഥാനത്തിന്‍റെ ഹൈക്കോടതി ചീഫ് ജസ്റ്റിസായി നിയമിക്കാൻ കൊളീജിയം ശുപാർശ ചെയ്‌തു. 2009 ഡിസംബർ 29-ന് മധ്യപ്രദേശ് ഹൈക്കോടതി ജഡ്‌ജിയായി നിയമിതനായ ജസ്റ്റിസ് ആരാധേ ഇപ്പോൾ കർണാടക ഹൈക്കോടതിയിലെ മുതിർന്ന ജഡ്‌ജിയാണ്.
ഹൈക്കോടതികളിൽ 13 വർഷത്തിലേറെയായി നീതി നിർവഹിച്ച അനുഭവം ജസ്റ്റിസ് അലോക് ആരാധെ നേടിയിട്ടുണ്ട്. പ്രസക്തമായ എല്ലാ ഘടകങ്ങളും പരിഗണിച്ച്, തെലങ്കാന സംസ്ഥാനത്തിന്‍റെ ഹൈക്കോടതി ചീഫ് ജസ്റ്റിസായി നിയമിക്കുന്നതിന് എല്ലാ അർഥത്തിലും യോഗ്യനാണ് ജസ്റ്റിസ് അലോക് ആരാധേയെന്ന് കൊളീജിയം ശുപാർശ ചെയ്‌തു.