ന്യൂഡൽഹി :കോൺഗ്രസിൽ സ്ഥാനം ലഭിച്ചാലും ഇല്ലെങ്കിലും രാഹുൽ ഗാന്ധിക്കും പ്രിയങ്ക ഗാന്ധിക്കുമൊപ്പമെന്ന് വ്യക്തമാക്കി നവജ്യോത് സിങ് സിദ്ദു. തോൽപ്പിക്കാന്‍ ശ്രമിക്കുന്ന നെഗറ്റീവ് എനർജിയെ പോസിറ്റീവ് എനർജി കൊണ്ട് പരാജയപ്പെടുത്തുമെന്നും പഞ്ചാബിന്‍റെ വിജയമാണ് പ്രഥമ പരിഗണനയെന്നും പിസിസി അധ്യക്ഷസ്ഥാനത്ത് നിന്ന് രാജിവച്ച സിദ്ദു വ്യക്തമാക്കി.
രാജി പിൻവലിക്കാതെ സിദ്ദു ; ചർച്ചകൾ തുടരുന്നു
ഗാന്ധിജിയുടെയും ലാൽ ബഹാദൂർ ശാസ്‌ത്രിയുടെയും തത്ത്വങ്ങളാണ് താൻ പിന്തുടരുന്നത്. എല്ലാ പഞ്ചാബി പൗരരുടെയും വിജയത്തിനായാണ് പ്രവർത്തിക്കുന്നതെന്നും സിദ്ദു പറഞ്ഞു. ട്വിറ്ററിലൂടെയായിരുന്നു പ്രതികരണം.
അതേസമയം പിസിസി അധ്യക്ഷ സ്ഥാനത്തുനിന്നുള്ള രാജി സിദ്ദു പിൻവലിച്ചിട്ടില്ല. അതിനിടെ സംസ്ഥാനത്ത് പുതുതായി നിയമിച്ച ഡിജിപിയെയും എജിയെയും മാറ്റണമെന്ന ആവശ്യമാണ് സിദ്ദു സര്‍ക്കാരിന് മുന്നിൽ വച്ചിട്ടുള്ളത്.
'പഞ്ചാബ് വികാസ് പാർട്ടി'യുമായി ക്യാപ്‌റ്റൻ
അതേസമയം കോൺഗ്രസ് വിട്ട മുൻ മുഖ്യമന്ത്രി അമരീന്ദർ സിങ് പുതിയ പാർട്ടി പ്രഖ്യാപനത്തിന് ഒരുങ്ങുകയാണ്. പഞ്ചാബ് വികാസ് പാർട്ടിയെന്നാണ് പുതിയ പാർട്ടിയുടെ പേരെന്നാണ് ക്യാപ്‌റ്റനോട് അടുത്ത വൃത്തങ്ങൾ നൽകുന്ന വിവരം.
പാർട്ടിവിട്ട ശേഷം ബിജെപി അധ്യക്ഷൻ ജെ.പി നദ്ദ, അമിത് ഷാ എന്നിവരുമായി അമരീന്ദർ സിങ് ചർച്ച നടത്തിയിരുന്നു. എന്നാൽ ബിജെപിയിൽ ചേരുന്നില്ലെന്നായിരുന്നു കൂടിക്കാഴ്‌ചക്ക് ശേഷം ക്യാപ്‌റ്റന്‍റെ പ്രതികരണം.
കർഷക സമരവുമായി ബന്ധപ്പെട്ട വിഷയത്തിലായിരുന്നു കൂടിക്കാഴ്‌ചയെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു. വരാനിരിക്കുന്ന നിയമസഭ തെരഞ്ഞെടുപ്പിൽ, കോൺഗ്രസിലെ സിദ്ദു വിരുദ്ധ പക്ഷത്തെയും ചെറിയ പാർട്ടികളെയും കൂട്ടിച്ചേര്‍ത്ത് ക്യാപ്‌റ്റൻ തെരഞ്ഞെടുപ്പിനെ നേരിടുമെന്നാണ് വിലയിരുത്തൽ.
READ MORE:'പഞ്ചാബ് വികാസ് പാർട്ടി'; അമരീന്ദർ സിങ് പുതിയ പാർട്ടി പ്രഖ്യാപിക്കാനൊരുങ്ങുന്നു