ബെംഗളൂരു:അമ്മായിയമ്മയെ കൊലപ്പെടുത്തിയ കേസില്‍ മരുമകളും കാമുകനും അടക്കം മൂന്ന് പേര്‍ അറസ്റ്റില്‍ (Woman Arrested For Killing Mother in law). ബദരഹള്ളി സ്വദേശിയായ രശ്‌മി, കാമുകന്‍ അക്ഷയ്, ഇയാളുടെ കൂട്ടാളിയായ പുരുഷോത്തം എന്നിവരാണ് അറസ്റ്റിലായത്. ബദരഹള്ളി സ്വദേശിയായ ലക്ഷ്‌മമ്മയാണ് (50) കൊല്ലപ്പെട്ടത്. ഒക്‌ടോബര്‍ അഞ്ചിനാണ് കേസിനാസ്‌പദമായ സംഭവം.
ഉറക്ക ഗുളിക നല്‍കിയതിന് ശേഷം ഉറങ്ങി കിടന്ന ലക്ഷ്‌മമ്മയെ മൂവരും ചേര്‍ന്ന് കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തുകയായിരുന്നു. സംഭവത്തിന് പിന്നാലെ ഹൃദയാഘാതം മൂലം അമ്മ മരിച്ചുവെന്നാണ് രശ്‌മി പറഞ്ഞത്. സംഭവ സമയത്ത് രശ്‌മിയുടെ ഭര്‍ത്താവും ലക്ഷ്‌മമ്മയുടെ മകനുമായ മഞ്ജുനാഥ് സ്ഥലത്തുണ്ടായിരുന്നില്ല. ഭര്‍ത്താവ് വീട്ടിലില്ലാത്ത സമയത്ത് കാമുകനെയും കൂട്ടാളിയെയും രശ്‌മി വിളിച്ച് വരുത്തുകയായിരുന്നു.
വീട്ടിലെ സാമ്പത്തിക ഇടപാടുകളെ ചൊല്ലി ലക്ഷ്‌മമ്മയും രശ്‌മിയും നിരന്തരം വഴക്കുണ്ടാകാറുണ്ടായിരുന്നു. ഇവരുടെ വീട്ടില്‍ വാടകയ്‌ക്ക് താമസിക്കുന്നയാളാണ് അക്ഷയ്. നിരന്തരം വഴക്കുകളെ തുടര്‍ന്ന് കുടുംബത്തിന്‍റെ മുഴുവന്‍ സമ്പാദ്യവും കൈക്കലാക്കാന്‍ വേണ്ടിയാണ് രശ്‌മി അമ്മായിയമ്മയെ കൊലപ്പെടുത്തിയത്.
പ്രതികളെ കുടുക്കിയത് ചാറ്റിങ്: ലക്ഷ്‌മമ്മ മരിച്ചതിന് കാരണം ഹൃദയാഘാതമാണെന്നാണ് രശ്‌മി പുറത്ത് പറഞ്ഞത്. എന്നാല്‍ ഇതേ കെട്ടിടത്തില്‍ വാടകയ്‌ക്ക് താമസിക്കുന്ന രാഘവേന്ദ്ര എന്നയാള്‍ക്ക് ഇക്കാര്യത്തില്‍ സംശയമുണ്ടായിരുന്നു. മരണത്തിന് പിന്നാലെ ഇക്കാര്യം രാഘവേന്ദ്ര മഞ്ജുനാഥിന്‍റെ ശ്രദ്ധയില്‍പ്പെടുത്തി.