രണ്ട് കേന്ദ്രമന്ത്രിമാര്‍, മൂന്ന് പ്രതിപക്ഷ നേതാക്കള്‍, സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍, 40 മാധ്യമപ്രവര്‍ത്തകര്‍ പെഗാസസ് വലയത്തില്‍ കുരുങ്ങിയവരുടെ പട്ടിക നീളുകയാണ്. 300 ഇന്ത്യക്കാരാണ് ഇസ്രയേലി ചാര സോഫ്റ്റ്‌വെയറായ പെഗാസസിന്‍റെ നിരീക്ഷണത്തിലുള്ളത്. 2019ന് ശേഷം മോദി സര്‍ക്കാര്‍ വീണ്ടും പെഗാസസ് കുരുക്കില്‍ പെട്ടിരിക്കുകയാണ്. പാര്‍ലമെന്‍റ് ചര്‍ച്ചയില്‍ മാത്രം ഒതുങ്ങുന്നതല്ല ഈ കുരുക്ക്. കോടതിയിലേക്ക് വരെ എത്തിയേക്കാവുന്ന വിഷയമാണിത്.
ഇന്ത്യയില്‍ നിന്ന് ദി വയര്‍, വിദേശമാധ്യമങ്ങളായ വാഷിംഗ്ടൺ പോസ്റ്റ്, ദി ഗാർഡിയന്‍ എന്നിവയടക്കം 16 മാധ്യമങ്ങളുടെ കൂട്ടായ്മയാണ് പെഗാസസ് സോഫ്റ്റ് വെയർ ഉപയോഗിച്ചുള്ള ഫോൺ ചോർത്തലിന്‍റെ വിവരങ്ങൾ പുറത്തുവിട്ടത്. കോൺഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി ഉള്‍പ്പെടെ നിരവധി പ്രമുഖരുടെ ഫോണ്‍ സംഭാഷണങ്ങളാണ് ചോര്‍ന്നിരിക്കുന്നത്. 2019 തെരഞ്ഞെടുപ്പ് സമയത്താണ് ഫോൺ ചോർത്തിയത് എന്നാണ് കരുതുന്നത്. രാഹുല്‍ ഗാന്ധിക്ക് പുറമെ അദ്ദേഹത്തിന്‍റെ ഏറ്റവും അടുത്ത അഞ്ച് സുഹൃത്തുക്കളും പട്ടികയില്‍ ഉള്‍പ്പെട്ടിട്ടുണ്ട്.
തനിക്ക് സംശയാസ്‌പദമായ തരത്തില്‍ വാട്ട്‌സ്ആപ്പ് സന്ദേശങ്ങൾ ലഭിച്ചതായും അതിനാൽ ചാരവൃത്തി ഒഴിവാക്കാനായി നമ്പറുകളും സെൽ ഫോണുകളും മാറ്റിയതായും രാഹുല്‍ ഗാന്ധി പ്രതികരിച്ചു.
രാഹുല്‍ ഗാന്ധിയുടെ പ്രതികരണം
"രാജ്യത്ത് നിയമം അനുസരിക്കുന്ന ഒരു പൗരൻ, അത് ആരായാലും അവരുടെ ഫോണ്‍ ചോര്‍ത്തുക എന്ന് പറയുന്നത് നിയമവിരുദ്ധമാണ്. റിപ്പോര്‍ട്ടുകള്‍ സത്യമാണെങ്കില്‍ ഒരു വ്യക്തിയുടെ സ്വകാര്യതയിലേക്കുള്ള കടന്നു കയറ്റത്തിലും വലിയൊരു ആക്രമണമാണിത്. രാജ്യത്തിന്‍റെ ജനാധിപത്യ അടിത്തറയ്‌ക്കെതിരായ ആക്രമണമാണിത്. വിഷയത്തില്‍ സമഗ്രമായ അന്വേഷണം വേണം. കുറ്റവാളികള്‍ക്ക് തക്കതായ ശിക്ഷ നല്‍കണം" - രാഹുല്‍ ഗാന്ധി ഒരു ഓണ്‍ലൈൻ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.
മോദി സര്‍ക്കാരിനെതിരെ ആഞ്ഞടിച്ച് കോണ്‍ഗ്രസ്
കേന്ദ്ര ആഭ്യന്തരമന്ത്രിയെ പുറത്താക്കണമെന്നും വിഷയത്തില്‍ മോദിയുടെ പങ്ക് അന്വേഷിക്കണമെന്നും കോണ്‍ഗ്രസ് ആവശ്യപ്പെട്ടു. ദേശീയ സുരക്ഷയില്‍ വീഴ്ച വരുത്തിയ കേന്ദ്ര സര്‍ക്കാരിന്‍റെ നടപടി രാജ്യദ്രോഹമാണ്. പെഗാസസിനെ ഉപയോഗിച്ച് ചാര റാക്കറ്റിനെ നിയോഗിച്ചതും നടപ്പാക്കിയതും മോദി സര്‍ക്കാരാണെന്നാണ് കോണ്‍ഗ്രസിന്‍റെ വിമര്‍ശനം. ബിജെപി ഭാരതീയ ചാരവൃത്തി പാര്‍ട്ടിയാണെന്നും ആരോപണം ഉയര്‍ന്നിട്ടുണ്ട്.