ഹൈദരാബാദ്(അച്ചംപേട്ട): വിവാഹിതയായ യുവതി മരിച്ച സംഭവത്തിൽ ഭർത്താവിനെ ബന്ധുക്കൾ കൊലപ്പെടുത്തി. നാഗർകൂർനൂൽ ജില്ലയിലെ ലിംഗാല മണ്ഡലത്തിലെ ചേന്നമ്പള്ളിയിലാണ് സംഭവം (Wifes suicide Relatives beat her husband to death). ആത്മഹത്യ ചെയ്‌ത സിന്ധുവിന്‍റെ ഭര്‍ത്താവ് നാഗാര്‍ജുനയെയാണ് ബന്ധുക്കൾ തല്ലികൊന്നത്.
സിന്ധുവും നാഗാര്‍ജുനയും മൂന്ന് വര്‍ഷം മുമ്പാണ് വിവാഹിതരായത്. പ്രണയ വിവാഹമായിരുന്നു. ഇരുവരും തമ്മില്‍ അഭിപ്രായ വ്യത്യാസങ്ങള്‍ നേരിട്ടിരുന്നു. ഇന്നലെ വൈകീട്ടാണ് യുവതി ആത്മഹത്യ ചെയ്‌തത്. ഉടൻ തന്നെ ബന്ധുക്കൾ യുവതിയെ നാഗർകൂർണൂൽ ആശുപത്രിയിൽ എത്തിച്ചിരുന്നു. അവിടെ നിന്ന് മെച്ചപ്പെട്ട ചികിത്സയ്ക്കായി ഹൈദരാബാദിലേക്ക് മാറ്റുന്നതിനിടെയാണ് മരിച്ചത്.
മൃതദേഹവുമായി ബന്ധുക്കൾ അച്ചപേട്ടിലേക്ക് മടങ്ങി. സിന്ധുവിന്‍റെ മരണത്തിന് ഉത്തരവാദി ഭർത്താവാണെന്ന രോഷം പ്രകടിപ്പിച്ച് അമനഗല്ലുവിൽ വെച്ചാണ് നാഗാർജുനയെ ബന്ധുക്കൾ തല്ലിക്കൊന്നത്. പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
അതേസമയം മൊയ്‌നാബാദ് മണ്ഡത്തിലെ യുവതിയുടെ സംശയാസ്‌പദമായ മരണത്തിന് പിന്നിലെ ദുരൂഹത പുറത്ത്. സുഹൃത്തുമായുള്ള അഭിപ്രായവ്യത്യാസത്തെ തുടർന്നാണ് ആത്മഹത്യ ചെയ്‌തതെന്ന് രാജേന്ദ്രനഗർ ഡിസിപി എസ് രശ്‌മി പെരുമാൾ പറഞ്ഞു. നാട്ടുകാരിൽ നിന്നും പൊലീസിൽ നിന്നും വിവരങ്ങൾ ശേഖരിച്ചിട്ടുണ്ട്.
മല്ലേപ്പള്ളി ഗോകുൽനഗർ സ്വദേശി തഹ്‌സിൻ ബീഗം (22) മെഹിദിപട്ടണം മദീന ഡിഗ്രി കോളജ് വിദ്യാർഥിനിയാണ്. അമ്മയോടൊപ്പമാണ് താമസിക്കുന്നത്. സുഹൃത്തുമായി വഴക്കുണ്ടായതിനെ തുടര്‍ന്ന് സുഹൃത്തിനെ കാണാൻ പലതവണ ശ്രമിച്ചെങ്കിലും വിജയിക്കാതെ തഹ്‌സീൻ വിഷാദത്തിലായി. തുടർന്ന് ആത്മഹത്യക്ക് ശ്രമിച്ചിരുന്നു. വീട്ടുകാര്‍ കണ്ടെത്തിയതിനാല്‍ അപകടം ഒഴിവായി.
