ഭോപ്പാൽ (മധ്യപ്രദേശ്):പങ്കാളികളെ പരസ്‌പരം കൈമാറുന്നതിനോട് (wife swap game) സഹകരിക്കാൻ തയ്യാറാകാത്തതിന് യുവതിക്ക് ഭർത്താവിന്‍റെ ക്രൂരമർദനം. രാജസ്ഥാനിലെ ബിക്കാനീറിലെ ഹോട്ടൽ മുറിയിൽ വച്ചാണ് യുവതിയെ ഭർത്താവ് മർദിച്ചത്. സംഭവത്തിൽ യുവതി പൊലീസിൽ പരാതി നൽകി.
പരാതിക്കാരിയുടെ ഭർത്താവ് ബിക്കാനീറിലെ ഒരു പഞ്ചനക്ഷത്ര ഹോട്ടലിൽ മാനേജരായിരുന്നുവെന്നാണ് റിപ്പോർട്ടുകൾ. ഭർത്താവ് ഹോട്ടൽ മുറിയിൽ യുവതിയെ പൂട്ടിയിടുകയും ഫോൺ തട്ടി എടുക്കുകയും ചെയ്‌തു. രണ്ട് ദിവസത്തിന് ശേഷം മദ്യലഹരിയിലാണ് ഭർത്താവ് തിരിച്ചെത്തിയതെന്നും തുടർന്ന്, ഹോട്ടലിൽ വച്ച് ഭാര്യമാരെ കൈമാറ്റം ചെയ്യുന്ന ഗെയിമിന്‍റെ ഭാഗമാകാൻ ഭർത്താവ് തന്നെ നിർബന്ധിച്ചുവെന്നും പരാതിയിലുണ്ട്.
വിസമ്മതിച്ചതിനെ തുടർന്ന് അയാൾ തന്നെ അസഭ്യം പറയുകയും ആക്രമിക്കുകയും പീഡിപ്പിക്കുകയും ചെയ്‌തുവെന്നും പരാതിക്കാരി ആരോപിച്ചു. താൻ മോഡേൺ അല്ലെന്ന് പറഞ്ഞ് തന്നെ നിരന്തരം കുറ്റപ്പെടുത്തിയിരുന്നുവെന്നും ഭർത്താവും ഭർതൃമാതാവും സഹോദരിയും ചേർന്ന് സ്‌ത്രീധനമായി 50ലക്ഷം രൂപ ആവശ്യപ്പെട്ടിരുന്നുവെന്നും യുവതി പരാതിയിൽ പറയുന്നു.
ഭർത്താവ് മാസങ്ങളോളം ക്രൂരമായി പീഡിപ്പിച്ചതിനെ തുടർന്ന് യുവതിയുടെ ആരോഗ്യനില വഷളായി. പിന്നീട് ബന്ധുക്കളെത്തി യുവതിയെ വീട്ടിലേക്ക് കൊണ്ടുപോയി. ഇതിന് പിന്നാലെയാണ് യുവതി പൊലീസിൽ പരാതി നൽകിയത്. ഭർത്താവിനും ഭർത്താവിന്‍റെ അമ്മയ്‌ക്കും ഭർത്താവിന്‍റെ സഹോദരിക്കുമെതിരെ വിവിധ വകുപ്പുകൾ പ്രകാരം പൊലീസ് കേസെടുത്തു. സംഭവത്തിൽ അന്വേഷണം പുരോഗമിക്കുകയാണെന്ന് വനിത പൊലീസ് സ്റ്റേഷൻ ഇൻചാർജ് അഞ്ജന ധുർവേ പറഞ്ഞു.