ന്യൂഡൽഹി:എല്ലാ ജീവനക്കാർക്കും മാസാവസാനത്തോടെ വാക്‌സിൻ നൽകുമെന്ന് എയർ ഇന്ത്യ. ഫ്ലൈയിങ് ക്രൂവിന് വാക്സിനേഷൻ നൽകിയില്ലെങ്കിൽ പൈലറ്റുമാർ ജോലി നിര്‍ത്തുമെന്ന് കൊമേഴ്‌സ്യൽ പൈലറ്റ്സ് അസോസിയേഷൻ (ഐസിപിഎ) അറിയിച്ച സാഹചര്യത്തിലാണ് എയർ ഇന്ത്യയുടെ നടപടി. ചൊവ്വാഴ്‌ച ചേർന്ന എയർ ഇന്ത്യയുടെ യോഗത്തിലാണ് തീരുമാനം.
നിലവിൽ 45 വയസിന് മുകളിലുള്ളവർക്ക് വാക്‌സിൻ നൽകാനാണ് തീരുമാനം. മെയ് ഒന്ന് മുതൽ 18 വയസിന് മുകളിലുള്ളവർക്ക് വാക്‌സിനെടുക്കാൻ അനുമതിയുണ്ടെങ്കിലും വാക്‌സിൻ ലഭ്യതയുടെ അഭാവം മൂലം നിലവിൽ വാക്‌സിൻ നൽകാൻ സാധിക്കില്ലെന്നും എയർ ഇന്ത്യ അറിയിച്ചു. വാക്‌സിന്‍റെ ലഭ്യതക്കനുസരിച്ച് പിന്നീട് നൽകിത്തുടങ്ങുമെന്നും എയർ ഇന്ത്യ കൂട്ടിച്ചേർത്തു.
ഇതിനോടകം നിരവധി ക്രൂ അംഗങ്ങൾക്കാണ് കൊവിഡ് സ്ഥിരീകരിച്ചിരിക്കുന്നതെന്നും പ്രതിരോധ കുത്തിവയ്പ്പില്ലാതെ പൈലറ്റുമാരുടെ ജീവൻ അപകടത്തിലാക്കുന്നത് തുടരാനാകില്ലെന്നും കൊമേഴ്‌സ്യൽ പൈലറ്റ്സ് അസോസിയേഷൻ എയർ ഇന്ത്യ അധികൃതരെ അറിയിച്ചിരുന്നു. ഇന്ത്യയിലൂടനീളമുള്ള കൊവിഡ് വാക്‌സിനേഷനിൽ നിന്നും പൈലറ്റുമാര്‍ ഒഴിവാക്കപ്പെടുകയാണ്.
18 വയസിന് മുകളിലുള്ള ഫ്ലൈയിങ് ക്രൂവിനായി വാക്സിനേഷൻ ക്യാമ്പുകൾ സ്ഥാപിക്കുന്നതിൽ മാനേജ്‌മെന്‍റ് പരാജയപ്പെട്ടാൽ പൈലറ്റുമാർ ജോലി നിർത്തുമെന്നും ഐസിപിഎ മുന്നറിയിപ്പ് നല്‍കി. അതേസമയം ഇന്ത്യയിലുടനീളം വാക്‌സിനേഷൻ ക്യാമ്പുകൾ അനുവദിക്കണമെന്നാണ് ഐസിപിഎയുടെ ആവശ്യം.
കൂടുതൽ വായനക്ക്:വാക്‌സിനേഷനില്ലെങ്കില്‍ ജോലി നിർത്തുമെന്ന് എയർ ഇന്ത്യ പൈലറ്റുമാർ