ജംഷഡ്‌പുര്‍ (ജാര്‍ഖണ്ഡ്): ഭര്‍ത്താവിനെ കൊലപ്പെടുത്തി വീട്ടിനകത്ത് ഒളിപ്പിച്ച ഭാര്യയെ പൊലീസ് അറസ്‌റ്റ് ചെയ്‌തു. ജംഷഡ്‌പുരിലെ ഉലിദിഹ് പൊലീസ് സ്‌റ്റേഷന്‍ പരിധിയില്‍ താമസിക്കുന്ന മാനസികാസ്വാസ്ഥ്യം നേരിടുന്ന യുവതിയാണ് ഭര്‍ത്താവിനെ കൊലപ്പെടുത്തി അഞ്ചുദിവസത്തോളം വീട്ടിനകത്ത് സൂക്ഷിച്ചത്. മൃതദേഹത്തില്‍ നിന്ന് ദുര്‍ഗന്ധം വമിച്ചതിനെ തുടര്‍ന്ന് സമീപവാസികള്‍ പരാതിപ്പെട്ടതോടെയാണ് സംഭവം പുറംലോകമറിയുന്നത്.
ആളെ കാണാതായതോടെ പരാതിയുമായി അയല്‍വാസികള്‍: മങ്കോവിലെ സുഭാഷ് കോളനിയിലെ മൂന്നാം നമ്പര്‍ റോഡില്‍ താമസിക്കുന്ന റിയല്‍ എസ്‌റ്റേറ്റ് ബിസിനസുകാരനായ അമര്‍നാഥ് സിങിനെയാണ് ഭാര്യ മീര കൊലപ്പെടുത്തിയത്. അമര്‍നാഥിനെ കുറച്ചുദിവസങ്ങളായി കാണാതായതോടെ അയല്‍വാസികള്‍ ഭാര്യയോട് അന്വേഷിച്ചു. എന്നാല്‍ ഇവരോട് മറുപടി നല്‍കുന്നതിന് പകരം ഭാര്യ മീര അയല്‍വാസികളെ ഓടിച്ചുവിടുകയായിരുന്നു. വീട്ടിലേക്ക് ആരും കടന്നുവരാതിരിക്കാനായി ഇവര്‍ വീടിന്‍റെ വേലിയില്‍ കറണ്ട് കണക്ഷനുമെത്തിച്ചു. ഇതോടെ സമീപവാസികളില്‍ സംശയമുദിക്കുകയായിരുന്നു. ഇവര്‍ ഉടനെ തന്നെ പൂനെയില്‍ താമസിക്കുന്ന ഇവരുടെ മകനെ വിവരമറിയിക്കുകയും ചെയ്‌തു.
കൊല്ലപ്പെട്ട അമര്‍നാഥ് സിങ് സംഭവത്തിന്‍റെ നിജസ്ഥിതി മനസിലാക്കാന്‍ അയല്‍വാസികള്‍ ചേര്‍ന്ന് സമീപത്തെ ട്രാന്‍സ്‌ഫോര്‍മറില്‍ നിന്ന് ഫ്യൂസ് ഊരിവച്ച് ഇവരുടെ വീട്ടിലേക്ക് കടന്നുചെന്നപ്പോഴാണ് അമര്‍നാഥ് സിങിന്‍റെ മൃതദേഹം വീട്ടിനകത്ത് കത്തിക്കരിഞ്ഞ നിലയില്‍ കണ്ടെത്തിയത്. ഈസമയം അമര്‍നാഥ് സിങിന്‍റെ മകന്‍ പൊലീസിനെ വിവരമറിയിക്കുകയായിരുന്നു. ഉടന്‍ തന്നെ പൊലീസെത്തി മീരയെ കസ്‌റ്റഡിയിലെടുത്തു. അമര്‍നാഥിന്‍റെ മൃതദേഹം പോസ്‌റ്റ്‌മോര്‍ട്ടത്തിനായി എംജിഎം ആശുപത്രിയിലേക്കും മാറ്റി.
