പ്രകാശം (ആന്ധ്രാപ്രദേശ്): ''ശ്‌മശാനമാണ് വീട്, ശ്‌മശാനം തന്നെയാണ് അന്നം''. ഈ വാചകം കേള്‍ക്കുമ്പോള്‍ ആര്‍ക്കും ആദ്യമൊരു കൗതുകം തോന്നിയേക്കാം. എന്നാല്‍, ആന്ധ്രാപ്രദേശിലെ കനിഗിരിയിലുള്ള 'വൈകുണ്‌ഠധാമത്തില്‍' താമസിക്കുന്ന അച്ചാമ്മയെന്ന വയോധികയ്‌ക്ക് കൗതുകത്തിനപ്പുറം ഇത് ജീവിതമാണ്.
30 വര്‍ഷമായി ശ്‌മശാനം ഉപജീവനമാര്‍ഗവും വീടുമാക്കി മാറ്റി ആന്ധ്രാപ്രദേശിലെ ഒരു വയോധിക ആരുമില്ലാത്തവള്‍ക്ക് എല്ലാമായി ശ്‌മശാനം:30 വർഷമായി അച്ചാമ്മ, വൈകുണ്ഡധാമമെന്ന ഈ ഹിന്ദു ശ്‌മശാനത്തില്‍ കഴിയുന്നു. മറ്റൊരു തൊഴിലും ലഭിക്കാതെ വന്നതോടെയാണ് അവര്‍ കനിഗിരിയിലെ ശ്‌മശാനത്തില്‍ എത്തിപ്പെട്ടത്. തുടര്‍ന്ന്, കുഴിമാടങ്ങളുടെ സൂക്ഷിപ്പുകാരിയായി മാറുകയായിരുന്നു. ബന്ധുക്കളായി ആരുമില്ലാത്തതിനാല്‍ ശവങ്ങള്‍ അടക്കം ചെയ്യുന്ന പറമ്പ് അവര്‍ക്ക് എല്ലാമായി മാറി.
അനേകം, ശവങ്ങളും അസ്ഥികൂടങ്ങളുമാണ് അച്ചാമ്മ നിത്യവും കാണുന്നത്. നാളേറെയായി ഇവിടെ കഴിയുന്നതുകൊണ്ട് തന്നെ അതൊട്ടും അച്ചാമ്മയെ ഭയപ്പെടുത്തിയിട്ടില്ല. രാത്രികാലങ്ങളിൽ പലരും ശ്‌മശാനത്തിലേക്ക് നോക്കാൻ പോലും ഭയപ്പെടാറുണ്ട്. ശവസംസ്‌കാരം ഒരു 'ദിനചര്യയായി' കൊണ്ടുനടക്കുന്ന അച്ചാമ്മ, ഭയത്തെ തന്‍റെ അടുക്കലേക്ക് ഇക്കാലമത്രയും തെല്ലും അടുപ്പിച്ചിട്ടില്ല. മൃതദേഹങ്ങള്‍ മറവുചെയ്യുന്ന ഇടത്തുനിന്നും അല്‍പം മാറി കെട്ടിമറച്ച് ഒരു കുഞ്ഞുകുടിലിലാണ് 50 വയസിനടുത്ത് പ്രായമുള്ള സ്‌ത്രീ താമസിക്കുന്നത്.
