ഹൈദരാബാദ്:വൃദ്ധയെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തി ശേഷം സ്വര്‍ണാഭരണം കവര്‍ന്ന സംഭവത്തില്‍ യുവതിയും കാമുകനും അറസ്റ്റില്‍. കൊല്ലപ്പെട്ട വയോധികയുടെ വീട്ടില്‍ വാടകയ്‌ക്ക് താമസിക്കുന്ന ലളിത (34), നാരായൺപേട്ടയിലെ ദാമരഗിദ്ദ സ്വദേശി എന്‍ഡ്‌ല രാകേഷ് (28) എന്നിവരാണ് അറസ്റ്റിലായത്. രംഗറെഡ്ഡിയിലെ തുർക്കയൻസാൽ തോറൂര്‍ സ്വദേശിയായ സാംറെഡ്ഡി സത്തേമ്മയാണ് (82) കൊല്ലപ്പെട്ടത്.
ഇക്കഴിഞ്ഞ ഞായറാഴ്‌ചയാണ് (മെയ് നാല്) കേസിനാസ്‌പദമായ സംഭവം. സത്തേമ്മ തനിച്ചാണ് താമസിക്കുന്നത്. രാത്രിയില്‍ ഉറങ്ങി കിടക്കുന്നതിനിടെ വീട്ടില്‍ അതിക്രമിച്ച് കയറിയ പ്രതികള്‍ തലയിണ മുഖത്ത് അമര്‍ത്തി ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തുകയായിരുന്നു. രാകേഷാണ് സത്തേമ്മയെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയത്. ലളിത കൊലപാതക സമയത്ത് സത്തേമ്മയുടെ കാലുകള്‍ കൂട്ടിപിടിക്കുകയായിരുന്നു. കൊലപാതകത്തിന് ശേഷം സത്തേമ്മയുടെ സ്വര്‍ണാഭരണങ്ങള്‍ കവര്‍ന്ന ഇരുവരും ഓടി രക്ഷപ്പെട്ടു. 230 ഗ്രാം സ്വര്‍ണമാണ് വീട്ടില്‍ നിന്ന് കവര്‍ന്നത്.
മൃതദേഹം കണ്ടത് അയല്‍വാസി: ഞായറാഴ്‌ച രാവിലെയാണ് വീടിനുള്ളില്‍ സത്തേമ്മ കൊല്ലപ്പെട്ടത്. തൊട്ടടുത്ത ദിവസം വീട്ടിലെത്തിയ അയല്‍വാസിയാണ് ഇവരെ മരിച്ച നിലയില്‍ കണ്ടത്. വീട്ടിലെത്തിയ അയല്‍വാസി വാതില്‍ മുട്ടിയെങ്കിലും പ്രതികരണമുണ്ടായില്ല.
മറുവശത്തെ വാതില്‍ തുറന്ന് കിടക്കുന്നുണ്ടായിരുന്നു. സംശയം തോന്നിയ അയല്‍വാസി തുറന്നിട്ട വാതിലിലൂടെ അകത്ത് കയറി നോക്കിയപ്പോഴാണ് മുറിയിലെ കട്ടിലില്‍ സത്തേമ്മയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. തുടര്‍ന്ന് ഇയാള്‍ നാട്ടുകാരെയും സത്തേമ്മയുടെ മൂത്ത മകനെയും വിവരം അറിയിച്ചു.
വീട്ടിലെത്തിയ സത്തേമ്മയുടെ മകന്‍ പൊലീസില്‍ വിവരം അറിയിച്ചു. വിവരമറിഞ്ഞ രചകൊണ്ട് പൊലീസ് കമ്മിഷണർ ഡി എസ് ചൗഹാൻ, ഡെപ്യൂട്ടി പൊലീസ് കമ്മിഷണർ സായ്ശ്രീ, മറ്റ് പൊലീസ് ഉദ്യോഗസ്ഥർ എന്നിവർ സ്ഥലത്തെത്തി പരിശോധന നടത്തി.
