ഗാന്ധിനഗര്‍: ലവ് ജിഹാദിനെതിരെ നിയമം കൊണ്ടുവരുമെന്ന് ഗുജറാത്ത് മുഖ്യമന്ത്രി വിജയ് രൂപാനി. പഞ്ചമഹല്‍ ജില്ലയിലെ തെരഞ്ഞെടുപ്പ് റാലിയില്‍ അഭിസംബോധന ചെയ്യുന്നതിനിടെയാണ് മുഖ്യമന്ത്രിയുടെ പരാമര്‍ശം. ഹിന്ദു പെണ്‍കുട്ടികളെ മതപരിവര്‍ത്തനം ചെയ്യുന്നത് തടയാനായി തന്‍റെ സര്‍ക്കാര്‍ നിയമം നടപ്പിലാക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി. അടുത്ത ബജറ്റ് സമ്മേളനത്തില്‍ വിഷയം നിയമസഭയിലവതരിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു.
ലവ് ജിഹാദിനെതിരെ നിയമം കൊണ്ടുവരുമെന്ന് വിജയ് രൂപാനി - Gujarat
ഹിന്ദു പെണ്‍കുട്ടികളെ മതപരിവര്‍ത്തനം ചെയ്യുന്നത് തടയാനായി നിയമം കൊണ്ടുവരുമെന്ന് തെരഞ്ഞെടുപ്പ് റാലിയില്‍ പങ്കെടുത്ത് കൊണ്ട് ഗുജറാത്ത് മുഖ്യമന്ത്രി വ്യക്തമാക്കി.
മധ്യപ്രദേശിലെയും, യുപിയിലെയും ബിജെപി സര്‍ക്കാരുകള്‍ ഹിന്ദു പെണ്‍കുട്ടികളെ വിവാഹത്തിലൂടെ മതപരിവര്‍ത്തനം നടത്തുന്നത് തടയുന്നതിനായി നിയമം കൊണ്ടുവന്നിരുന്നു. മാര്‍ച്ച് 1 നാണ് ഗുജറാത്തില്‍ നിയമസഭ സമ്മേളനം ആരംഭിക്കുന്നത്. മുനിസിപ്പാലിറ്റികള്‍, താലൂക്കുകള്‍, ജില്ലാ പഞ്ചായത്തുകള്‍ എന്നിവിടങ്ങളിലേക്കായി ഫെബ്രുവരി 28ന് നടക്കാനിരിക്കുന്ന തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട പ്രചാരണങ്ങളില്‍ പങ്കെടുക്കുകയാണ് നിലവില്‍ മുഖ്യമന്ത്രി. ഫെബ്രുവരി 15നും ലവ് ജിഹാദിനെ നിയമം കൊണ്ട് തടയുമെന്ന് വിജയ് രൂപാനി വ്യക്തമാക്കിയിരുന്നു. സമാന ആവശ്യവുമായി ബിജെപി എംഎല്‍എ ശൈലേഷ് മെഹ്‌ത, എംപിയായ രജ്ഞന്‍ബെന്‍ ഭട്ട് എന്നിവരും രംഗത്തെത്തിയിരുന്നു.