ജബൽപൂർ : മധ്യപ്രദേശ് ജബൽപൂരിലെ കട്‌നി പ്രദേശത്ത് മുസ്ലിം സമുദായത്തിന് വേണ്ടി രാം കഥ അവതരിപ്പിക്കുമെന്ന് സ്വയം പ്രഖ്യാപിത ആൾ ദൈവവും ബാഗേശ്വർ ധാം മേധാവിയുമായ പണ്ഡിറ്റ് ധിരേന്ദ്ര ശാസ്‌ത്രി. കട്‌നിയിലെ പീർ ബാബ ട്രസ്റ്റിന്‍റെ സ്ഥാപകനും തന്‍റെ ഭക്‌തനുമായ തൻവീർ ഖാൻ ആവശ്യപ്പെട്ടതിനെത്തുടർന്നാണ് രാം കഥ അവതരിപ്പിക്കുന്നതെന്നും ധിരേന്ദ്ര ശാസ്‌ത്രി അവകാശപ്പെട്ടു.
ഇക്കാര്യത്തിൽ ഉചിതമായ തീയതി തീരുമാനിച്ച ശേഷം ഉടൻ കട്‌നി സന്ദർശിക്കുമെന്ന് ക്ഷണം സ്വീകരിച്ചുകൊണ്ട് ശാസ്‌ത്രി വേദിയിൽ അറിയിച്ചു. 'ഇതുവരെ രാം കഥ ഹിന്ദുക്കളിൽ മാത്രമായി ഒതുങ്ങിയിരുന്നു. രാം കഥ ഹിന്ദുക്കൾക്കിടയിലാണ് എപ്പോഴും നടക്കാറ്. എന്നാൽ ഇപ്പോൾ ഇന്ത്യയിലാദ്യമായി മുസ്ലിങ്ങൾക്കിടയിലും രാം കഥ അവതരിപ്പിക്കുന്നു. തലയിൽ തൊപ്പി വയ്‌ക്കുന്നവരും (മുസ്ലിങ്ങൾ) രാം കഥയിൽ പങ്ക് ചേരും. അതിൽ എന്താണ് തെറ്റ്' - ശാസ്‌ത്രി പറഞ്ഞു.
അതേസമയം ധിരേന്ദ്ര ശാസ്‌ത്രിയുടെ പ്രസ്‌താവന മതവൃത്തങ്ങൾക്കിടയിൽ വലിയ കോളിളക്കമാണ് സൃഷ്‌ടിച്ചത്. നേരത്തെ ഇന്ത്യയെ ഹിന്ദു രാഷ്‌ട്രമാക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ടുള്ള ശാസ്‌ത്രിയുടെ പ്രസ്‌താവന വലിയ വിവാദങ്ങൾക്ക് വഴിവച്ചിരുന്നു. ഈ പ്രസ്‌താവനയ്‌ക്കെതിരെ വിവിധ സമുദായങ്ങൾ രംഗത്തെത്തുകയും മതസ്‌പർധ വളർത്തിയതിന് ശാസ്‌ത്രിക്കെതിരെ ഉദയ്‌പൂർ പൊലീസ് കേസെടുക്കുകയും ചെയ്‌തിരുന്നു.
വർഗീയ വിദ്വേഷം വളർത്തിയതിന് ഉദയ്‌പൂരിലെ ഹാത്തിപോൾ പൊലീസ് സ്റ്റേഷനിൽ ശാസ്ത്രിക്കെതിരെ മാർച്ച് 24 നാണ് എഫ്‌ഐആർ രജിസ്റ്റർ ചെയ്‌തത്. ഇതിന് പിന്നാലെയാണ് പുതിയ പ്രസ്‌താവനയുമായി ധിരേന്ദ്ര ശാസ്‌ത്രി വീണ്ടുമെത്തിയത്. നേരത്തെ ഉദയ്‌പൂരിലെ ഒരു മത സമ്മേളനത്തിൽ സംസാരിക്കവെ കുംഭൽഗഡ് കോട്ടയില്‍ പച്ച പതാകകൾക്ക് പകരം കാവി പതാക സ്ഥാപിക്കാൻ ജനങ്ങളോട് ആവശ്യപ്പെട്ടും ശാസ്‌ത്രി വിവാദം സൃഷ്‌ടിച്ചിരുന്നു.