സംഭവത്തില്‍ ദുരൂഹത തോന്നിയ പൊലീസ് വീട്ടില്‍ വാടകയ്‌ക്ക് താമസിക്കുന്ന യുവതിയെ കുറിച്ച് അന്വേഷിച്ചെങ്കിലും എവിടെയാണെന്ന് അറിയാത്തതില്‍ സംശയം തോന്നി. യുവതിയുടെ മൊബൈല്‍ ഫോണിന്‍റെ ടവര്‍ ലൊക്കേഷന്‍ കണ്ടെത്തിയ രചകൊണ്ട പൊലീസ് മണികൂറുകള്‍ക്കുള്ളില്‍ ഇരുവരെയും അറസ്റ്റ് ചെയ്യുകയായിരുന്നു.
സത്തേമ്മ തനിച്ചായത് ?: ജോലി ആവശ്യങ്ങളുമായി ബന്ധപ്പെട്ട് സത്തേമ്മയുടെ മക്കള്‍ നഗരങ്ങളിലേക്ക് മാറി താമസിക്കുകയായിരുന്നു. അടുത്തിടെ ഭര്‍ത്താവും മരിച്ചതോടെ വയോധിത വീട്ടില്‍ തനിച്ചാകുകയായിരുന്നു. എട്ട് ദിവസം മുമ്പ് ബൊള്ളാരത്തുള്ള ഇളയ മകളുടെ വീട്ടിലെത്തിയ സത്തേമ്മ ഒരാഴ്‌ചയോളം അവിടെ താമസിച്ചതിന് ശേഷം ബന്ധുവിന്‍റെ വിവാഹത്തില്‍ പങ്കെടുക്കാനായി ജൂണ്‍ നാലിന് രാവിലെയാണ് വീട്ടിലേക്ക് തിരിച്ചെത്തിയത്. അന്ന് രാത്രിയാണ് സത്തേമ്മ കൊല്ലപ്പെട്ടത്.
കാമുകനെ സത്തേമ്മയ്‌ക്ക് പരിചയപ്പെടുത്തി ലളിത: കേസിലെ മുഖ്യപ്രതിയായ എന്‍ഡ്‌ല രാകേഷ് ഏറെ കാലമായി ലളിതയുമായി അടുപ്പത്തിലായിരുന്നു. ദാമരഗിദ്ദ സ്വദേശിയായ ഇയാള്‍ ഫിനാന്‍സ് കമ്പനിയിലെ ജീവനക്കാരനാണ്. തോറൂരില്‍ സത്തേമ്മയുടെ വീടിന് സമീപത്തായി ഇയാളുടെ സഹോദരന് പുതിയ വീട് നിര്‍മിക്കുന്നുണ്ട്.
നിര്‍മാണ ജോലികള്‍ നടക്കുമ്പോള്‍ തോറൂരിലെത്തിയ രാകേഷ് വാടകയ്‌ക്ക് താമസിക്കുന്ന ലളിതയുമായി പരിചയപ്പെടുകയും പിന്നീട് അത് സൗഹൃദമാകുകയുമായിരുന്നു. ഇരുവരുടെ ബന്ധം കൂടുതല്‍ ദൃഢമായതോടെ ലളിത ഒരു ദിവസം രാകേഷ് തോറൂരിലെത്തിയപ്പോള്‍ വയോധികയെ പരിചയപ്പെടുത്തിയിരുന്നു. സംസാരിക്കുന്നതിനിടെയാണ് സത്തേമ്മയുടെ ആഭരണങ്ങള്‍ രാകേഷിന്‍റെ ശ്രദ്ധയില്‍പ്പെട്ടത്. ഇതിന് പിന്നാലെയാണ് ലളിതയുമായി കൂടിയാലോചിച്ച് വൃദ്ധയെ കൊലപ്പെടുത്തി സ്വര്‍ണം കവരാന്‍ എന്‍ഡ്‌ല രാകേഷ് തീരുമാനിച്ചത്.