ചെന്നൈ :പുറത്താക്കപ്പെട്ട ഇടക്കാല ജനറൽ സെക്രട്ടറി വികെ ശശികലയെയും അവരുടെ അനന്തരവൻ ടിടിവി ദിനകരനെയും ഉടൻ കാണുമെന്ന് എഐഎഡിഎംകെ നേതാവ് ഒ പനീർസെൽവം. നേതൃപദവി വിഷയത്തില്‍ ഭിന്നിപ്പുണ്ടായ എഐഎഡിഎംകെയെ ഒന്നിപ്പിക്കുന്നതിന്‍റെ ഭാഗമായാണ് തന്‍റെ ഇടപെടല്‍. അന്തരിച്ച മുഖ്യമന്ത്രിമാരായ എംജി രാമചന്ദ്രന്‍റെയും ജെ ജയലളിതയുടെയും കാലത്ത് പാർട്ടിക്കായി പ്രവർത്തിച്ചവരെ വിളിച്ച് കാര്യങ്ങൾ ബോധ്യപ്പെടുത്തുമെന്നും അദ്ദേഹം പറഞ്ഞു.
'പ്രവര്‍ത്തകര്‍ എന്‍റെയൊപ്പം':"ഞങ്ങളുടെ എല്ലാ ചിന്തകളും പ്രവൃത്തികളും എഐഎഡിഎംകെയെ ഒന്നിപ്പിക്കുന്നതിനായാണ്. 1.5 കോടി പാർട്ടി കേഡർമാരുടെ കാഴ്‌ചപ്പാടും അങ്ങനെത്തന്നെയാണ്. ഉസിലമ്പട്ടി നിയമസഭാംഗം പി അയ്യപ്പൻ എന്നെ കാണുകയും നേതൃപദവി വിഷയത്തില്‍ പിന്തുണ വാഗ്‌ദാനം ചെയ്യുകയുമുണ്ടായി. ജനറൽ കൗൺസിൽ യോഗം നടത്താനെന്ന വ്യാജേന പളനിസ്വാമി നാടകം കളിക്കുകയായിരുന്നു. എന്നാല്‍, ഇപ്പോള്‍ എഐഎഡിഎംകെയ്ക്ക് വേണ്ടി പാർട്ടി പ്രവർത്തകർ എന്‍റെ ഭാഗത്ത് നിലയുറപ്പിക്കുന്നുവെന്നതാണ് സത്യം.'' ഒപിഎസ് (ഒ പനീര്‍സെല്‍വം) മാധ്യമങ്ങളോട് പറഞ്ഞു.
നിരവധി വ്യക്തികൾ പൂർണമനസോടെ പിന്തുണ അറിയിക്കുന്നുണ്ട്. താമസിയാതെ മറ്റ് കൂടുതല്‍ പേരും പിന്തുണയുമായി വരും. ശുഭസൂചനയാണ് അത്. തന്‍റെ ക്യാമ്പിൽ ആരൊക്കെ ചേര്‍ന്നേക്കുമെന്നത് സംബന്ധിച്ച് അതീവ രഹസ്യമാണ്. തീർച്ചയായും പലരും ചേരുമെന്നും അദ്ദേഹം വിശദമാക്കി. ജയലളിതയുടെ മരണവുമായി ബന്ധപ്പെട്ട് വിരമിച്ച ജഡ്‌ജി എ അറുമുഖസ്വാമി സംസ്ഥാന സർക്കാരിന് സമർപ്പിച്ച 600 പേജുള്ള റിപ്പോർട്ട് വായിച്ച ശേഷം അതേക്കുറിച്ച് പ്രസ്‌താവന നടത്തുമെന്നും പനീർശെൽവം മാധ്യമങ്ങളോട് പ്രതികരിച്ചു.