ചെന്നൈ : തമിഴ്‌നാട് തിരുനൽവേലിയിൽ ഭര്‍തൃമാതാവിനെ മർദിച്ച് കൊലപ്പെടുത്തിയ 27 കാരി അറസ്‌റ്റിൽ. മരുമകളായ മഹാലക്ഷ്‌മിയാണ് അറസ്‌റ്റിലായത്. തിങ്കളാഴ്‌ച സീതപാൽപനല്ലൂരിനടുത്തുള്ള വടുകനപ്പട്ടി ഗ്രാമത്തിലാണ് സംഭവം നടന്നത്. പഞ്ചായത്ത് വൈസ് പ്രസിഡന്‍റായിരുന്ന ഷൺമുഖവേലിന്‍റെ ഭാര്യ സീതാരാമലക്ഷ്‌മി (58)യാണ് കൊല്ലപ്പെട്ടത്.
സംഭവം നടന്ന ദിവസം രാവിലെ ആൺവേഷത്തിൽ വീട്ടിലെത്തിയ മഹാലക്ഷ്‌മി ഉറങ്ങിക്കിടക്കുകയായിരുന്ന സീതാരാമലക്ഷ്‌മിയുടെ കഴുത്തിൽ നിന്ന് സ്വർണ മാല കവർന്നെടുത്ത് രക്ഷപ്പെടുകയായിരുന്നു. ഇതിനിടെ മൂർച്ചയേറിയ വസ്‌തു ഉപയോഗിച്ചുള്ള ആക്രമണത്തിൽ പരിക്കേറ്റ സീതാരാമലക്ഷ്‌മി ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരണപ്പെട്ടത്. മോഷണം നടത്തിയ ശേഷം മഹാലക്ഷ്‌മി രക്ഷപ്പെടുന്ന ദൃശ്യങ്ങൾ വീട്ടിലെ സിസിടിവി ക്യാമറയിൽ പതിഞ്ഞിരുന്നു.
ഇതിന്‍റെ അടിസ്ഥാനത്തിൽ പൊലീസ് മഹാലക്ഷ്‌മിയെ ചോദ്യം ചെയ്യുകയും ഭര്‍തൃമാതാവിന്‍റെ മരണത്തെ തുടർന്ന് അവർക്കെതിരെ കൊലപാതകത്തിന് കേസെടുക്കുകയും ചെയ്‌തു. സീതാരാമലക്ഷ്‌മിയുടെ മകൻ രാമസാമി മഹാലക്ഷ്‌മിയെ വിവാഹം ചെയ്‌തത് മുതൽ ഇവർ ഭര്‍തൃമാതാവുമായി സ്ഥിരം വാക്കുതർക്കങ്ങളിൽ ഏർപ്പെട്ടിരുന്നതായി പൊലീസ് പറഞ്ഞു. ശേഷം വഴക്ക് ഒഴിവാക്കാൻ രാമസാമി അവരുടെ രണ്ട് ആൺമക്കളേയും മഹാലക്ഷ്‌മിയേയും കൂട്ടി മറ്റൊരു വീട്ടിലേയ്‌ക്ക് താമസം മാറുകയായിരുന്നു.
ഇത് വകവയ്‌ക്കാതെ ഇരുവരും തമ്മിൽ വഴക്ക് തുടർന്നു. പത്ത് ദിവസം മുൻപ് ഇരുവരും തമ്മിൽ വാക്കുതർക്കം കൂടിയിരുന്നു. ഇതാണ് കൊലപാതകത്തിന് കാരണമായതെന്ന് പൊലീസ് പറഞ്ഞു. എന്നാൽ പൊലീസിനെ തെറ്റിധരിപ്പിക്കാൻ വേണ്ടിയാണ് പ്രതി സ്വർണ മാല എടുത്തുകൊണ്ട് പോയതെന്നും പൊലീസ് കൂട്ടിച്ചേർത്തു.