കൊല്‍ക്കത്ത : ബിസിസിഐ പ്രസിഡന്‍റ് സൗരവ് ഗാംഗുലിയുടെ രാഷ്‌ട്രീയ പ്രവേശനവുമായി ബന്ധപ്പെട്ടുള്ള ഊഹാപോഹങ്ങൾക്ക് ആക്കം കൂട്ടി ഭാര്യ ഡോണ. ഗാംഗുലി രാഷ്‌ട്രീയത്തിലിറങ്ങിയാല്‍ നല്ല രീതിയില്‍ പ്രവര്‍ത്തിക്കുമെന്ന് ഡോണ പറഞ്ഞു. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായ്ക്ക് അത്താഴ വിരുന്ന് നല്‍കിയതിന് തൊട്ടടുത്ത ദിവസമാണ് ഡോണയുടെ പ്രതികരണം.
ഗാംഗുലി കൂടി പങ്കെടുത്ത ഒരു സ്വകാര്യ ചടങ്ങിനിടെ മാധ്യമ പ്രവര്‍ത്തകരോടാണ് ഡോണ ഇക്കാര്യം പറഞ്ഞത്. "ഊഹിക്കുക എന്നത് ആളുകളുടെ ജോലിയാണ്. അത്തരത്തിലുള്ള എന്തെങ്കിലും സംഭവിച്ചാൽ, എല്ലാവർക്കും അത് മനസിലാകും. സൗരവ് രാഷ്ട്രീയത്തില്‍ നന്നായി പ്രവർത്തിക്കുകയും ജനങ്ങളുടെ ക്ഷേമത്തിന് ഊന്നല്‍ നല്‍കുമെന്നാണ് എനിക്ക് പറയാന്‍ കഴിയുക" - ഡോണ പറഞ്ഞു.
പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി തങ്ങളുടെ കുടുംബവുമായി വളരെ അടുപ്പത്തിലായിരുന്നുവെന്നും ഡോണ പറഞ്ഞു. സംസ്ഥാന ഗതാഗത മന്ത്രിയും കൊൽക്കത്ത മുനിസിപ്പൽ കോർപ്പറേഷന്‍റെ (കെഎംസി) മേയറുമായ ഫിർഹാദ് ഹക്കിമും സൗരവ് ഗാംഗുലിക്കും ഡോണയ്ക്കുമൊപ്പം പ്രസ്‌തുത ചടങ്ങില്‍ പങ്കെടുത്തിരുന്നു.
also read: പൊള്ളാർഡ് ഇനി വേണ്ട, ബ്രാവിസിന് അവസരം നൽകണകം; ആകാശ് ചോപ്ര
വെള്ളിയാഴ്‌ചയാണ് സൗരവിന്‍റെ വസതിയിൽ അമിത് ഷായ്‌ക്ക് വിരുന്നൊരുക്കിയത്. അമിത് മാളവ്യയും സംസ്ഥാനത്തെ മുതിർന്ന ബിജെപി നേതാക്കളും ഷായ്‌ക്കൊപ്പം ഗാംഗുലിയുടെ വസതിയിലെത്തിയിരുന്നു. ഇതിന് പിന്നാലെ അദ്ദേഹം രാഷ്‌ട്രീയത്തിലെക്കെന്ന അഭ്യൂഹങ്ങള്‍ ശക്തമായി. നേരത്തെ 2019ലെ പൊതുതെരഞ്ഞെടുപ്പിന് തൊട്ടുമുമ്പും ഗാംഗുലി ബിജെപിയിൽ ചേരുമെന്ന് അഭ്യൂഹങ്ങളുണ്ടായിരുന്നു.