പിന്നീട് ഒരിക്കൽ കൂടി അവളുടെ സുഹൃത്തിനോട് സംസാരിക്കാൻ ആഗ്രഹിച്ചു എന്നാല്‍ കഴിയാതെ വന്നതോടുകൂടി ദുഖത്തിലായി. മുറാദ്‌നഗറിലെ സുഹൃത്തിന് 'ഇന്ന് എന്‍റെ അവസാന ദിവസമാണ്' എന്ന് സന്ദേശം അയച്ചാണ് ആത്മഹത്യ ചെയ്‌തത്. ഈ മാസം എട്ടിന് ഉച്ചയ്ക്ക് 2.24 നാണ് മൃതദേഹം തിരിച്ചറിയാനാകാത്ത വിധത്തില്‍ കണ്ടെത്തിയതായി പൊലീസിന് വിവരം ലഭിച്ചത്. സംഭവ സ്ഥലത്ത് നിന്നും തെളിവുകള്‍ ഒന്നും ലഭിക്കാത്തതിനാല്‍ ആളെ തിരിച്ചറിയാന്‍ പൊലീസിന് സാധിച്ചില്ല.
രാജേന്ദ്രനഗറിലെ സിസിഎസ് പോലീസ് മറ്റ് എല്ലാ പൊലീസ് സ്റ്റേഷനുകളെക്കുറിച്ചും അന്വേഷിച്ചു. സംഭവസ്ഥലത്തിനടുത്തുള്ള സെൽഫോൺ ടവർ സ്ഥിതി ചെയ്യുന്ന സ്ഥലത്തു നിന്നും കോൾ ഡാറ്റ ശേഖരിച്ചു. സംസ്ഥാനത്തുടനീളമുള്ള പൊലീസ് സ്റ്റേഷനുകളിലെ തിരോധാനക്കേസുകളുടെ വിശദാംശങ്ങളും ആരാഞ്ഞു. യുവതി ഓട്ടോയിൽ ബാഗുമായി പോകുന്നതായുള്ള സിസിടിവി ദൃശ്യങ്ങളിൽ ലഭിച്ചതിനെ തുടര്‍ന്ന് ഓട്ടോ നമ്പർ അടിസ്ഥാനമാക്കി ഡ്രൈവറെ ചോദ്യം ചെയ്‌തതോടെയാണ് സംഭവം പുറത്തറിഞ്ഞത്.
ഈ മാസം എട്ടിന് വീട്ടിൽ നിന്ന് പോയ തഹ്‌സീൻ ബീഗം രണ്ട് ദിവസമായിട്ടും വീട്ടിൽ തിരിച്ചെത്താത്തതിനെ തുടർന്ന് ഈ മാസം 10 ന് ഇവരുടെ സഹോദരൻ അസ്ഹർ ഹബീബ്‌നഗർ പൊലീസിൽ പരാതിപ്പെടാനായി ചെന്നിരുന്നെങ്കിലും ആധാർ കാർഡ് കൊണ്ടുവരാൻ എസ്‌ഐ ആവശ്യപ്പെട്ടതോടെ അസ്ഹർ വീട്ടിലേക്ക് മടങ്ങി. അന്നേ ദിവസം കേസൊന്നും രജിസ്റ്റര്‍ ചെയ്‌തില്ല.
മരിച്ച പെൺകുട്ടി തഹ്‌സീൻ ആണെന്ന് കണ്ടെത്തിയതിനെ തുടർന്ന് സിപി ശ്രീനിവാസ് റെഡ്ഡി ഹബീബ്‌നഗർ പൊലീസ് സ്റ്റേഷനിലെത്തി. അശ്രദ്ധമായി പെരുമാറിയ എസ്‌ഐയെ സസ്‌പെൻഡ് ചെയ്യുകയും ഇൻസ്‌പെക്‌ടർക്കും മറ്റ് രണ്ട് കോൺസ്റ്റബിൾമാർക്കും മെമ്മോ നൽകിയതായും റിപ്പോർട്ടുണ്ട്.