ചിക്കമംഗളൂരു: നാല് മാസമായി മുഡിഗേരെ താലൂക്കിലെ പ്രദേശവസികളുടെ ജീവന് ഭീഷണിയായിരുന്ന ഭൈര എന്ന കാട്ടാന ഒടുവില്‍ വനപാലകരുടെ കെണിയില്‍ കുടുങ്ങി. മുഡിഗേരെ ഫോറസ്‌റ്റ് അധികൃതരും പ്രദേശവാസികളും ചേര്‍ന്ന് നടത്തിയ പ്രയത്‌നത്തിന്‍റെ ഫലമായാണ് അക്രമകാരിയായ കാട്ടാനയെ പിടികൂടാനായത്. രണ്ട് മാസമായി ഭൈര രണ്ട് പേരുടെ ജീവനെടുത്തതോടെയാണ് പ്രദേശത്ത് ഭീതി പടര്‍ന്നത്.
പരാതി നല്‍കിയിട്ടും നടപടി സ്വീകരിക്കാതെ സര്‍ക്കാര്‍: കാട്ടാനയുടെ ആക്രമണത്തെ തുടര്‍ന്ന് പ്രദേശവാസികള്‍ നിരവധി തവണ പരാതിപ്പെട്ടിട്ടും ഫലമൊന്നുമുണ്ടായില്ല. ഇതേതുടര്‍ന്ന് ജനങ്ങള്‍ എംഎല്‍എയ്‌ക്കെതിരായി പ്രതിഷേധം സംഘടിപ്പിച്ചപ്പോള്‍ സര്‍ക്കാര്‍ ആനയെ പിടികൂടാന്‍ വനം വകുപ്പിന് അനുമതി നല്‍കി. സര്‍ക്കാര്‍ അനുമതി നല്‍കിയതിന് ശേഷം ആറ് മെരുക്കിയ ആനകളെ സജ്ജമാക്കി രാവും പകലും വനപാലകര്‍ക്കൊപ്പം പ്രദേശവാസികളും ഭീതി പടര്‍ത്തിയ മൂന്ന് കാട്ടാനകളെ പിടികൂടാന്‍ ശ്രമം നടത്തി.
മൂന്ന് കാട്ടാനകളില്‍ രണ്ടെണ്ണത്തിനെ പിടികൂടി. എന്നാല്‍, മൂന്നാമത്തെ ആനയായ ഭൈര ഏറെ നാളായി എല്ലാവരുടെയും കണ്ണ് വെട്ടിച്ച് രക്ഷപ്പെടുകയായിരുന്നു. ശേഷം ഡ്രോണ്‍ സംവിധാനം ഉപയോഗിച്ച് ഭൈരയെ പിടികൂടുവാനുള്ള ക്രമീകരണങ്ങള്‍ നടത്തി.
നീണ്ട നാളത്തെ ആശങ്കയ്‌ക്ക് വിരാമം:മുഡിഗേരെ താലൂക്കിലെ ഉറാബേയ്‌ജ് ഗ്രാമത്തില്‍ ഭൈരയുടെ സാന്നിധ്യമുണ്ടെന്ന വിവരത്തെ തുടര്‍ന്ന് താലൂക്ക് ഒന്നാകെ നടത്തിയ പ്രയത്‌നത്തിന്‍റെ ഫലം കൊണ്ട് ഭൈരയെ കെണിയിലാക്കി. അങ്ങനെ വനപാലകരുടെയും പ്രദേശവാസികളുടെയും നീണ്ട നാളത്തെ ആശങ്കയ്ക്ക് വിരാമമായിരിക്കുകയാണ്.
ജനങ്ങളെയും അധികൃതരെയും ഇത്രയധികം വട്ടം ചുറ്റിച്ച ആന സംസ്ഥാനത്ത് ഇതിന് മുമ്പ് ഉണ്ടായിട്ടില്ല. ഭൈരയുടെ ആക്രമണത്തില്‍ രണ്ട് ജീവനാണ് പൊലിഞ്ഞത്. കാട്ടാനയുടെ ആക്രമണത്തില്‍ ഒരു സ്‌ത്രീയുടെ ജീവന്‍ നഷ്‌ടമായപ്പോള്‍ മുതല്‍ ജനങ്ങള്‍ വനപാലകര്‍ക്കെതിരെ പ്രതിഷേധം ആരംഭിച്ചിരുന്നു.