വിശാഖപട്ടണം സ്റ്റീല്‍ പ്ലാന്‍റിന് ശിലാസ്ഥാപനം നിര്‍വഹിച്ച് അഞ്ച് ദശാബ്‌ദങ്ങള്‍ കടന്നു പോയിരിക്കുന്നു. തെലുങ്ക് നാട്ടിലെ ജനങ്ങളുടെ ദീര്‍ഘകാലമായുള്ള പ്രക്ഷോഭങ്ങളുടേയും പോരാട്ടങ്ങളുടേയും ആത്മാര്‍പ്പണങ്ങളുടേയും ഫലമായി കൈവന്ന ഒരു വ്യവസായ സ്ഥാപനമാണ് വിശാഖപട്ടണം സ്റ്റീല്‍ പ്ലാന്‍റ്. നിരവധി തടസങ്ങള്‍ മറികടന്നു കൊണ്ട് 1992-ലാണ് സ്റ്റീല്‍ പ്ലാന്‍റിന്‍റെ പ്രവര്‍ത്തനം ആരംഭിക്കുന്നത്. അന്നത്തെ പ്രധാനമന്ത്രി പി വി നരസിംഹറാവുവാണ് ഈ വ്യവസായ ശാല നാടിനു സമര്‍പ്പിച്ചത്. എന്നാല്‍ ഈ വ്യവസായ ശാലയെ പൂര്‍ണ്ണമായും സ്വകാര്യവല്‍ക്കരിക്കുവാനുള്ള സര്‍ക്കാരിന്‍റെ ഇപ്പോഴത്തെ തീരുമാനം ഉള്‍കൊള്ളുവാന്‍ പ്രയാസം തന്നെയാണ്. പൊതു മേഖലയിലെ വ്യവസായ സ്ഥാപനങ്ങളുടെ കൂട്ടത്തില്‍ നവരത്‌നങ്ങള്‍ എന്നറിയപ്പെടുന്ന സ്ഥാപനങ്ങളില്‍ ഒന്നാണ് വിശാഖപട്ടണം സ്റ്റീല്‍ പ്ലാന്‍റ്. 2002-നും 2015-നും ഇടയിലായി സംസ്ഥാന, കേന്ദ്ര സര്‍ക്കാരുകള്‍ക്ക് വിവിധ വഴികളിലൂടെ 42,000 കോടി രൂപയുടെ വരുമാനമാണ് ഈ പ്ലാന്‍റ് നേടി കൊടുത്തത്. കഴിഞ്ഞ 3 വര്‍ഷങ്ങളിലായി ഈ പ്ലാന്‍റ് നഷ്‌ടത്തിലാകുവാന്‍ ഉണ്ടായ കാരണങ്ങള്‍ മനസ്സിലാക്കുവാന്‍ ഏറെ പ്രയാസമില്ല. അതിനാല്‍ അത്തരം ഒരു പശ്ചാത്തലത്തിന്‍റെ പേരില്‍ സ്ഥാപനം സ്വകാര്യവല്‍ക്കരിക്കുവാനുള്ള തീരുമാനം ജനങ്ങളെ ഞെട്ടിച്ചിരിക്കുന്നു. ഈ സ്റ്റീല്‍ പ്ലാന്‍റിന്‍റെ നിര്‍മാണത്തിന് വേണ്ടി ഭൂമി ഏറ്റെടുക്കല്‍ നിയമപ്രകാരം 22,000 ഏക്കറില്‍ കൂടുതല്‍ ഭൂമിയാണ് പൊതു ജന താല്‍പ്പര്യത്തിന്‍റെ പേരില്‍ ഇവിടുത്തെ ജനങ്ങളില്‍ നിന്നും സര്‍ക്കാര്‍ ഏറ്റെടുത്തത്. തീരെ കുറഞ്ഞ വിലയ്ക്കാണ് കര്‍ഷകരില്‍ നിന്നും ഈ ഭൂമി ഏറ്റെടുത്തിട്ടുള്ളത്. ഏറ്റെടുക്കല്‍ കാലത്ത് കര്‍ഷകര്‍ക്ക് നല്‍കിയ ഏറ്റവും കൂടിയ വില ഏക്കര്‍ ഒന്നിന് 20,000 രൂപയായിരുന്നു. ഇന്നിപ്പോള്‍ ഏക്കര്‍ ഒന്നിന് അഞ്ച് കോടി രൂപയായി ഉയര്‍ന്നിരിക്കുന്നു ആ ഭൂമിയുടെ വില. ഈ പശ്ചാത്തലത്തില്‍ സ്റ്റീല്‍ പ്ലാന്‍റിന്‍റെ മൂല്യം രണ്ടു ലക്ഷം കോടി രൂപയിലധികം വരുമെന്ന് കണക്കാക്കപ്പെടുന്നു.