പിടിവീണത് 'പതിവ് വഴക്ക്' കാണാതായതോടെ: മീര മാനസികാസ്വാസ്ഥ്യങ്ങള്‍ നേരിടുന്ന യുവതിയാണെന്നും ഇതിനാല്‍ തന്നെ നിരന്തരം ഇവര്‍ ഭര്‍ത്താവുമായി വഴക്കിലേര്‍പ്പെടുമായിരുന്നുവെന്നും അയല്‍വാസികള്‍ പറയുന്നു. വഴക്കിനെ തുടര്‍ന്ന് വീട്ടുപകരണങ്ങള്‍ വരെ വലിച്ചെറിയാറുള്ള ഇവരെ സമീപവാസികള്‍ എത്തിയാണ് ശാന്തരാക്കാറുള്ളത്. എന്നാല്‍ കഴിഞ്ഞ കുറച്ചുദിവസങ്ങളായി വീട്ടുപരിസരത്ത് നിന്ന് കലഹങ്ങളൊന്നും തന്നെ ഇല്ലാതായതോടെ അയല്‍വാസികള്‍ അമര്‍നാഥ് എവിടെയാണെന്ന് അന്വേഷിക്കുകയായിരുന്നു. എന്നാല്‍ സംഭവത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്തുവരാനുണ്ടെന്ന് പൊലീസ് അറിയിച്ചു.
കൊല്ലപ്പെട്ട അമര്‍നാഥ് സിങ് ഉപേക്ഷിക്കാന്‍ ശ്രമിച്ചു, പിടിയിലായി: അതേസമയം ഇക്കഴിഞ്ഞ മാര്‍ച്ച് ആറിന് ബിഹാറിലെ ബന്‍കയില്‍ ഭാര്യയെ കൊലപ്പെടുത്തിയ ശേഷം മൃതശരീരം രഹസ്യമായി ഉപേക്ഷിക്കുന്നതിനിടെ ഭര്‍ത്താവിനെ സമീപവാസികള്‍ പിടികൂടിയിരുന്നു. സഞ്ജയ് ദാസ് എന്ന പ്രതി ഭാര്യയെ കൊലപ്പെടുത്തി മൃതദേഹം ഉപേക്ഷിക്കാനായി അത് ഇരുചക്ര വാഹനത്തില്‍ കൊണ്ടുപോകുന്നതിനിടെയാണ് നാട്ടുകാര്‍ പിടികൂടുന്നത്. എന്നാല്‍ ഇവരില്‍ നിന്ന് രക്ഷപ്പെടാനായി ബൈക്കിന്‍റെ വേഗത വര്‍ധിപ്പിച്ച ഇയാള്‍ ഒടുവില്‍ പൊലീസ് സ്‌റ്റേഷനില്‍ ചെന്നെത്തുകയായിരുന്നു.
പദ്ധതി പാളി, അഴിയിലായി:സംഭവത്തില്‍ സഞ്ജയിനെ ഉടന്‍ തന്നെ പൊലീസ് അറസ്‌റ്റ് ചെയ്‌തിരുന്നു. തുടര്‍ന്ന് നടത്തിയ ചോദ്യം ചെയ്യലില്‍ അനന്തരവന്‍ സുജല്‍ ദാസ് ഇയാളെ കൊലപാതകത്തില്‍ സഹായിച്ചതായി പൊലീസ് കണ്ടെത്തി. ഇതോടെ സുജല്‍ ദാസിന്‍റെ അറസ്‌റ്റും പൊലീസ് രേഖപ്പെടുത്തിയിരുന്നു. ഭാര്യയെ കൊലപ്പെടുത്തിയ ശേഷം തൂങ്ങിമരണമാണെന്ന് വരുത്തിതീര്‍ക്കാന്‍ മൃതദേഹം കെട്ടിത്തൂക്കാനായിരുന്നു സഞ്‌ജയിന്‍റെയും സുജലിന്‍റെയും പദ്ധതി. എന്നാല്‍ ഈ ശ്രമം പരാജയപ്പെട്ടതോടെ ഇയാള്‍ മൃതദേഹം ഉപേക്ഷിക്കാന്‍ തീരുമാനിക്കുകയായിരുന്നു.