ന്യൂഡല്‍ഹി:കേരളത്തിലെ പ്രമുഖ ഭക്ഷ്യോത്‌പന്ന ബ്രാന്‍ഡായ നിറപറയെ ഏറ്റെടുത്ത് വിപ്രോ കണ്‍സ്യൂമര്‍ കെയര്‍. വിപ്രോ ഗ്രൂപ്പിന് കീഴിലുള്ള ഉപഭോക്‌തൃ ഉത്‌പന്ന കമ്പനിയാണ് വിപ്രോ കണ്‍സ്യൂമര്‍ കെയര്‍. വിപ്രോ കണ്‍സ്യൂമര്‍ കെയറിന്‍റെ ഭക്ഷ്യോത്‌പന്ന വിപണിയിലേക്കുള്ള ആദ്യത്തെ കാല്‍വയ്‌പ്പാണ് ഇത്.
എത്ര രൂപയ്‌ക്കാണ് നിറപറയെ ഏറ്റെടുത്തത് എന്ന കാര്യം വിപ്രോ വ്യക്തമാക്കിയിട്ടില്ല. നിറപറയുടെ ഏറ്റെടുക്കലോടെ കറിമസാലകള്‍ വില്‍ക്കുന്ന ഡാബര്‍, ഇമാമി, ടാറ്റ കണ്‍സ്യൂമര്‍ പ്രൊഡക്റ്റ്സ് എന്നീ എഫ്‌എംസിജി (Fast-moving consumer goods) കമ്പനികളോടൊപ്പം വിപ്രോ കണ്‍സ്യൂമര്‍ കെയറും ചേര്‍ന്നിരിക്കുകയാണ്.
1976ലാണ് നിറപറ ആരംഭിക്കുന്നത്. മസാലകൂട്ടുകള്‍, അപ്പം, ഇടിയപ്പം എന്നിവ ഉണ്ടാക്കാനുള്ള അരിപൊടി എന്നിവയുടെ വില്‍പ്പനയിലൂടെയാണ് നിറപറ അറിയപ്പെടുന്നത്. നിറപറ തങ്ങളുടെ 13-ാമത്തെ ഏറ്റെടുക്കലാണെന്നും സ്പൈസസ്, റെഡി ടു കുക്ക് എന്നീ വിഭാഗങ്ങളില്‍ ഉറച്ച കാല്‍വയ്‌പ്പിന് നിറപറയുടെ ഏറ്റെടുക്കല്‍ സഹായിക്കുമെന്നും വിപ്രോ കണ്‍സ്യൂമര്‍ കെയര്‍ എക്‌സിക്യുട്ടീവ് ഡയറക്‌ടര്‍ വിനീത് അഗര്‍വാള്‍ പറഞ്ഞു. നിറപറയുടെ 63 ശതമാനം ബിസിനസും കേരളത്തില്‍ നിന്നാണ്.
എട്ട് ശതമാനം ഇന്ത്യയുടെ മറ്റ് ഭാഗങ്ങളില്‍ നിന്നും ബാക്കിയുള്ള 29 ശതമാനം അന്താരാഷ്‌ട്ര വിപണികളില്‍, പ്രത്യേകിച്ച് ജിസിസി രാജ്യങ്ങളില്‍ നിന്നുമാണ്. ഗുണമേന്മയുള്ളതും വിശ്വാസ്യയോഗ്യവുമായ മസാലക്കൂട്ടുകള്‍ ലഭ്യമാക്കികൊണ്ട് ഉപഭോക്താക്കളെ അസംഘടിത വിപണിയില്‍ നിന്ന് സംഘടിത വിപണിയിലേക്ക് മാറ്റുന്നതിനായി വലിയ അവസരങ്ങള്‍ നിലനില്‍ക്കുന്നുണ്ട് എന്ന് വിപ്രോ അധികൃതര്‍ വ്യക്തമാക്കി. ഇന്ത്യയില്‍ വേഗത്തില്‍ വളര്‍ന്ന് കൊണ്ടിരിക്കുന്ന എഫ്‌എംസിജി കമ്പനികളില്‍ ഒന്നാണ് വിപ്രോ കണ്‍സ്യൂമര്‍ കെയര്‍.
2022 സാമ്പത്തിക വര്‍ഷം 8,630 കോടി രൂപയുടെ റവന്യു ആണ് കമ്പനി നേടിയത്. ഇന്ത്യ, തെക്ക് കിഴക്കന്‍ ഏഷ്യ, മിഡില്‍ ഈസ്‌റ്റ്, ആഫ്രിക്ക എന്നിവിടങ്ങളില്‍ മികച്ച ബ്രാന്‍ഡ് സാന്നിധ്യം കമ്പനിക്കുണ്ട്.