പ്രത്യക്ഷമായും പരോക്ഷമായും ഒരു ലക്ഷത്തില്‍പരം ആളുകള്‍ക്ക് തൊഴില്‍ നല്‍കുന്നുണ്ട് വിശാഖപട്ടണം സ്റ്റീല്‍ പ്ലാന്‍റ്. വിരോധാഭാസമെന്നു പറയട്ടെ ഭൂമി ഏറ്റെടുത്ത കാലത്ത് ഈ മേഖലയില്‍ നിന്നും ഒഴിപ്പിച്ചവര്‍ക്ക് നല്‍കിയിരുന്ന നിരവധി വാഗ്‌ദാനങ്ങള്‍ ഇനിയും പാലിക്കപ്പെട്ടിട്ടില്ല. ഒരു സ്റ്റീല്‍ പ്ലാന്‍റ് സ്വയം പര്യാപ്‌തമാകണമെങ്കില്‍ അതിന് സ്വന്തമായി ഇരുമ്പയിര്‍ പാടങ്ങള്‍ ഉണ്ടായിരിക്കണമെന്നാണ് പറയുന്നത്. 2013-ല്‍ ഖമ്മം ജില്ലയിലെ ബയ്യാരം ഇരുമ്പയിര്‍ ഖനി വിശാഖപട്ടണം സ്റ്റീല്‍ പ്ലാന്‍റിനു വേണ്ടി നീക്കി വെക്കുമെന്ന് കേന്ദ്ര ഉരുക്കു മന്ത്രാലയം പ്രഖ്യാപിച്ചിരുന്നതാണ്. പക്ഷെ ഇന്നു വരെ ആ പ്രഖ്യാപനത്തിന്മേല്‍ പിന്നീട് യാതൊരു നടപടിയും ഉണ്ടായിട്ടില്ല. പൊതു വിപണിയില്‍ നിന്ന് ടണ്‍ ഒന്നിന് 5,200 രൂപ നല്‍കിയാണ് ഈ പ്ലാന്‍റ് ഇരുമ്പയിര്‍ വാങ്ങുന്നത് എന്നതിനാല്‍ കേന്ദ്ര സര്‍ക്കാര്‍ തന്നെയാണ് ഈ സ്റ്റീല്‍ പ്ലാന്‍റ് ഉണ്ടാക്കിയിരിക്കുന്ന നഷ്‌ടങ്ങള്‍ക്ക് കാരണക്കാര്‍. സ്വന്തമായി അല്ലെങ്കിൽ ഇളവോടെ ഇരുമ്പയിര്‍ ലഭിക്കുന്ന പാടങ്ങളില്ലെങ്കില്‍ സ്വകാര്യ ഓപ്പറേറ്റര്‍മാര്‍ ഏറ്റെടുത്താല്‍ പോലും ഒരു സ്റ്റീല്‍ പ്ലാന്‍റിന് ലാഭമുണ്ടാക്കുവാന്‍ കഴിയുകയില്ല. 2017ല്‍ പ്രഖ്യാപിച്ച ദേശീയ ഉരുക്കു നയത്തിന്‍റെ ലക്ഷ്യങ്ങള്‍ പൂര്‍ത്തീകരിക്കണമെങ്കില്‍ ഈ സ്റ്റീല്‍ പ്ലാന്‍റ് സ്വകാര്യവല്‍ക്കരിക്കുന്നതിനുള്ള തീരുമാനം മാറ്റി വെച്ചു കൊണ്ട് ഈ സ്റ്റീല്‍ പ്ലാന്‍റിനെ കരുത്തുറ്റതാക്കുവാനുള്ള നടപടികള്‍ സ്വീകരിക്കുകയാണ് വേണ്ടത്.