മുംബൈ:സംസ്ഥാനത്തെ ആളുകൾ കൊവിഡ് മാർഗനിർദേശങ്ങൾ തെറ്റിക്കുന്നത് തുടരുകയാണെങ്കിൽ ലോക്ക് ഡൗൺ ഏർപ്പെടുത്തുകയല്ലാതെ വേറെ മാർഗമില്ലെന്ന് മഹാരാഷ്‌ട്ര ഉപമുഖ്യമന്ത്രി അജിത് പവാർ. അടുത്ത വെള്ളിയാഴ്‌ച ലോക്ക് ഡൗണിനെക്കുറിച്ചുള്ള അന്തിമ തീരുമാനമെടുക്കുമെന്നും അദ്ദേഹം കൂട്ടിചേർത്തു. പൂനെയിൽ നടന്ന കൊവിഡ് അവലോകന യോഗത്തിന് ശേഷം മാധ്യമങ്ങളെ കാണുകയായിരുന്നു പവാർ.
മഹാരാഷ്‌ട്ര കൊവിഡ് വ്യാപനം; ലോക്ക് ഡൗൺ അല്ലാതെ വേറെ മാർഗമില്ലെന്ന് അജിത് പവാർ - മഹാരാഷ്‌ട്ര ലോക്ക് ഡൗൺ വാർത്ത
എസ്എസ്എൽസി, എച്ച്എസ്‌സി ബോർഡ് പരീക്ഷകൾ തീരുമാനിച്ചത് പോലെ നടക്കുമെന്നും മഹാരാഷ്‌ട്ര ഉപമുഖ്യമന്ത്രി അറിയിച്ചു
എസ്എസ്എൽസി, എച്ച്എസ്‌സി ബോർഡ് പരീക്ഷകൾ തീരുമാനിച്ചത് പോലെ നടക്കുമെന്നും വിദ്യാഭ്യാസ സ്ഥാപനങ്ങളും വിദ്യാർഥികളും രക്ഷിതാക്കളും കൊവിഡ് മാർഗനിർദേശങ്ങൾ കർശനമായി പാലിക്കണമെന്നും അദ്ദേഹം പറഞ്ഞു. കഴിഞ്ഞ ഏതാനും ആഴ്‌ചകളായി മഹാരാഷ്‌ട്രയിൽ അതിവേഗ കൊവിഡ് വ്യാപനമാണ് നടന്നുകൊണ്ടിരിക്കുന്നത്. ദിനംപ്രതി 30,000ലധികം പേർക്കാണ് സംസ്ഥാനത്ത് കൊവിഡ് സ്ഥിരീകരിക്കുന്നത്.
സ്വകാര്യ ആശുപത്രികളിലെ 50 ശതമാനം കിടക്കകളും കൊവിഡ് രോഗികൾക്കായി നീക്കിവയ്ക്കാൻ തീരുമാനിച്ചതായും അദ്ദേഹം അറിയിച്ചു. പൊതുപരിപാടികൾ ഉടനടി നിർത്തണമെന്നും ഒരു പരിപാടിയിലും 50 ൽ കൂടുതൽ ആളുകൾ ഉണ്ടാകാൻ പാടില്ലെന്നും ശവസംസ്‌കാര ചടങ്ങുകൾക്ക് 20 പേരിൽ കൂടുതൽ ആളുകൾ ഉണ്ടാകരുതെന്നും അദ്ദേഹം വ്യക്തമാക്കി. പൂനെയിലെ കൊവിഡ് പോസിറ്റീവിറ്റി നിരക്ക് 25 ശതമാനത്തിലെത്തിയതായും അദ്ദേഹം അറിയിച്ചു.