ബെംഗളൂരു: ഭർത്താവിന്‍റെ മൊബൈൽ ഫോണിൽ നിന്ന് വ്യാജ ബോംബ് സ്‌ഫോടന സന്ദേശം (bomb threat message to police) അയച്ച യുവതിയെ പൊലീസ് കസ്റ്റഡിയിലെടുത്തു (fake bomb blast message). ബെംഗളൂരുവിലെ ആനേക്കലിലാണ് സംഭവം. ഡിസംബർ 5 നാണ് പ്രതിയായ യുവതി സന്ദേശം അയച്ചത്.
ആനേക്കൽ ടൗണിലെ മാരുതി കോളനിയിലാണ് വടക്കൻ കർണാടക സ്വദേശികളായ കിരൺ, വിദ്യാറാണി ദമ്പതികൾ താമസിച്ചിരുന്നത്. മൊബൈൽ ആപ്പ് വഴി വിദ്യാറാണി ഒരാളുമായി പരിചയത്തിലാവുകയും പരിചയം സൗഹൃദത്തിലേക്ക് വഴിമാറുകയും ഇരുവരും നിരന്തരം സംസാരിക്കുകയും ചെയ്‌തു. ദിവസങ്ങൾക്ക് മുൻപാണ് ഭർത്താവ് കിരൺ ഇക്കാര്യം അറിഞ്ഞത്, ഇതാണ് ദമ്പതികൾ തമ്മിലുള്ള വഴക്കിലേക്ക് വഴിവെച്ചത്. ഇതേത്തുടർന്ന് കിരൺ ഭാര്യ വിദ്യാറാണിയുടെ മൊബൈൽ ഫോൺ തകർത്തു.
വിദ്യാറാണി ഇക്കാര്യം മറ്റൊരു നമ്പറിലൂടെ സുഹൃത്തിനെ അറിയിച്ചു. പിന്നീട് കിരണിനെ കുടുക്കാൻ ഇരുവരും തന്ത്രം മെനയുകയായിരുന്നു. തുടര്‍ന്ന് ഭർത്താവിന്‍റെ മൊബൈൽ ഫോണിൽ നിന്ന് ആർഡിഎക്‌സ് ബോംബ് സ്‌ഫോടനം നടത്തുമെന്ന് പറഞ്ഞ് പോലീസിനും കേന്ദ്ര അന്വേഷണ സംഘത്തിനും ഭീഷണി സന്ദേശങ്ങൾ അയച്ചു. ഭർത്താവിന്‍റെ മൊബൈലിൽ നിന്നും സന്ദേശം ഡിലീറ്റ് ചെയ്യുകയായിരുന്നുവെന്നും പൊലീസ് പറഞ്ഞു.
സന്ദേശം ലഭിച്ച ഫോൺ നമ്പറിന്‍റെ ഉറവിടം പൊലീസും അന്വേഷണ ഏജൻസികളും അന്വേഷിച്ചു. വിവരമറിഞ്ഞ് പൊലീസ് നേരിട്ട് കിരണിന്‍റെ വീട്ടിലെത്തി ദമ്പതികളെ ചോദ്യം ചെയ്‌തതോടെയാണ് സത്യം പുറത്തായത്. സംഭവത്തിൽ ആനേക്കൽ പൊലീസ് സ്റ്റേഷനിൽ കേസ് രജിസ്റ്റർ ചെയ്‌തിട്ടുണ്ട്. പ്രതി വിദ്യാറാണിയെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്‌തുവരികയാണ്. കേസിന്‍റെ സൂത്രധാരനായ സുഹൃത്തിന് വേണ്ടി പോലീസ് കെണിയൊരുക്കി അന്വേഷണം തുടരുകയാണ്.