വിവാദങ്ങളുടെ കളിത്തോഴൻ :വിവാദ പരാമർശങ്ങൾ കൊണ്ടും പ്രവര്‍ത്തികള്‍ കൊണ്ടും വാർത്തയിൽ ഇടം പിടിക്കാറുള്ള വ്യക്‌തിയാണ് ധിരേന്ദ്ര ശാസ്‌ത്രി. ഫെബ്രുവരിയിൽ ഇയാളുടെ പക്കൽ വൃക്ക രോഗത്തിന് ചികിത്സ തേടി എത്തിയ പത്ത് വയസുകാരി മരിച്ച സംഭവത്തിന് പിന്നാലെയാണ് ധിരേന്ദ്ര ശാസ്‌ത്രി എന്ന പേര് കൂടുതൽ കുപ്രസിദ്ധിയാർജിച്ചത്. ചികിത്സയ്ക്കായി ഛത്തര്‍പൂരില്‍ എത്തിയ പെണ്‍കുട്ടിയുടെ മുഖത്ത് വിഭൂതി പുരട്ടുകയും രോഗശാന്തി ലഭിക്കുമെന്ന് പറഞ്ഞ് കുടുംബത്തെ വിശ്വസിപ്പിക്കുകയും ചെയ്‌തു.
എന്നാല്‍ വിഭൂതി പുരട്ടിയതോടെ അബോധാവസ്ഥയിലായ പെണ്‍കുട്ടി മരണത്തിന് കീഴടങ്ങി. പിന്നാലെ ബാഗേശ്വര്‍ ധാം മാനേജ്‌മെന്‍റ് അംഗങ്ങള്‍ തന്നെ മര്‍ദിച്ചു എന്നും മകളെ ചികിത്സിച്ചതിന് 50,000 രൂപ ആവശ്യപ്പെട്ടു എന്നും എന്നാരോപിച്ച് പെണ്‍കുട്ടിയുടെ അമ്മ രംഗത്തെത്തുകയും പൊലീസില്‍ പരാതി നല്‍കുകയും ചെയ്‌തിരുന്നു. പിന്നാലെ പെണ്‍കുട്ടി മരിച്ച സംഭവത്തില്‍ മനുഷ്യാവകാശ കമ്മിഷന്‍ റിപ്പോര്‍ട്ടും തേടിയിരുന്നു.
തുകാറാമിനെതിരായ പ്രസ്‌താവന : 17-ാം നൂറ്റാണ്ടിൽ ജീവിച്ചിരുന്ന സന്യാസി തുകാറാമിനെ കുറിച്ച് നടത്തിയ വിവാദ പ്രസ്‌താവനയുടെ പേരിലും ധിരേന്ദ്ര ശാസ്‌ത്രി പുലിവാല് പിടിച്ചിരുന്നു. തുക്കാറാമിനെ അദ്ദേഹത്തിന്‍റെ ഭാര്യ നിരന്തരം മർദ്ദിച്ചിരുന്നു എന്നായിരുന്നു ശാസ്‌ത്രിയുടെ പ്രസ്‌താവന. എന്നാൽ ഇത് വിവാദമായതോടെ സംഭവത്തിൽ മാപ്പ് പറഞ്ഞുകൊണ്ട് ധിരേന്ദ്ര ശാസ്‌ത്രി രംഗത്തെത്തി. വാക്കുകള്‍ ആരുടെയെങ്കിലും വികാരത്തെ വ്രണപ്പെടുത്തിയിട്ടുണ്ടെങ്കിൽ കൈകള്‍ കൂപ്പി മാപ്പ് ചോദിക്കുന്നു എന്നായിരുന്നു ശാസ്‌ത്രി പറഞ്ഞത്.
മാല മോഷണം : ഇതിനിടെ മാർച്ച് 18, 19 തീയതികളിൽ ധിരേന്ദ്ര ശാസ്‌ത്രി സംഘടിപ്പിച്ച പരിപാടിയിൽ പങ്കെടുത്ത 36 പേരുടെ സ്വർണ മാല കളവുപോയി എന്ന വാർത്തയും ശ്രദ്ധ നേടിയിരുന്നു. മഹാരാഷ്‌ട്രയിലെ മിറ ഗ്രൗണ്ടിലെ സലാസർ സെന്‍റർ പാർക്കിൽ നടത്തിയ പരിപാടിയിൽ പങ്കെടുത്തവരുടെ മാലകളാണ് തിക്കിലും തിരക്കിലും മോഷണം പോയത്.
രണ്ട് ലക്ഷത്തിലധികം പേരായിരുന്നു ധിരേന്ദ്ര ശാസ്‌ത്രിയുടെ പരിപാടിയിൽ പങ്കെടുത്തത്. നേരത്തെ ഈ പരിപാടിക്ക് അനുമതി നൽകരുത് എന്നാവശ്യപ്പെട്ട് കോണ്‍ഗ്രസും അന്ധശ്രദ്ധ നിർമൂലൻ സമിതി എന്ന സംഘടനയും രംഗത്തെത്തിയിരുന്നു. എന്നാൽ ബോംബെ ഹൈക്കോടതി പരിപാടിക്ക് അനുമതി നൽകുകയായിരുന്നു.