39കാരിയായ ഷെല്ലി ഒബ്‌റോയ് ഡൽഹി മേയറായി തെരഞ്ഞെടുക്കപ്പെട്ടതോടെ ഒരു ദശാബ്‌ദത്തിന് ശേഷം ഇന്ത്യയുടെ തലസ്ഥാനത്ത് ഒരു വനിത മേയർ അധാരകാരത്തിലേറുകയാണ്. ഡൽഹി യൂണിവേഴ്‌സിറ്റിയിലെ മുൻ പ്രൊഫസർ ആയിരുന്ന ഷെല്ലി ഒബ്‌റോയുടെ വിദ്യാഭ്യാസ പശ്ചാത്തലത്തിനൊപ്പം മാധ്യമശ്രദ്ധയാകർഷിച്ച ഒന്നായിരുന്നു പ്രായം. 39കാരിയായ ഷെല്ലി ഒബ്‌റോയ് മാത്രമല്ല, ഇന്ത്യയിലെ ഏറ്റവും പ്രായം കുറഞ്ഞ മേയർമാരിൽ ഭൂരിഭാഗവും വനിത നേതാക്കളാണ്.
ആര്യ രാജേന്ദ്രൻ:ഇന്ത്യയിലെ ഏറ്റവും പ്രായം കുറഞ്ഞ മേയറായ ആര്യ രാജേന്ദ്രൻ 2020ൽ തിരുവനന്തപുരത്തിന്‍റെ മേയറായി 21-ാം വയസിൽ തെരഞ്ഞെടുക്കപ്പെട്ടു. കമ്മ്യൂണിസ്‌റ്റ് പാർട്ടി ഓഫ് ഇന്ത്യ (മാർക്‌സിസ്‌റ്റ്) അംഗമായ ആര്യ 2020ലെ തദ്ദേശ തെരഞ്ഞെടുപ്പിൽ തന്‍റെ എതിർ സ്ഥാനാർത്ഥി യുഡിഎഫിന്‍റെ ശ്രീകലയെ 2,872 വോട്ടിന്‍റെ ഭൂരിപക്ഷത്തിലാണ് പരാജയപ്പെടുത്തിയത്. ഈ സ്ഥാനത്തേക്ക് മത്സരിക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ സ്ഥാനാർത്ഥി കൂടിയായിരുന്നു ആര്യ. ഇപ്പോൾ 24 വയസ്സുള്ള ആര്യ രാജേന്ദ്രൻ വിവാഹം കഴിച്ചത് ബാലുശ്ശേരി മണ്ഡലത്തിൽ നിന്നുള്ള കേരള നിയമസഭാംഗമായ കെ എം സച്ചിൻ ദേവിനെയാണ്.
മേക്കല കാവ്യ: 2019 മുതൽ തെലങ്കാനയിലെ മെഡഐചലിലെ ജവഹർനഗർ മുനിസിപ്പൽ കോർപ്പറേഷന്‍റെ മേയറായി തെരഞ്ഞെടുക്കപ്പെട്ടപ്പോൾ 26 വയസായിരുന്നു മേക്കല കാവ്യക്ക്. ജവഹർനഗറിലെ ആദ്യ മേയറായ കാവ്യ ഭാരത് രാഷ്‌ട്ര സമിതി (ടിആർഎസ്) അംഗമാണ്. രാഷ്ട്രീയത്തിൽ മുൻ പരിചയമില്ലാത്തതിനാൽ കാവ്യയെ മേയറായി തെരഞ്ഞെടുത്തതിന് വലിയ വാർത്താ പ്രാധാന്യം ലഭിച്ചിരുന്നു. തന്‍റെ വിജയത്തിന് കാരണം സഹോദരൻ മേക്കല ഭാർഗവ റാമാണ് എന്ന് നിലവിൽ 31കാരിയായ കാവ്യ പറഞ്ഞിരുന്നു. 2017 വിവാഹം കഴിച്ച കാവ്യ അമ്മയായും ഭാര്യയായും രാഷ്ട്രീയക്കാരിയായും നന്നായി പ്രവർത്തിക്കുന്നു. ഒരു മകളുമുണ്ട്.
