ബെല്‍ഗാം (കര്‍ണാടക) : ബെലഗാവിയില്‍ വീണ്ടും സ്‌ത്രീക്ക് നേരെ മനുഷ്യത്വ രഹിതമായ അതിക്രമം. യുവതിയെ അര്‍ധനഗ്‌നയാക്കി മര്‍ദിച്ചു എന്നാണ് പരാതി (Woman assaulted by stripping). മര്‍ദനത്തിന് പുറമെ അസഭ്യം പറഞ്ഞതായും പരാതിയില്‍ പറയുന്നു.
നവംബര്‍ 21ന് ബൈലഹോംഗല താലൂക്കിലെ ഗ്രാമത്തിലാണ് സംഭവം. മര്‍ദനത്തിന് ഇരയായതിന് പിന്നാലെ യുവതി ബൈലഹോംഗല പൊലീസില്‍ പരാതിപ്പെടാന്‍ എത്തിയിരുന്നു. എന്നാല്‍ കേസ് രജിസ്റ്റര്‍ ചെയ്യാന്‍ പൊലീസ് വിസമ്മതിച്ചു.
തുടര്‍ന്ന് യുവതി വനിത കമ്മിഷനെ സമീപിക്കുകയായിരുന്നു. വനിത കമ്മിഷന്‍റെ നിര്‍ദേശ പ്രകാരം ഡിസംബര്‍ 30ന് ബൈലഹോംഗല പൊലീസ് സ്റ്റേഷനില്‍ യുവതി വീണ്ടും പരാതി നല്‍കി. തുടര്‍ന്ന് സംഭവത്തില്‍ ആറ് സ്‌ത്രീകള്‍ ഉള്‍പ്പടെ 20 പേര്‍ക്കെതിരെ കേസെടുക്കുകയും ചെയ്‌തു.
നിലവില്‍ കേസ് ബെലഗാവി ജില്ല വനിത സ്റ്റേഷനിലേക്ക് കൈമാറിയിട്ടുണ്ട്. അതേസമയം കേസില്‍ ഇതുവരെ ആരെയും അറസ്റ്റ് ചെയ്‌തിട്ടില്ലെന്ന് മര്‍ദനത്തിന് ഇരയായ യുവതി ആരോപിച്ചു.
സംഭവം ഇങ്ങനെ : യുവതിയുടെ കൃഷിയിടത്തോട് ചേര്‍ന്ന് മറുപക്ഷം പൈപ്പ് ലൈന്‍ സ്ഥാപിച്ചിരുന്നു. പിന്നാലെ യുവതിയുടെ കൃഷിയിടത്തില്‍ വെള്ളം കയറി വിള നശിച്ചു. സംഭവത്തില്‍ യുവതി പൊതുമരാമത്ത് വകുപ്പ് അധികൃതര്‍ക്ക് പരാതി നല്‍കി. തുടർന്ന് ഉദ്യോഗസ്ഥര്‍ എത്തി പൈപ്പ് ലൈന്‍ അവിടെ നിന്ന് നീക്കം ചെയ്‌തു.
ഇതില്‍ പ്രകോപിതരായ സംഘം നവംബര്‍ 21ന് യുവതിയോട് വഴക്കിട്ടു. യുവതിയെ വിവസ്‌ത്രയാക്കുകയും കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്‌തു. യുവതിയുടെ കൈവശം ഉണ്ടായിരുന്ന പണവും മൊബൈല്‍ ഫോണും സംഘം കൈക്കലാക്കുകയും ചെയ്‌തു.
സംഘം പിന്തിരിഞ്ഞ് പോയതോടെ യുവതി പരാതി നല്‍കാന്‍ പൊലീസ് സ്റ്റേഷനിലേക്ക് പുറപ്പെട്ടു. ബസ് സ്റ്റോപ്പിലെത്തിയ യുവതിയെ 30ഓളം പേര്‍ ചേര്‍ന്ന് വീണ്ടും ആക്രമിക്കുകയായിരുന്നു. മുടിയില്‍ പിടിച്ച് വലിച്ചതായും വീണുകിടന്ന യുവതിയെ ചവിട്ടിയതായും പരാതിയില്‍ പറയുന്നുണ്ട്. മര്‍ദിച്ച ശേഷം മുറിയില്‍ പൂട്ടിയിട്ടതായും ചില രേഖകളില്‍ നിര്‍ബന്ധിച്ച് ഒപ്പുവയ്‌പ്പിച്ചതായും യുവതി പറയുന്നു.
വൈകിട്ടോടെ സംഘം യുവതിയെ വിട്ടയച്ചു. പിറ്റേദിവസം രാവിലെയാണ് ഇവര്‍ പൊലീസ് സ്റ്റേഷനില്‍ എത്തിയത്. എന്നാല്‍ പൊലീസ് പരാതി അവഗണിക്കുകയാണ് ഉണ്ടായത്.
Also Read: പ്രണയിനിക്കൊപ്പം നാടുവിട്ടു, യുവാവിന്‍റെ അമ്മയെ മര്‍ദിച്ച് പെണ്‍കുട്ടിയുടെ കുടുംബം ; സമൂഹത്തിന് നാണക്കേടെന്ന് സിദ്ധരാമയ്യ
നേരത്തെയും ബെലഗാവിയില്‍ സമാന സംഭവം നടന്നിട്ടുണ്ട്. പ്രണയിനിയോടൊപ്പം നാടുവിട്ടതിനെ തുടര്‍ന്ന് യുവാവിന്‍റെ അമ്മയെ പെണ്‍കുട്ടിയുടെ വീട്ടുകാര്‍ മര്‍ദിച്ചത് ഏറെ വാര്‍ത്തയായിരുന്നു. സംഭവത്തില്‍ പ്രതികരണവുമായി മുഖ്യമന്ത്രി സിദ്ധരാമയ്യയും ആഭ്യന്തരമന്ത്രി ജി പരമേശ്വരയും രംഗത്തുവന്നിരുന്നു.