തുണ ഇല്ലാതായപ്പോള്‍ അവഗണന, ഒടുവില്‍..!:പ്രകാശം ജില്ലയിലെ കനിഗിരിക്കാരിയായ അച്ചാമ്മയുടെ വിവാഹം അവരുടെ ചെറുപ്പകാലത്ത് കഴിഞ്ഞതാണ്. എല്ലാവരെയും പോലെ സുന്ദരസ്വപ്‌നങ്ങളുമായി ദാമ്പത്യത്തിലേക്ക് നടന്നുകയറിയെങ്കിലും അത് ഏറെ നാള്‍ നീണ്ടുനിന്നില്ല. ചുരുങ്ങിയ കാലത്തിനിടെ ഭർത്താവ് മരിച്ചു. പിന്നീട്, ബന്ധുക്കളുടെ പരിഹാസവും ഉപദ്രവവും നിരന്തരം ഏറ്റുവാങ്ങേണ്ടി വന്നു. ഇതിനുപുറമെ ദാരിദ്ര്യവും അച്ചാമ്മയില്‍ കടുത്ത അസ്വസ്ഥതയുണ്ടാക്കി. എന്നാല്‍, ഏല്ലാ പ്രതിസന്ധികളെയും അതിജീവിക്കാനായിരുന്നു അച്ചാമ്മയുടെ ഉറച്ച തീരുമാനം.
ഈ ദൃഢചിന്തയാണ് ഒടുവില്‍ മൃതദേഹങ്ങളുടെ നടുക്കലേക്ക് സ്‌ത്രീയെ എത്തിച്ചതും അതിലൂടെ ഒരു ജീവിതം കെട്ടിപ്പടുത്തതും. 30 വർഷമായുള്ള അച്ചാമ്മയുടെ ജീവിതം ഏകാന്തതയാര്‍ന്നതാണ്. എന്നാലും ആരെയും കുറ്റപ്പെടുത്താനോ ആരോടും പരാതി പറയാനോ അവര്‍ പോയില്ല. മൃതദേഹങ്ങൾ ദഹിപ്പിക്കാനും മറവുചെയ്യാനും സഹായിക്കുക. വേണ്ടി വന്നാല്‍, അടക്കം ചെയ്യാനുള്ള കുഴി വെട്ടാനും ഈ വയോധിക തയ്യാര്‍. ഇതിന് ആളുകള്‍ നൽകുന്ന ചെറിയ പണം കൊണ്ടാണ് നിത്യേനെയുള്ള വട്ടച്ചെലവുകള്‍ നടത്തുക. ഇങ്ങനെ പോവുന്നു അച്ചാമ്മയുടെ ജീവിതം.
കാണണം, കനിയണം സര്‍ക്കാര്‍:ലോകം മുഴുവനും കൊവിഡില്‍ ഭയന്നുവിറച്ചപ്പോഴും പേടി മാറ്റിവച്ച് തന്‍റെ സുരക്ഷ പോലും നോക്കാതെയാണ് അച്ചാമ്മ നിരവധി മൃതദേഹങ്ങള്‍ സംസ്‌കരിച്ചത്. പ്രായാധിക്യം അച്ചാമ്മയിലും തളര്‍ച്ച വരുത്തിയിട്ടുണ്ട്. നിരവധി ആരോഗ്യപ്രശ്‌നങ്ങളുള്ള അവര്‍ക്ക്, താമസിക്കാൻ സുരക്ഷിതമായ ഒരു വീടുവേണമെന്നതാണ് ഇപ്പോഴുള്ള പ്രധാന ആവശ്യം. പുറമെ, ശ്‌മശാനത്തിന്‍റെ ഔദ്യോഗിക നടത്തിപ്പുകാരിയായി തന്നെ നിയമിക്കണമെന്നും അവര്‍ പറയുന്നു.
തന്‍റെ നിലവിലെ അവസ്ഥകളെ കുറിച്ച് അച്ചാമ്മയ്‌ക്ക് അധികാരികളോട് പറയാനുള്ളത് ഇങ്ങനെയാണ്: ''30 വർഷമായി ഞാൻ ഈ കുഴിമാടങ്ങള്‍ക്കരികെയുണ്ട്. ഇവിടെയെത്തുന്നവരുടെ സഹായത്താലാണ് ജീവിതം തള്ളിനീക്കുന്നത്. എന്‍റെ ആരോഗ്യം മോശമായിരിക്കുകയാണ്. എനിക്ക് വീടോ മറ്റ് സൗകര്യങ്ങളോ ഇല്ല. അതുകൊണ്ടുതന്നെ സർക്കാർ കനിയണം''.