തസ്‌നിം ബാനോ: പട്ടികയിലെ ആദ്യത്തെ മുസ്‌ലീം മേയറാണ് മൈസൂരിലെ തസ്‌നിം ബാനോ. 2020ൽ തന്‍റെ 31ആം വയസ്സിൽ മേയറായി തിരഞ്ഞെടുക്കപ്പെട്ട തസ്നീം ബാനോ ജനതാദൾ (സെക്കുലർ) അംഗമാണ്. 2018ൽ മേയറായി തെരഞ്ഞെടുക്കുന്നതിന് മുൻപ് തന്നെ തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തിൽ പ്രവേശിച്ചയാളാണ്. 2013 ൽ അമ്മാവൻ അൽഹാജ് നസീറുദ്ദീൻ ബാബുവിന് പകരക്കാരിയായി കോൺഗ്രസ് സ്ഥാനാർത്ഥിയായി മത്സരിച്ച തസ്‌നിം ബാനോ ജനപ്രിയ മേയർ എന്നാണ് അറിയപ്പെടുന്നത്.
നൂതൻ റാത്തോഡ്: 2017ൽ 31-ാം വയസിൽ തിരഞ്ഞെടുക്കപ്പെട്ട ഫിറോസാബാദ് മുനിസിപ്പൽ കോർപ്പറേഷന്‍റെ മേയർ നൂതൻ റാത്തോഡാണ് പട്ടികയിൽ അടുത്തത്. ഉത്തർപ്രദേശിലെ ഏറ്റവും പ്രായം കുറഞ്ഞ മേയർ എന്ന വിശേഷണമുള്ള നൂതൻ, എഐഎംഐഎം പാർട്ടിയിലെ എതിരാളിയായ മസ്‌റൂർ ഫാത്തിമയെ പരാജയപ്പെടുത്തി ഭാരതീയ ജനതാ പാർട്ടി അംഗമായി മേയർ തിരഞ്ഞെടുപ്പിൽ വിജയിച്ച വ്യക്തിയാണ്. എംബിഎ പൂർത്തിയാക്കിയ ശേഷം, നൂതൻ ഓക്‌സ്‌ഫാം ഇന്ത്യ, മഹിള ചേത്ന മഞ്ച് ഉൾപ്പെടെയുള്ള എൻജിഒകളിൽ പ്രവർത്തിക്കാൻ തുടങ്ങി.
ഈ നാല് വനിതകളെ കൂടാതെ, 2000ൽ സബിത ബീഗം 23-ാം വയസ്സിൽ കൊല്ലം കോർപ്പറേഷന്‍റെ മേയറായി തിരഞ്ഞെടുക്കപ്പെടുകയും 2004 വരെ നാല് വർഷം തുടരുകയും ചെയ്‌തു. കമ്മ്യൂണിസ്‌റ്റ് പാർട്ടി ഓഫ് ഇന്ത്യ (മാർക്‌സിസ്‌റ്റ്) അംഗമായ ബീഗം, ആര്യ രാജേന്ദ്രൻ തെരഞ്ഞെടുക്കപ്പെടുന്നതുവരെ രാജ്യത്തെ ഏറ്റവും പ്രായം കുറഞ്ഞ മേയറായിരുന്നു. തമിഴ്‌നാട്ടിലെ സേലം സിറ്റി മുനിസിപ്പൽ കോർപ്പറേഷന്‍റെ മേയറായി 2006 മുതൽ 2010 വരെ തിരഞ്ഞെടുക്കപ്പെടുമ്പോൾ രേഖ പ്രിയദർശിനിയുടെ പ്രായം 24 വയസ് ആയിരുന്നു.
പ്രായം കുറഞ്ഞ പുരുഷ മേയർമാരുമുണ്ട് പട്ടികയിൽ. മഹാരാഷ്ട്രയിലെ നവി മുംബൈ മുനിസിപ്പൽ കോർപ്പറേഷനിൽ നിന്നുള്ള സഞ്ജീവ് ഗണേഷ് നായിക് 23-ാം വയസിൽ മേയറായി ചുമതലയേറ്റ വ്യക്തിയാണ്. നാഷണലിസ്‌റ്റ് കോൺഗ്രസ് പാർട്ടി അംഗമായ നായിക് 1995 മുതൽ 2009 വരെ 14 വർഷം അധികാരത്തിൽ തുടർന്നു. നവി മുംബൈ സാറ്റലൈറ്റ് സിറ്റിയുടെ ആദ്യ മേയറായിരുന്നു സഞ്ജീവ്. മഹാരാഷ്‌ട്രയുടെ ഇപ്പോഴത്തെ ഉപമുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസും രാജ്യം കണ്ട ഏറ്റവും പ്രായം കുറഞ്ഞ മേയർമാരുടെ പട്ടികയിൽ ഇടം നേടിയ വ്യക്തിയാണ്. 27-ാം വയസ്സിൽ നാഗ്പൂർ മുനിസിപ്പൽ കോർപ്പറേഷന്‍റെ മേയറായി തെരഞ്ഞെടുക്കപ്പെട്ട അദ്ദേഹം 1997 മുതൽ 1999 വരെ അധികാരത്തിൽ തുടർന്നു.